ആര്‍ത്തവത്തിനും ഹര്‍ത്താലിനുമിടയില്‍ കേരളം

Web Desk
Wed, 26-12-2018 03:45:00 PM ;

govt-employees

 

കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് വാട്‌സാപ്പില്‍ പ്രചരിക്കുന്ന  ലേഖനമാണ് ചുവടെ

 

ആര്‍ത്തവത്തിനും ഹര്‍ത്താലിനുമിടയില്‍ കേരളം ചര്‍ച്ച ചെയ്യപ്പെടാതെ പോവുന്ന വിഷയങ്ങള്‍ കേരളത്തെ ഒരു മഹാദുരന്തത്തിലേക്കാണ് നയിക്കുന്നത്. കേരള ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രം വരുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും സംരക്ഷിക്കാനുള്ള ചിലവ് കേരളത്തിലെ റവന്യൂ വരുമാനത്തെയും മറികടന്നുവെന്ന കാര്യം ആരും അറിയുന്നില്ല. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഉദ്യോഗസ്ഥരുടെ ശമ്പളത്തിന് ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 43 ശതമാനം ആയിരുന്നുവെങ്കില്‍ പെന്‍ഷന് ചിലവഴിച്ചത് 27 ശതമാനമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യം വകയില്‍ ചിലവായത് 1 ശതമാനവുമാണ്.

 

വാര്‍ഡ് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയുള്ളവരെയുള്ള 21970 ജനപ്രതിനിധികളേയും അവരുടെ കുടുംബത്തെയും ആശ്രിതരേയും സംരക്ഷിക്കാന്‍ ചിലവഴിച്ചത് റവന്യൂ വരുമാനത്തിന്റെ 10 ശതമാനമാണ്. എ.ഡി.ബി.യില്‍ നിന്നും ലോക ബാങ്കില്‍ നിന്നും കടം വാങ്ങിയതിന്റെ പലിശ തിരിച്ചടച്ചത് 22%. അതായത് സര്‍ക്കാര്‍ ഖജനാവിലേക്ക് 100 രൂപ കിട്ടുമ്പോള്‍ ഈ മൂന്ന് ശതമാനത്തെ തീറ്റിപ്പോറ്റാന്‍ വേണ്ടി സംസ്ഥാനം ചിലവഴിക്കുന്നത് 103 രൂപ !

 

ഈ മൂന്ന് ശതമാനം ജനങ്ങള്‍ക്ക് മാത്രം വേണ്ടി 97 ശതമാനം ജനങ്ങള്‍ നികുതി നല്‍കണമോ ?

 

10 വര്‍ഷം മുമ്പ് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരന്റെ ശരാശരി മാസശമ്പളം 12,546 രൂപയായിരുന്നുവെങ്കില്‍ ഇന്ന് അത് 53,663 രൂപയിലേക്ക് ഉയര്‍ന്നപ്പോള്‍ പ്രതിമാസ ശരാശരി പെന്‍ഷന്‍ 7801 രൂപയില്‍ നിന്ന് 41,800 രൂപയിലെത്തിയപ്പോള്‍ കേരളത്തിന്റെ പൊതുകടം കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 55,410 കോടിയില്‍ നിന്ന് 2,10,883 കോടിയിലേക്ക് ഉയര്‍ന്ന് കടബാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. ഇന്ന് ഈ സംസ്ഥാനത്ത് ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും 79,000/- രൂപയുടെ കടക്കാരനായിട്ടാണ് ജനിക്കുന്നത്.

 

കടം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കേരളത്തിന്റെ റിസ്‌ക്ക് റേറ്റിംഗ് വളരെ മോശമായതുകൊണ്ടു, മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ചു ഇരട്ടിയെലേറെ പലിശ ഈ കടങ്ങള്‍ക്കു കൊടുക്കേണ്ടിവരുന്നു . പലിശ കൊടുക്കുന്നത് മിക്കവാറും അന്താരാഷ്ട്ര കരാറുകള്‍ പ്രകാരം ഡോളര്‍ അടിസ്ഥനത്തില്‍ എടുത്ത കടങ്ങള്‍ ആയതിനാല്‍ രൂപയുടെ മൂല്യം അടിക്കടി കുറയുന്നത് കൂടി കണക്കാക്കിയാല്‍ കൊള്ള പലിശക്കാരെ പിടിക്കാന്‍ സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന കുബേര നിയമത്തില്‍ സര്‍ക്കാര്‍തന്നെ പ്രതിയാകും.

 

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നാട്ടുരാജാക്കന്മാരെയും കുറെ ശുപ്പാണ്ടികളെയും നിര്‍ത്തി നികുതി പിരിച്ചു നമ്മളെ ഭരിച്ചിരുന്നതിനേക്കാളും ഭയാനകമായ ഒരു വ്യവസ്ഥിതി ഇവിടെ ഉദ്യോഗസ്ഥ മേധാവിത്വത്തിലൂടെ കുത്തക സാമ്രാജ്യത്ത്വ രാജ്യങ്ങള്‍ സൃഷ്ടിച്ചെടുത്തിരിക്കുകയാണ് . ലോകത്തു മറ്റെങ്ങും ലഭിക്കാത്ത പലിശ വരുമാനം സ്ഥിരമായി കേരളത്തില്‍ നിന്നും adb , വേള്‍ഡ് ബാങ്ക് , imf എന്നീ ആഗോള ബാങ്കിങ് സംവിധാനങ്ങളിലൂടെ കേരളത്തില്‍ നിന്നും അവര്‍ കൊയ്യുകയാണ് . കേരളത്തിലെ എല്ലാ ജനങ്ങളെയും ഈടു വെച്ചാണ് ഇവര്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം തിന്നു കൊഴുക്കാന്‍ കടം നല്‍കുന്നത്. മുന്‍പെങ്ങും ലോകം കണ്ടിട്ടില്ലാത്ത സാമ്രാജ്യത്ത അടിമത്തത്തിലേക്കു നമ്മളെ ഇവര്‍ തള്ളി വിടുന്നു.

 

എല്ലാ സര്‍വീസ് മേഖലകളിലും അടിക്കടി നിലവാര തകര്‍ച്ച നേരിടുകയാണ്. എല്ലാവരെയുംജയിപ്പിച്ചുവിടുന്ന നമ്മുടെ സര്‍ക്കാര്‍ വിദ്യാഭ്യാസ രീതിയില്‍ അധ്യാപകര്‍ വളരെ സന്തുഷ്ടരാണ്. അനന്തരഫലം രൂക്ഷമായ തൊഴിലിലായ്മയും . കേരളത്തിനുപുറത്ത് നമ്മുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വിലയും ഇല്ലാത്ത അവസ്ഥ .

 

സോഷ്യലിസമെന്ന വാക്ക് ആമുഖത്തില്‍ ആലേഖനം ചെയ്ത ഭരണഘടനയുള്ള രാജ്യത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഭയാനകമായ രീതിയിലാണ് വര്‍ദ്ധിക്കുന്നത്. ഒരു രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളും ഒരേ ജീവിത നിലവാരത്തില്‍ ജീവിക്കുന്ന വ്യവസ്ഥിതിയെയാണല്ലോ സോഷ്യലിസം കൊണ്ട് അര്‍ത്ഥമാക്കുന്നത്. നമ്മുടെ രാജ്യത്തെ കര്‍ഷകരുടെ അവസ്ഥ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കി കണാന്‍ ശ്രമിച്ചാല്‍ രാജ്യത്ത് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജനസമൂഹത്തിലും താഴെയാണ് കര്‍ഷകന്റെ ജീവിത നിലവാരം എന്ന് കാണാം. സംസ്ഥാനത്തെ സാധാരണക്കാരന്റെ അവസ്ഥ അതിലും ദയനീയമായി കൊണ്ടിരിക്കുകയാണ് 10 വര്‍ഷം മുമ്പ് കര്‍ഷകന് നല്‍കിയ പെന്‍ഷന്‍ 500 രൂപ. അന്ന് സര്‍വ്വീസ് പെന്‍ഷനര്‍ക്ക് ലഭിച്ച പെന്‍ഷന്‍ 7801 രൂപ. പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് കര്‍ഷക പെന്‍ഷന്‍ 1100 രൂപയിലേക്ക് വര്‍ദ്ധിച്ചപ്പോള്‍ സര്‍വ്വീസ് പെന്‍ഷണറുടെ പെന്‍ഷന്‍ 41,800 രൂപയിലേക്കാണ് വര്‍ദ്ധിച്ചത്. കര്‍ഷകന് അതും ആണ്ടിനും ശങ്കരാന്തിക്കും കിട്ടിയാല്‍ കിട്ടി.

 

ഒരു പുരുഷായുസ്സിനിടയില്‍ ടണ്‍ കണക്കിന് ഭക്ഷ്യധാന്യമുണ്ടാക്കി സമൂഹത്തിന്റെ വിശപ്പ് അകറ്റിയവന്‍. നൂറ് കണക്കിന് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കിയവന്‍. രാജ്യത്തിന്റെ നട്ടെല്ലെന്ന് ഗാന്ധിജി വിശേഷിപ്പിച്ച കര്‍ഷകന് ജീവിത സായാഹ്നത്തില്‍ ലഭിച്ച വാര്‍ദ്ധക്യകാല പെന്‍ഷന്‍ പോലും ഇന്ന് സര്‍ക്കാര്‍ നിഷേധിച്ചു. കാരണം അവന്‍ കര്‍ഷക പെന്‍ഷന്‍ വാങ്ങിക്കുന്നു. ഇരട്ട പെന്‍ഷന്‍ പാടില്ല. ഫാനിനടിയിലും എയര്‍ കണ്ടീഷന്‍ മുറിയിലുമിരുന്ന് ജോലി ചെയ്ത് വിരമിച്ച ഒരു സര്‍ക്കാര്‍ ജീവനക്കാരന് അരലക്ഷം രൂപയോളം പെന്‍ഷന്‍ നല്‍കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്ന നാമമാത്ര പെന്‍ഷന്‍ പോലും നിരാകരിക്കുന്നു. അതിരാവിലെ തൊഴുത്തില്‍ പശുവിന്റെ ചവിട്ടും തൊഴിയും കൊണ്ട് ചാണകത്തിന്റെ ഗന്ധവുമായി ജീവിക്കുന്ന കര്‍ഷകന്‍ സൊസൈറ്റിയില്‍ പാല്‍ അളക്കുമ്പോള്‍ പിടിച്ച് വെക്കുന്ന അംശാദായം കൂട്ടി സൊസൈറ്റി അവന് നല്‍കുന്ന പെന്‍ഷന്റെ പേരില്‍ അവന്റെ കര്‍ഷക പെന്‍ഷന്‍ നിഷേധിക്കുന്നു. ഇരട്ട പെന്‍ഷന്‍ പാടില്ലായെന്ന ന്യായത്തില്‍. അതേ സമയം ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ വിരമിച്ച് ഒരു പശുവിനെ വാങ്ങിച്ച് പാല്‍ സൊസൈറ്റിയില്‍ നല്‍കുമ്പോള്‍ അദ്ദേഹം സൊസൈറ്റിയില്‍ നിന്നും പെന്‍ഷന്‍ വാങ്ങിക്കുമ്പോള്‍ ഇരട്ട പെന്‍ഷന്‍ എന്ന ന്യായം അദ്ദേഹത്തിന് ബാധകമല്ല !

 

ഇന്ത്യയിലെ ഏറ്റവും ചെറിയ ഒരു സംസ്ഥാനം ഏറ്റവും വലിയ കടബാധ്യതയുള്ള സംസ്ഥാനമായി മാറിയിരിക്കുന്നു. ഈ കടത്തിന്റെ പലിശ എങ്ങനെയാണ് അടയ്ക്കുക ? കിട്ടുന്ന തുക ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വീതം വെച്ച് എടുക്കുമ്പോള്‍ വായ്പയുടെ പലിശ അടയ്ക്കാന്‍ ജനങ്ങളുടെ തലയില്‍ വീണ്ടും നികുതിഭാരം അടിച്ചേല്‍പ്പിക്കപ്പെടും. അതായത് മൂന്ന് ശതമാനം വരുന്ന സംഘടിത വിഭാഗത്തിന് ആര്‍ഭാടമായും ആഡംബരത്തോടെയും ജീവിക്കാനാവിശ്യമായ പണം ഉണ്ടാക്കി നല്‍കേണ്ട ബാധ്യത സാധാരണക്കാരനാണ്. അതായത് പാവപ്പെട്ടവന്റെ രക്തം ഊറ്റി കുടിക്കുന്ന ഡ്രാക്കുളകളാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും.

ജനസംഖ്യയില്‍ 97 ശതമാനം വരുന്ന ജനതയുടെ കാര്യങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സര്‍ക്കാറിന്റെ കയ്യില്‍ ഒരു നയാ പൈസയും ഇല്ല.97 ശതമാനം ജനങ്ങള്‍ നല്‍കുന്ന പണത്തിലാണ് 3 ശതമാനം വരുന്ന സംഘടിത ശക്തി തടിച്ച് കൊഴുക്കുന്നത്. ഇവിടെ പൊതു വരുമാനം ഒരു ന്യൂനപക്ഷത്തിന്റെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. ഖജനാവില്‍ എത്തുന്ന പണത്തിന്റെ വലിയൊരു ഭാഗം ലോട്ടറിയില്‍ നിന്നും മദ്യത്തില്‍ നിന്നുമാണ്. ഇവ രണ്ടിന്റെയും ഉപഭോക്താക്കള്‍ സാധാരണ ജനങ്ങളും ഗുണഭോക്താക്കള്‍ ഉദ്യോഗസ്ഥരുമാണ്. അതായത് സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ട് വാരി സംഘടിതമായ ഒരു ശക്തിയെ സംരക്ഷിക്കുന്ന ഒരു ഏജന്റ് മാത്രമാണ് ഇന്ന് സര്‍ക്കാര്‍.

 

ഔദ്യോഗിക കണക്ക് അനുസരിച്ച് 26,850 സ്ത്രീകളാണ് ഇന്ന് കുടുംബം പുലര്‍ത്താനായി സ്വന്തം ശരീരം വിറ്റ് കേരളത്തില്‍ ജീവിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ 23,973 കര്‍ഷകരാണ് കടബാധ്യത കാരണം കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അപ്പോള്‍ എവിടെയാണ് സോഷ്യലിസം ? ആര്‍ക്കാണ് സോഷ്യലിസം ? സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം പൂര്‍ണ്ണമായും ജനസംഖ്യയില്‍ 3 ശതമാനം മാത്രം വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കപ്പെടുമ്പോള്‍ ജനസംഖ്യയിലെ 97 ശതമാനം ജനങ്ങള്‍ക്കും സര്‍ക്കാറില്‍ നിന്നും ഒന്നും ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

അതേസമയം സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്യപ്പെടുന്നത് കാര്‍ഷിക മേഖലയില്‍ നിന്നാണ് എന്നതാണ് വസ്തുത. അതു കൊണ്ട് തന്നെ ഭരണഘടന ഉറപ്പ് നല്‍കുന്ന സോല്യലിസം നടപ്പിലാവേണമെങ്കില്‍ സാര്‍വ്വത്രിക പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.

 

55 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും ജീവിക്കാനാവിശ്യമായ പെന്‍ഷന്‍ നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആണ്. കര്‍ഷകര്‍ എന്നോ കര്‍ഷക തൊഴിലാളി എന്നോ ഉദ്യോഗസ്ഥന്‍ എന്നോ വേര്‍തിരിവിന്റെ ആവിശ്യമില്ല. ജീവിക്കാന്‍ ആവശ്യമായതിലും കൂടിയ തുക ആര്‍ക്കും പെന്‍ഷന്‍ നല്‍കേണ്ടതില്ല. ബ്രാഹ്മണരെ തീറ്റിയതിന് ശേഷം മാത്രം മറ്റുള്ളവര്‍ക്ക് എന്നത് വര്‍ണ്ണാശ്രമ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണമായിരുന്നു. ഇന്നത്തെ കേരളത്തിലെ ബ്രാഹ്മണരാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും. അവരുടെ ഊണ് കഴിഞ്ഞ് മിച്ചം വരുന്നില്ലായെന്ന സത്യം ഉണ്ണുന്നവര്‍ ബോധപൂര്‍വ്വം മറക്കുന്നു. പക്ഷേ വിളമ്പുന്നവരെങ്കിലും അറിയണ്ടേ ?

 

പൊതുവരുമാനം പൂര്‍ണ്ണമായും ശമ്പളവും പെന്‍ഷനുമായി മൂന്ന് ശതമാനം ജനങ്ങളുടെ കീശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നതാണ് സംസ്ഥാനത്തെ ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള കാരണം. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമായി ലഭിക്കുന്ന തുകയുടെ 20 ശതമാനം മാത്രമാണ് പൊതുമാര്‍ക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ബാക്കി 80 ശതമാനവും സ്വര്‍ണ്ണത്തിലോ ഭൂമിയിലോ ഓഹരി വിപണിയിലോ ബാങ്കിലോ നിക്ഷേപിക്കപ്പെടുന്നു. അതു കൊണ്ട് പൊതുസമൂഹത്തിന് ഒന്നും ലഭിക്കുന്നില്ല. എന്നാല്‍ പൊതു വരുമാനം ആനുപാതികമായി എല്ലാ കുടുംബങ്ങളിലും എത്തിയാല്‍ അത് പൊതുമാര്‍ക്കറ്റിലേക്ക് ഇറങ്ങുകയും മാര്‍ക്കറ്റ് ചലിക്കുകയും അതുവഴി ഖജനാവില്‍ നിന്നും പുറത്തേക്ക് ഒഴുകിയ പണം തിരിച്ച് ഖജനാവിലേക്ക് തന്നെ എത്തും. കേരളം ഉടനെ സോഷ്യലിസ്റ്റ് സമ്പത് വ്യവസ്ഥയിലേക്ക് മാറിയില്ലായെങ്കില്‍ വരും തലമുറയെ കാത്തിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് കൂടി താരതമ്യം ചെയ്യുമ്പോള്‍ മാത്രമേ കേരളത്തിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് മനസ്സിലാവുകയുള്ളൂ.

 

കേരളം
ജനസംഖ്യ:3,33,97,677
ഉദ്യോഗസ്ഥര്‍: 5,11,075
പെന്‍ഷനേഴ്‌സ് :3,97,488
ശമ്പള ചിലവ്: 31,903.38 കോടി.(റവന്യൂ വരുമാനത്തിന്റെ 43 ശതമാനം)
പെന്‍ഷന്‍ ചിലവ്: 19938.40 കോടി.( റവന്യു വരുമാനത്തിന്റെ 27 ശതമാനം)
കടബാധ്യത: 2,10,8 83.15 കോടി

 

കര്‍ണാടക
ജനസംഖ്യ: 6,11,30,704
ഉദ്യോഗസ്ഥര്‍: 7,03,631
പെന്‍ഷനേഴ്സ്: 5,01,072
ശബള ചിലവ്: 17, 220 കോടി (റവന്യൂ വരുമാനത്തിന്റെ 20 ശതമാനം)
പെന്‍ഷന്‍ ചിലവ്: 7581 കോടി (റവന്യൂ വരുമാനത്തിന്റെ 9 ശതമാനം)
കടബാധ്യത: 1,14,401 കോടി.

 

ആന്ധ്ര
ജനസംഖ്യ: 8,45,80,777
ഉദ്യോഗസ്ഥര്‍: 10,77,101
പെന്‍ഷനേഴ്സ്: 5,66,286
ശബള ചിലവ്: 23,278 കോടി.( റവന്യൂ വരുമാനത്തിന്റെ 24 ശതമാനം)
പെന്‍ഷന്‍ ചിലവ്: 12,183 കോടി.( റവന്യു വരുമാനത്തിന്റെ 13 ശതമാനം)
കടബാധ്യത: 1,54,950 കോടി

(സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകള്‍ എല്ലാം)- തയ്യാറാക്കിയത് അഡ്വ.വി.ടി.പ്രദീപ് കുമാര്‍, 9947 243655

 

 

Tags: