സി.പി.എം മലയാളികളോട് പുലര്‍ത്തേണ്ട ഉത്തരവാദിത്വം

Glint Staff
Wed, 03-04-2019 07:45:45 PM ;

പ്രളയകാരണം ഡാം മനേജ്‌മെന്റില്‍ വന്ന പാളിച്ചയാണെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ഒരു മധ്യമപ്രവര്‍ത്തക പ്രതികരണം ആരാഞ്ഞപ്പോള്‍ വിദ്യുച്ഛക്തി വകുപ്പ് മന്ത്രി എം.എം മണിയുടെ ഭാഗത്ത് നിന്നുണ്ടായ പരുമാറ്റമാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നു ഡാം മാനേജ്‌മെന്റില്‍ സംഭവച്ച വീഴ്ചയാണ് സംസ്ഥാനത്തുണ്ടായ പ്രളയത്തിന് കാരണം എന്ന്. ഈ വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡാം മാനേജ്‌മെന്റ് വൈദ്യതി വകുപ്പുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടു തന്നെ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് വൈദ്യതി ബോര്‍ഡും വകുപ്പു മന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ്.

 

ആധുനിക ലോകത്ത് ഏറ്റവും കൂടുതല്‍ വിപ്ലവവും മാറ്റവും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഊര്‍ജ്ജ രംഗത്താണ്. ആ മാറ്റത്തിനനുസരിച്ച് നാടിനെ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഏറ്റവും കഴിവുറ്റ ഒുരു മന്ത്രിയെയാണ് കേരളത്തിനാവശ്യം. പുതിയ ഊര്‍ജ്ജ സങ്കേതങ്ങളെ പരിചയപ്പെടുത്താനും നടപ്പിലാക്കാനും ഒക്കെ കഴിവുള്ള മന്ത്രിയെ.എന്നാല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയും പ്രത്യേകിച്ച് സി.പി.എമ്മും കേരളത്തിന് സമ്മാനിച്ചിരിക്കുന്നത് മലയാളിയുടെ ധാര്‍മ്മികതയെ വെല്ലുവിളിക്കുന്ന വ്യക്തിയെയാണ്. എം.എം മണി നടത്തിയ കൊലവിളി പ്രസംഗം മലയാളിക്ക് മുമ്പില്‍ ഓരു ഞെട്ടലായി ഇപ്പോഴും നിലനില്‍ക്കുന്നു. ആ വ്യക്തിയെയാണ് സി.പി.എം  മന്ത്രിയാക്കിയത്. മന്ത്രിയായ ശേഷവും ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹം ആവര്‍ത്തിച്ചു. അവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

 

കാണുന്നവരിലും കേള്‍ക്കുന്നവരിലും അറപ്പും ബഹുമാനക്കുറവും ഉണ്ടാക്കുന്ന തരത്തിലുള്ള അംഗവിക്ഷേപങ്ങളോടും സ്വരഭേദങ്ങളോടുമൊക്കെയാണ് മണിയുടെ മിക്കവാറുമുള്ള സംസാരം. ഒരു മന്ത്രി എന്ന നിലയില്‍ അത് അഭിലഷണീയമല്ല. ഇത് സമൂഹത്തിന്റെ തന്നെ ഭാവുകത്വത്തെ വെല്ലുവിളിക്കുന്നതാണ്. കാരണം സംസ്ഥാനത്തെ ഒരു മന്ത്രിയുടെ നിലാവാരം ഇതാണെന്നുണ്ടെങ്കില്‍ ആ നിലവാരത്തെ അനുയായികളോ മറ്റാരെങ്കിലുമോ മാനദണ്ഡമാക്കി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ അത് വ്യക്തികളിലും സമൂഹത്തിലുമുണ്ടാക്കുന്ന വിനാശകരമായിമായ പ്രത്യാഘാതം ആലോചിക്കാവുന്നതാണ്.

 

ഇത്തരത്തില്‍ വൈകൃതം വെച്ചുപുലര്‍ത്തുന്ന വ്യക്തിയെ ജനങ്ങള്‍ക്കുമേല്‍ സി.പി.എം അടിച്ചേല്‍പ്പിക്കുന്നത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. മാത്രവുമല്ല മണിയുടെ നടപടികളെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മറ്റ് മന്ത്രിമാരും സി.പി.എം നേതാക്കളും നാടന്‍ ശൈലി എന്ന് പറഞ്ഞ് നിസ്സാര വത്കരിക്കുകയും ചെയ്യുകയാണ്. സമൂഹത്തില്‍ അഭിലഷണീയമല്ലാത്ത പെരുമാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ നിസ്സാരവത്കരിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്നത് അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നത് തന്നെയാണ്. ചുരുങ്ങിയ പക്ഷം മലയാളിയുടെ ഭാവുകത്വത്തെയും ധാര്‍മികതയെയും വൈകാരികതയെയും അന്തസ്സിനെയും വെല്ലുവിളിക്കാത്ത ഒരു മന്ത്രിയെ ലഭ്യമാക്കുന്നതിന് എല്‍.ഡി.എഫിനും സി.പി.എമ്മിനും ബാധ്യതയുണ്ട്.

 

 

 

 

 

 

 

 

 

Tags: