വൈറ്റില ജംഗ്ഷനിലെ ദുരിതവും അധികൃതരുടെ അന്തസ്സും

Glint Staff
Fri, 08-06-2018 05:30:00 PM ;

കേരളത്തിലെ തന്നെ ഏറ്റവും ഗതാഗതത്തിരക്കുള്ള സ്ഥലമാണ് കൊച്ചിയിലെ വൈറ്റില ജംഗ്ഷന്‍. മുമ്പ് ഗതാഗതക്കുരുക്ക് മാത്രമാണ് അവിടെ ഉണ്ടായിരുന്നതെങ്കില്‍  ഇപ്പോള്‍ അവിടം ചെളി മയമാണ്. മഴ കഴിഞ്ഞ് അതുവഴി വാഹനങ്ങള്‍ക്കു പോലും നേരാം വണ്ണം പോകാന്‍ കഴിയുന്നില്ല. ശരിയാണ് മേല്‍പ്പാലം പണി നടക്കുന്നു. അതിന്റെ പേരില്‍  ജനം അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന് ഒരനുപാതവുമില്ല. പണി നടക്കുന്നതിനാല്‍ അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ ജനം തയ്യാറാണ്. എന്നാല്‍ ഏതു സാഹചര്യത്തിലും വൈറ്റിലയില്‍ ഇപ്പോഴനുഭവപ്പെടുന്ന ദുരിതം ഉണ്ടാകാന്‍ പാടുള്ളതല്ല.

Vyttila Road

മുന്‍കാലങ്ങളില്‍ ഇത്തരം പണി നടക്കുമ്പോള്‍ പണിക്കാരായിരുന്നു ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുള്ളത്. മെട്രോ റെയില്‍ നിര്‍മ്മാണ സംസ്‌കാരം വന്നതോടെയാണ് പണി നടക്കുന്ന സ്ഥലം മറച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന രീതി വന്നു തുടങ്ങിയത്. അതു വളരെ അനുകരണീയവുമാണ്. പാലാരിവട്ടം ജംഗ്ഷനില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിച്ചപ്പോഴും ഇവ്വിധമാണ് പണി നടന്നത്. എന്നാല്‍ അന്ന് ഇത്രയധികം ബുദ്ധിമുട്ടുകള്‍ ജനം നേരിടേണ്ടി വന്നിട്ടില്ല.   

Vyttila Road

രാവിലെയും വൈകീട്ടുമൊക്കെ ചിലപ്പോള്‍ രണ്ടു മണിക്കൂര്‍ വരെ വൈറ്റില ജംഗ്ഷനില്‍ വാഹനങ്ങള്‍ക്ക് കാത്തു കിടക്കേണ്ടി വരാറുണ്ട്. വാഹനങ്ങളുടെ കുത്തിത്തിരികിയുള്ള കയറ്റമാണ് നിലവിലുള്ള കുപ്പിക്കഴുത്തിനെ കൂടുതല്‍ അടച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നത്. ഇത്രയധികം സാങ്കേതിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ളപ്പോള്‍ ഇത്തരത്തില്‍ ദുരിതപൂര്‍ണ്ണമായ അവസ്ഥയിലേക്ക് വൈറ്റിലയെ തള്ളിയിടുന്നത് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും തൊഴില്‍പരമായ അന്തസ്സ് (Integrity) കുറവായതുകൊണ്ടാണ്.

 

ഒന്നുകില്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ച് വാഹനങ്ങളുടെ ഒഴുക്ക് തടസ്സമില്ലാതെ നീങ്ങുന്നുവെന്നു ഉറപ്പു വരുത്താന്‍ സംവിധാനമുണ്ടാകണം. അല്ലെങ്കില്‍ ഈ ദുര്‍ഘടസാഹചര്യത്തിലും പരമാവധി തടസ്സമില്ലാതെ വാഹനങ്ങള്‍ക്ക് നീങ്ങാനുള്ള സംവിധാനം ഒരുക്കണം. ഇതു രണ്ടും അധികൃതര്‍ ശ്രദ്ധിക്കുന്നില്ല. മഴക്കാലവും കൂടിയായതിനാല്‍ ഇവിടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് കാല്‍നടയാത്രക്കാരും ഇരുചക്രവാഹനമോടിക്കുന്നവരുമാണ്. കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഇടമില്ലാതായി. പണിസ്ഥലത്തുനിന്നുള്ള ചെളി റോഡിലേക്ക് പരന്ന് മഴവെള്ളവുമായി കൂടിച്ചേര്‍ന്ന് അവശേഷിക്കുന്ന റോഡിലെ സ്ഥലവും ഉപയോഗ്യമല്ലാതാക്കി. ബന്ധപ്പെട്ടവര്‍ കൂടിയിരുന്ന് ചിന്തിച്ചാല്‍ ഇപ്പോള്‍ വൈറ്റില ജംഗ്ഷനില്‍ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരമാവധി കുറയ്ക്കാന്‍ കഴിയുമെന്നുള്ളത് വസ്തുതയാണ്.

 

Tags: