സൗദി അറേബ്യയും കേരളത്തിലെ അറബ് വത്കരണവും

Glint staff
Mon, 26-03-2018 06:45:30 PM ;

Mohammad Bin Salman Al Saud, purdah women

കഴിഞ്ഞ ഒന്നര ദശാബ്ദമായിട്ടാണ് പര്‍ദ്ദധാരികളായ സ്ത്രീകളെ കേരളത്തില്‍ വ്യാപകമായി കണ്ടു തുടങ്ങിയത്. ഒപ്പം തന്നെ തീവ്രമായ മതാചാരങ്ങളിലേക്കും മുസ്ലീം സമുദായത്തെ ഒരു ന്യുനപക്ഷം നയിച്ചുകൊണ്ടു പോയി. ഇത് മിതവാദികളെയും പൊതുസമൂഹവുമായി ഇഴുകി ജീവിച്ചു പോന്ന മുസ്ലീം സമുദായാംഗങ്ങളെയും ബുദ്ധിമുട്ടിലാക്കി. ഈ മാറ്റത്തില്‍ പൊതുസമൂഹത്തിനോട് ചേര്‍ന്നു നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ മുസ്ലീംലീഗിന് നിലനില്‍പ്പ് ഭീഷണി പോലും നേരിടുന്ന ഘട്ടമുണ്ടായി. ഒടുവില്‍ മുസ്ലീംലീഗിനു പോലും ഒരു പരിധിവരെ അറബ് വത്ക്കരണ ശീലങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു. അവരിന്ന് നോക്കിയും കണ്ടും മാത്രമേ ഈ വിഷയങ്ങളില്‍ പ്രതികരിക്കുന്നുള്ളൂ.
 
    

മുസ്ലീം സമുദായത്തിലെ അറബ്‌വത്കരണ ശ്രമങ്ങള്‍ ഇപ്പോഴും ശക്തിയായി തുടരുകയാണ്. ആ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഫറൂക്ക് കോളേജില്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ഇതിനുദാഹരണ്. വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുക, ഷാളിടാത്ത വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിക്കുക, ഇസ്ലാമിന്റെ പേരില്‍ മുസ്ലീം സമുദായത്തില്‍ തന്നെയുള്ള വിദ്യാര്‍ത്ഥികളുടെ നേര്‍ക്കാണ് ഈ അതിക്രമങ്ങളൊക്കെ നടന്നത്. അറബ് വത്കരണത്തിനെതിരെ മുസ്ലീം സമുദായത്തില്‍ നിന്നു തന്നെ, വിശേഷിച്ചും പുതു തലമുറയുടെ ഭാഗത്ത് നിന്ന് കലാപക്കൊടി ഉയരുതിന്റെ ലക്ഷണങ്ങള്‍ പലയിടത്തും തലപൊക്കിത്തുടുങ്ങിയിട്ടുണ്ട്. അതിനെ എന്തു വിലകൊടുത്തും തുടക്കത്തിലേ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശ്യവും ഇത്തരം നടപടികള്‍ക്ക് പിന്നിലുണ്ടാകും.
          

 

കവി റഫീക് അഹമ്മദ് അടുത്തിടെ പറഞ്ഞതുപോലെ മനോഹരമായ തട്ടവുമിട്ട് പൊതുസമൂഹത്തിനോട് ഇഴുകിച്ചേര്‍ന്ന് നടന്നിരുന്ന മുസ്ലീം സമുദായത്തിലെ അംഗങ്ങളാണ് അറബ് വത്കരണത്തിലൂടെ പെട്ടെന്ന് പൊതുസമൂഹത്തില്‍ നിന്ന് വേഷത്തിലൂടെ വേറിട്ടവരായത്. കേരളത്തിലെ ഉഷ്ണവും വിങ്ങലുമുള്ള കാലാവസ്ഥയക്ക് തെല്ലും യോജ്യവുമല്ല ഈ കറുത്ത പര്‍ദ്ദ. തീവണ്ടികളില്‍ പര്‍ദ്ദ ധരിച്ച് കയറുന്നവര്‍ തീവണ്ടി വിട്ടാല്‍ ടോയിലറ്റില്‍ പോയി പര്‍ദ്ദ ഊരി ബാഗില്‍ വച്ചിട്ട് യാത്ര തുടരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. അവര്‍ തിരിച്ചിറങ്ങാറാകുമ്പോള്‍ വീണ്ടും പര്‍ദ്ദ ധരിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് പേടിയാണ് അവരെ പര്‍ദ്ദയിടീക്കുന്നത് എന്നാണ്. വേഷം ,വീട്ടില്‍ നിന്നാണെങ്കില്‍ പോലും അടിച്ചേല്‍പ്പിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് ഒരു ജനയാത്ത രാജ്യത്തിന് ചേരുന്ന നടപടിയല്ല. ഇന്ത്യയുടെ ഭരണഘടന ഒരു വിവേചനവുമില്ലാതെയാണ് സ്ത്രീയ്ക്കും പുരുഷനും ഒരേ പോലെ പൗരസ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നത്.  സമുദായത്തിലെ ഒരു വിഭാഗം പുരുഷന്മാരുടെ ശാഠ്യമാണ് പര്‍ദ്ദ വേഷത്തിനു പിന്നുലുള്ളത്. മാത്രമല്ല തീവ്രവാദ ചായ്‌വുള്ളവര്‍ക്ക് ഈ അറബ് വത്ക്കരണം അനുകൂല പശ്ചാത്തലസാഹചര്യവും ഒരുക്കിക്കൊടുക്കുന്നുണ്ട്.
       

 

അറബ്  വത്കരണത്തിലൂടെ നേടാന്‍ കഴിയുന്നത് ശക്തിയല്ല. മറിച്ച് ദൗര്‍ബല്യമാണ് അവര്‍ ഏറ്റുവാങ്ങുന്നത്.  എല്ലാ സമുദായാംഗങ്ങളുമായി സ്‌നേഹ സഹകരണങ്ങളോടെയുളള ഇടപഴകലാണ് കേരളത്തിന് അനുയോജ്യമായ പെരുമാറ്റ രീതി. പര്‍ദ്ദായുഗത്തില്‍, ഇപ്പോഴും അതു തകര്‍ന്നിട്ടില്ല. അതിനെ തകര്‍ക്കാനുളള ബോധപൂര്‍വ്വമായ ശ്രമമാണ് കുറച്ചാളുകള്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുക. തെല്ലും സാംസ്‌കാരികത പുലര്‍ത്താത്ത പ്രസ്താവനകളെ ഇസ്ലാമിന്റെ പേരില്‍ പ്രചരിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നത്. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ കൃതിയാണ് ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം. ആ കൃതിക്കെതിരെ സാഹിത്യമെന്തെന്നറിയാത്ത ഒരു പ്രഭാഷകന്‍ ആക്രോശിക്കുന്ന വീഡിയോ ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ കറങ്ങുകയാണ്. അച്ഛന്റെ രണ്ടാം ഭാര്യയായ ഇളയമ്മയെ ലൈംഗികമായി പ്രാപിക്കുന്ന ആഭാസം പടച്ചു വച്ചിരിക്കുന്നതാണ് ഖസാക്കിന്റെ ഇതിഹാസമെന്ന്. അതുപോലെ എം.ടി.വാസുദേവന്‍ നായര്‍, മൊയ്തു പടിയത്ത്, തകഴി എന്നിവരുടെയൊക്കെ നോവലുകള്‍ ആഭാസം നിറഞ്ഞതാണെന്നാണ് ആ പ്രഭാഷകന്റെ കണ്ടെത്തല്‍. ആധികാരികമായാണ് അയാള്‍ അതാവര്‍ത്തിക്കുന്നത്. ആ പ്രഭാഷകന്റെ സമീപനത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഫറൂക്ക് കോളേജില്‍ അരങ്ങേറിയ സംഭവങ്ങളും.
     

 

മതം വികാരത്തിലൂടെയല്ല സഞ്ചരിക്കേണ്ടത്. അതു വിചാരത്തിനുള്ളതാണ്. ജീവിതം കൂടുതല്‍ അര്‍ത്ഥവത്താക്കുന്നതിനും ഭംഗിയുള്ളതാക്കുന്നതിനും ലയത്തിനും വേണ്ടിയുമുള്ളതാകണം മതം. ഇസ്ലാം മതത്തിന്റെ സൗന്ദര്യവും അതാണ്. എന്നാല്‍ ലയത്തിനു പകരം ഓരോ നിമിഷവും ഘര്‍ഷണത്തിന്റെ മുഹൂര്‍ത്തങ്ങളാണ് ഇക്കൂട്ടര്‍ സ്വീകരിക്കുന്നത്. ഇത് കേരളത്തിലെ പൊതു അന്തരീക്ഷത്തെ അസ്വസ്ഥമാക്കിത്തുടങ്ങിക്കഴിഞ്ഞു. മറ്റ് മതങ്ങളുടെ കാര്യത്തിലേക്ക് കടക്കുന്നില്ല. മുസ്ലീംങ്ങളുടെ പുണ്യസ്ഥാനമാണ് മെക്ക. ആ മെക്ക സൗദി അറേബ്യയിലാണ്. തിരുഗേഹങ്ങളുടെ കാവല്‍ക്കാരന്‍ കൂടിയാണ് സൗദി രാജാവ്. അതിനാല്‍ സൗദി അറേബ്യയെ കഴിഞ്ഞേ ഏതു മുസ്ലീം സമുദായവും വരുന്നുളളൂ. ആ സൗദി അറേബ്യ അശാസ്ത്രീയവും അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതുമായ ആചാരങ്ങളെ വലിച്ചെറിയാന്‍ ഇപ്പോള്‍ തയ്യാറായിരിക്കുന്നു. ഏറ്റവുമൊടുവില്‍ സൗദി കിരീടാവകാശി പറഞ്ഞിരിക്കുന്നു, സ്ത്രീകളും പുരുഷന്മാരും സമൂഹത്തില്‍ തുല്യരാണെന്നും സ്ത്രീകള്‍ പര്‍ദ്ദയോ ശിരോവസ്ത്രമോ ധരിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും. സ്ത്രീയായാലും പുരുഷനായാലും ധരിക്കുന്ന വസ്ത്രം മാന്യമായിരിക്കണമെന്നു മാത്രമാണ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖുറാനെ സാക്ഷ്യം നിര്‍ത്തി പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ക്ക് സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന കിരീടാവകാശിയുടെ പ്രഖ്യാപനം ഏറ്റവും പ്രസക്തമാക്കുന്നത് നിര്‍ബന്ധപൂര്‍വ്വം അവരെക്കൊണ്ട് പര്‍ദ്ദയിടീക്കുന്ന കേരളത്തിലെ മുസ്ലീം സമൂദായത്തിലെ തീവ്രമത ചിന്ത പുലര്‍ത്തുന്ന പുരുഷന്മാരെയാണ്.  തിരുഗേഹങ്ങളുടെ കാവല്‍ക്കാര്‍ക്കില്ലാത്ത ആചാരങ്ങള്‍ എന്തുകൊണ്ടായാലും കേരളത്തിലെ മുസ്ലീം വനിതകള്‍ക്ക് വേണമെന്നു പറയുന്നതില്‍ സാമാന്യയുക്തി പോലുമില്ല.
      

 

സൗദിയുടെ മാറ്റം വലിയ ചുവരെഴുത്താണ്. അതു കേരളത്തിലെ  മുസ്ലീം പൗരോഹിത്യ വിഭാഗവും മതത്തെ വികാരമായി എടുത്തിട്ടുള്ളവരും വായിക്കേണ്ടതാണ്. അല്ലെങ്കില്‍ അവര്‍ക്കു പോലും തടുത്തു നിര്‍ത്താനാകാത്ത പൊട്ടിത്തെറികള്‍ സമുദായത്തിനുള്ളില്‍ നിന്നു തന്നെ ഉണ്ടാകും. അത് ആശാസ്യമായ ഒന്നല്ല. മതം ഒരു സുപ്രഭാതത്തില്‍ എടുത്തെറിയാനുളളതല്ല. വ്യക്തിശുദ്ധിയിലൂടെ സമൂഹ മേന്മ തന്നെയാണ് സാഹോദര്യത്തിനു മുന്‍തൂക്കം നല്‍ക്കുന്ന ഇസ്ലാം മതത്തിന്റെയും ലക്ഷ്യം. പൊട്ടിത്തെറികള്‍ സംഭവിക്കുമ്പോള്‍ മതത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള പരിഷ്‌ക്കാരങ്ങള്‍ അസാധ്യമാകും. കേരളത്തിലെ മത പുരോഹിതരുള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് സൗദി അറേബ്യയെയാണ്. (തുടരും)
 

 

Tags: