പശ്ചിമഘട്ടത്തോട് മല്ലിടാനുള്ള കെല്‍പ് കേരളത്തിനില്ല

അമല്‍ കെ.വി
Fri, 31-08-2018 05:45:30 PM ;

പശ്ചിമഘട്ടത്തോട് മല്ലിടാനുള്ള കെല്‍പ് കേരളത്തിനില്ല

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക നിയമസഭായോഗം വിളിച്ചു ചേര്‍ത്തിരുന്നു. സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമെന്ന നിലയില്‍, അതിന്റെ പ്രാധാന്യമുള്‍ക്കൊണ്ടുകൊണ്ടുള്ള ചര്‍ച്ചയാണ് സ്വാഭാവികമായും ഭൂരിഭാഗം ജനങ്ങളും പ്രതീക്ഷിച്ചത്. എന്നാല്‍ അത്തരത്തില്‍ ചര്‍ച്ച പ്രതീക്ഷിച്ചിവര്‍ക്ക് വളരെ നിരാശയാണ് ഇന്നലത്തെ സമ്മേളനം സമ്മാനിച്ചത്. ആകെ 41 എം.എല്‍.എമാര്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ അവസരം ലഭിച്ചത്. അതില്‍ ഏറ്റവും അര്‍ത്ഥവത്തായ പ്രസംഗം സഭയിലെ തന്നെ  മുതിര്‍ന്ന അംഗവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന വി.എസ് അച്യുതാനന്ദന്റേതായിരുന്നു. അദ്ദേഹത്തിന്റെ ഏഴ് മിനിറ്റ് നീണ്ട പ്രസംഗത്തിലെ ഓരോ വാചകവും വലിയ മാനങ്ങളുള്ളവയായിരുന്നു.

 

സംസ്ഥാനത്തിന്റെ വികസന നയത്തില്‍ കാതലായ മാറ്റം വരണം, വികസന മന്ത്രമെന്നാല്‍ വികസന ആക്രോശമാകരുത്, മനുഷ്യന്റെ പ്രകൃതിയിലുള്ള ഇടപെടലുകളാണ് ഇവ്വിധം ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കാന്‍ കാരണം, തന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച മൂന്നാര്‍ ദൗത്യം പുനരാരംഭിക്കണം, ചിലര്‍ക്കുമുമ്പില്‍ നിയമം വഴിമാറുന്ന സാഹചര്യമുണ്ടാകരുത്, ശാസ്ത്രീയമായ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ രാഷ്ട്രീയപരമായിട്ടാണ് കേരളം കൈകാര്യം ചെയ്തത് തുടങ്ങിയ നിരവധി വിലപ്പെട്ട പോയിന്റുകള്‍ അദ്ദേഹം പ്രസംഗത്തില്‍ ഉന്നയിച്ചു. വി.എസ് മാത്രമാണ് ഈ ചര്‍ച്ചയെ അതിന്റെ ഗൗരവത്തോടെ എടുത്തത് എന്ന് പറയേണ്ടിവരും.

 

പ്രതിപക്ഷത്തിന്റെ കാര്യമെടുത്താല്‍ പറവൂര്‍ എം.എല്‍.എ വി.ഡി സതീശന്‍ നടത്തിയ പ്രസംഗമാണ് കൂടുതല്‍ വിഷയത്തോട് ചേര്‍ന്ന് നിന്നത്. പ്രതിപക്ഷ ആരോപണമെന്ന് വ്യാഖ്യാനിക്കപ്പെടാമെങ്കിലും അദ്ദേഹം ചൂണ്ടിക്കാട്ടിയ ഡാം മാനേജ്‌മെന്റിലെ പ്രശ്‌നങ്ങളും നദീതീരങ്ങളെ എങ്ങനെയാണ് ഡാം തുറക്കല്‍ ബാധിക്കുക എന്ന് പഠനമുണ്ടായില്ല എന്ന കാര്യവും വസ്തുത തന്നെയാണ്.

 

പല എം.എല്‍.എമാരും സംസാരിക്കാന്‍ കിട്ടിയ അവസരത്തെ തങ്ങളുടെ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ദുരിതത്തെ ചൂണ്ടിക്കാണിക്കുവാന്‍ ശ്രമിച്ചപ്പോള്‍, ജനതയുടെ പ്രാധാന്യത്തെക്കാള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വേണ്ടിയാണ് ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രന്‍ സംസാരിച്ചത്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള നിരവധി പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളെയും അവിടുത്തെ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്ന ആളാണ് എസ്.രാജേന്ദ്രന്‍ എന്ന് ഓര്‍ക്കണം. കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ട് പ്രകൃതി ദുരന്തങ്ങളെ ഒഴിവാക്കാനാകില്ലെന്നും ഗാഡ്ഗില്‍,കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഈ പ്രളയം തെളിയിച്ചു എന്നുമാണ് എസ്.രാജേന്ദ്രന്‍ ഊന്നി പറഞ്ഞത്. അതുപോലെ തന്നെ ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയായ എം.എം മണിയില്‍ നിന്നും ഈ ദുരന്തത്തിന്റെ പാഠമുള്‍ക്കൊണ്ടുകൊണ്ടുള്ള പ്രതികരണമല്ല ഉണ്ടായത്. ഇത്രയധികം മനുഷ്യരുടെ ജിവനാശവും മറ്റ് നാശനഷ്ടങ്ങളും സ്വന്തം ജില്ലയില്‍ ഉണ്ടായിട്ടും അതിനെ എങ്ങനെ ഒഴിവാക്കാമെന്ന ചെറു ആശയം പോലും ഇവര്‍ പങ്കുവച്ചില്ല. ഒരു പക്ഷേ ഇപ്പോള്‍ ഇടുക്കിക്കാര്‍ പി.ടി തോമസ് എന്ന നേതാവിന്റെ അഭാവത്തെ അറിയുന്നുണ്ടാകും.

 

മറ്റൊരു എം.എല്‍.എയായ പി.സി ജോര്‍ജ് പറഞ്ഞത് ഇങ്ങനെയാണ്. ഗാഡ്ഗില്‍ പറയുന്നത് അശാസ്ത്രീയമായ വികസനമാണ് ഉരുള്‍പൊട്ടല്‍ പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാക്കുന്നത് എന്നാണ്. അങ്ങിനെയെങ്കില്‍ കാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എങ്ങനെയാണ്. ഇത്തരത്തിലുള്ള നിരവധി നിരുത്തരവാദപരമായ അസംബന്ധങ്ങള്‍ ഇന്നലെ സഭയില്‍ പലരും ഉന്നയിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ഏറ്റവും ഉത്തരവാദിത്വത്തോടെ നിലകൊള്ളേണ്ടവരില്‍ ചിലരാണ് ഇവ്വിധം നിലപാടെടുക്കുന്നത്.

 

ഇതെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നാട്ടിന്‍പുറങ്ങളിലെ ചായക്കടകളില്‍ വരെ ചര്‍ച്ച ഉയര്‍ന്ന് വരികയാണ്. അങ്ങ് ദൂരെയുള്ള ഇടുക്കിയില്‍ എന്ത് സംഭവിച്ചാലെന്താ അല്ലെങ്കില്‍ വയനാട്ടില്‍ സംഭവിച്ചാലെന്താ അത് അവിടെയുള്ളവരെ മാത്രം ബാധിക്കുന്ന കാര്യമല്ലെ എന്ന് കരുതിയിരുന്നവരൊക്കെ ഇന്ന് മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.  ഇനിയെങ്കിലും ഈ ജനപ്രതിനിധികള്‍ പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ തയ്യാറാകണം. അല്ലാത്തപക്ഷം ജനങ്ങള്‍ അവരെ തിരുത്തണം.

 

വി.എസ് പറഞ്ഞത് പോലെ പശ്ചിമഘട്ടത്തോട് മല്ലിടാന്‍ നമുക്ക് കെല്‍പ്പില്ല. പശ്ചിമഘട്ടമില്ലാതെ കേരളവുമില്ല.

 

 

 

Tags: