രമ്യ ഹരിദാസ് എന്തുകൊണ്ട് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നു?

Glint Staff
Tue, 02-04-2019 04:15:45 PM ;

ramya haridas

വയനാട്ടില്‍ നിന്നാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ കേരളത്തിലെ മൊത്തം 20 മണ്ഡലങ്ങില്‍ മത്സരിക്കുന്ന എല്ലാ പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളില്‍ വച്ച് സ്വന്തം മികവുകൊണ്ട് ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയ സ്ഥാനാര്‍ത്ഥിയാണ് അലത്തൂര്‍ നിയോജകമണ്ഡലത്തിലെ രമ്യ ഹരിദാസ്. തെളിഞ്ഞ ചിന്തയും ആര്‍ജ്ജവവും നേതൃപാടവവും സര്‍ഗാത്മകതയും സത്യസന്ധതയും എല്ലാം ഒരേസമയം പ്രസരിപ്പിക്കുന്നതാണ് രമ്യയുടെ സാന്നിധ്യം. ഇത് ഇതിനകം ആലത്തൂരില്‍ മത്രമല്ല, ആലത്തൂരിന് പുറത്തേക്കും പ്രസരിപ്പിക്കപ്പെട്ട് കഴിഞ്ഞു.ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നാണെങ്കിലും കേരള സമൂഹത്തില്‍ ഇങ്ങനെയൊരു വനിതാ നേതാവ് ഉയര്‍ന്ന് വരുന്നത് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.

 

സ്വാഭാവികമായും തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ത്ഥിയും മത്സരിക്കുന്നത് ജയിക്കാന്‍ വേണ്ടിയാണ്. ആലത്തൂര്‍ മണ്ഡലം സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണ്. ആ ശക്തികേന്ദ്രത്തിന് രമ്യ വലിയ ഇളക്കം വരുത്തുന്നു എന്ന ഭീതിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനെ രമ്യക്കെതിരെ മറ്റുള്ളവരില്‍ അവജ്ഞ ഉളവാക്കുന്ന രീതിയില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്.ഒന്നിലധികം തവണ പാര്‍ലമെന്‍് അംഗമായിരുന്ന വിജയരാഘവന്‍ കുറേ കൂടി സമചിത്തത പാലിക്കേണ്ടിയിരുന്നു. ചുരുങ്ങിയപക്ഷം രമ്യാ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ശൈലിയിലേക്കെങ്കിലും നോക്കേണ്ടതായിരുന്നു. കാരണം എതിരാളിയുടെ ദോഷങ്ങളോ കുറവുകളോ ഉയര്‍ത്തിക്കാട്ടി മോശമാക്കിക്കൊണ്ടല്ല രമ്യ മുന്നേറുന്നത്. മറിച്ച് തനിക്ക് പറയാനുള്ളതെല്ലാം കഥകളിലൂടെയും പാട്ടിലൂടെയും സ്‌നേഹ സംഭാഷണങ്ങിളിലൂടെയും ഉയര്‍ത്തിക്കാട്ടിക്കൊണ്ടാണ്. അവരുടെ നാവില്‍ നിന്നുള്ള ഭാഷയായാലും ശരീര ഭാഷയായാലും സ്‌നേഹത്തിന്റെയും പ്രസരിപ്പിന്റെയുമാണ്. അതാണ് ആലത്തൂരില്‍ ചലനമുണ്ടാക്കിയിരിക്കുന്നത്.

 

വീക്ഷണം പോലും ശത്രുതയിലും വിദ്വേഷത്തിലും ആധാരമാക്കിയിട്ടുള്ള വിജയരാഘവന് അത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എതിരാളിയെ ചെറുതാക്കിക്കൊണ്ടല്ല ഉയര്‍ച്ച കാണിക്കേണ്ടത്. അത് ഭീരുത്വമാണ്. ധൈര്യത്തിന്റെ സ്ഫുരണത്തിന് മുന്നില്‍ ഭീരുത്വത്തിന് നിലനില്‍പ്പുണ്ടാകില്ല. രമ്യ ഹരിദാസില്‍ നിന്ന് ആലത്തൂരും കേരളവും അറിയുന്നത് സ്‌നേഹത്തിന്റെ ധൈര്യത്തിന്റെയും സ്പര്‍ശങ്ങളാണ്.  

 

 

 

Tags: