എന്നാണിനി നമ്മള്‍ സുരക്ഷ പഠിക്കാന്‍ പോകുന്നത്?-മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി
Sat, 20-10-2018 12:15:45 PM ;

ചരിത്രത്തില്‍ നിന്നും പഠിച്ചില്ലെങ്കില്‍ ചരിത്രം ആവര്‍ത്തിക്കുമെന്നത് ഒരു പേരുകേട്ട ചൊല്ലാണ്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഇതു ശരിയാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ മൂന്ന് അപകടങ്ങളുണ്ടായി.

 

1. തൃശൂരുനിന്നും മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് പോയ ഒരു കുടുംബം അപകടത്തില്‍ പെട്ട് നാലുപേര്‍ മരിച്ചു. അതിരാവിലെയാണ് അപകടമുണ്ടായത്. രാത്രി യാത്രകള്‍ കൂടുതല്‍ അപകടകരമാണെന്ന് എത്രയോ തവണ പറഞ്ഞിരിക്കുന്നു, കണ്ടിരിക്കുന്നു. നമ്മള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല, പഠിക്കുന്നില്ല. എന്റെ വായനക്കാരെങ്കിലും ദയവുചെയ്ത് രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുന്‍പും സ്വകാര്യ വാഹനങ്ങളില്‍ ദൂരത്തേക്കുള്ള രാത്രി യാത്രകള്‍ ഒഴിവാക്കണം.

 

2. തൃത്താലയിലെ മുങ്ങി മരണം. മൂന്നു കൂട്ടികളെ കാണാതായി എന്നാണ് വായിച്ചത്. പിന്നെ ആ വാര്‍ത്ത കണ്ടത് കൂടിയില്ല. കുട്ടികള്‍ ബന്ധുവീട്ടില്‍ വിരുന്നു വന്നതായിരുന്നു എന്നും വായിച്ചു. എത്രയോ തവണ വായിച്ചിട്ടുള്ള സംഭവമാണ്. ബന്ധു വീട്, കുട്ടികള്‍, വെള്ളം, ഒന്നില്‍ കൂടുതല്‍ കുട്ടികളുടെ മരണം. പല തവണ പറഞ്ഞത് പോലെ തീയോ ഉയരമോ പോലെ  ജലം കുട്ടികള്‍ക്ക് ഒരു ആപത് സൂചനയും നല്‍കുന്നില്ല എന്ന് മാത്രമല്ല, മാടിവിളിക്കുകയും ചെയ്യും. വെള്ളത്തില്‍ പോയാല്‍ മരിക്കാന്‍ മിനുട്ടുകള്‍ മതി. മേല്‍നോട്ടമില്ലാതെ കുട്ടികളെ വെള്ളത്തിനടുത്തേക്ക് വിടരുത്. വീട്ടിലെ ബക്കറ്റില്‍ കുട്ടി മുങ്ങിമരിച്ചിട്ട് ഒരാഴ്ചയായിട്ടില്ല. അപ്പോള്‍ പുഴയോ കടലോ മാത്രമല്ല പ്രശ്‌നം, കുട്ടികളുടെ വലുപ്പവും കൂടിയാണ്. കുട്ടികളും വെള്ളവും അപകടകരമായ ഒരു കോമ്പിനേഷനാണെന്ന് എപ്പോഴും ഓര്‍ക്കുക.

 

3. പഞ്ചാബിലെ ട്രെയിന്‍ അപകടം. കേരളത്തില്‍ ഉണ്ടായതിന്റെ തനിയാവര്‍ത്തനമാണ്. വെടിക്കെട്ട് നടക്കുന്നു, അതില്‍ ആളുകള്‍ക്ക് സ്ഥലകാല ബോധം പോകുന്നു. ഇതൊന്നും അറിയാതെ ട്രെയിന്‍ വരുന്നു, ഡ്രൈവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഡസന്‍ കണക്കിന് ആളുകള്‍ മരിക്കുന്നു. മരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം ആ ഡ്രൈവറുടെ മാനസിക വ്യഥയിലും ഞാന്‍ പങ്കുചേരുന്നു. സ്വന്തം ഉത്തരവാദിത്തത്തില്‍ അല്ലാത്ത ഒരു അപകടത്തില്‍ വേറൊരാളുടെ കുട്ടി മരിച്ച അപകടത്തില്‍ ഉള്‍പ്പെട്ട ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അപകടമുണ്ടായി പത്തു വര്‍ഷത്തിന് ശേഷവും ആ രംഗം അവന്റെ മനസ്സില്‍ കിടന്നു കറങ്ങി ഉറക്കം കെടുത്തുകയും മാനസികാരോഗ്യം വീണ്ടെടുക്കാന്‍ ചികിത്സ വേണ്ടി വരികയും ചെയ്തിരുന്നു. അപ്പോള്‍ അന്‍പത് പേരുടെ മുകളില്‍ക്കൂടി ഓടിച്ചു പോകേണ്ടി വന്ന ട്രെയിന്‍ ഡ്രൈവറുടെ മാനസികനില ഓര്‍ത്തു നോക്കൂ...

 

ഞാന്‍ സുരക്ഷയെപ്പറ്റി ഏത് പോസ്റ്റ് ഇടുമ്പോഴും 'റോഡ് നന്നാക്കട്ടെ, സിഗ്‌നല്‍ നന്നാക്കട്ടെ കുട്ടികളെ നീന്തല്‍ പഠിപ്പിക്കട്ടെ' എന്നൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്. അതിലൊന്നും എനിക്ക് എതിരഭിപ്രായമില്ല. പക്ഷെ നമ്മള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ ചുറ്റുമുള്ള ലോകത്തിന്റെ രീതിയനുസരിച്ച് നാം ശ്രദ്ധിക്കുന്നതാണ് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ നല്ലത്. സമൂഹത്തില്‍ മാറ്റം വരുത്താനുള്ള ശ്രമം തുടരുക തന്നെ വേണം, പക്ഷെ അതുവരെ നമ്മുടെ കാര്യം നമ്മള്‍ നോക്കിയേ പറ്റൂ.

 

എന്റെ ഫേസ്ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം ഏതാണ്ട് ഒരു ലക്ഷ്യത്തോട് അടുക്കുകയാണ്. കേരളത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷത്തില്‍ ഇരുപത് പേരാണ് അപകടങ്ങളില്‍ മരിക്കുന്നത്. അതായത് സ്റ്റാറ്റിസ്റ്റിക്കല്‍ ആയി നോക്കിയാല്‍ എന്റെ സമൂഹ മാധ്യമ ശൃംഖലയില്‍ നിന്നും  ഞാന്‍ ഉള്‍പ്പടെ ഇരുപത് പേര്‍ ഓരോ വര്‍ഷവും അപകടത്തില്‍ പെടാം.  സുരക്ഷ അവബോധമുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ഒറ്റ വര്‍ഷം കൊണ്ട് അത് അന്‍പത് ശതമാനം കുറക്കാമെന്നാണ് എന്റെ തത്വശാസ്ത്രം. അതുകൊണ്ടാണ് സമൂഹം മാറിയില്ലെങ്കിലും എന്റെ സുഹൃത്തുക്കളും ഫോളോവേഴ്‌സും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുമല്ലോ എന്ന ആഗ്രഹത്താല്‍ ഞാന്‍ വീണ്ടും വീണ്ടും എഴുതുന്നത്.

 

സുരക്ഷിതമായിരിക്കൂ. 'മനുഷ്യാ നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാല്‍ പിന്നെ ഇന്‍ഷുറന്‍സ് മാത്രമേ ബാക്കിയുള്ളൂ' എന്നാണ് ഡിങ്ക വചനം.

 

 

 

Tags: