Skip to main content

ഒരു വിവാഹാനന്തര സ്വീകരണച്ചടങ്ങ്. സന്ധ്യയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാനായി അമ്മയും നാലാംക്ലാസ്സുകാരി മകളുമായി എത്തിയ ഒരു മാനേജ്‌മെന്റ് പ്രൊഫഷണലായ വനിത. ഒരു പുതുതലമുറ കണ്‍വെന്‍ഷന്‍ ഹാളിലാണ് ചടങ്ങ്. ആ ചടങ്ങിന്റെ മോടിക്കും മേളത്തിനുമൊത്ത രീതിയില്‍ സ്വയം അലംകൃതമായും മകളെ അലങ്കരിച്ചുമാണ് വനിതയുടെ വരവ്. വാഹനങ്ങളില്‍ വന്നവരുടെ ബാഹുല്യം നിമിത്തം ഹാളിനോട് ചേര്‍ന്നുള്ള വയല്‍ നികത്തിയ സ്ഥലത്താണ് കാര്‍ പാര്‍ക്കിംഗിന് സ്ഥലം ലഭ്യമായുള്ളൂ. വയല്‍ പൂര്‍ണ്ണമായും നികന്നിട്ടില്ല. വയലിന്റെ മണവും പൂര്‍ണ്ണമായും വിട്ടു മാറിയിട്ടില്ല. അതിനാല്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് മറിഞ്ഞുവീഴാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചുകൊണ്ടാണ് യുവതിയുടെ വരവ്. ഊന്നുവടിയായി മകളും. കാരണം പോയിന്റഡ് ഹീലുള്ള ചെരുപ്പാണ് അവര്‍ ധരിച്ചിരിക്കുന്നത്. ചില സ്ഥലങ്ങളില്‍ ചവിട്ടുമ്പോള്‍ ഹീല്‍ അപ്പാടെ താഴ്ന്നു പോവുകയും ചെയ്യുന്നു. ഒരു വന്‍ ശ്രമം നടത്തിയാണ് യുവതി വര്‍ണ്ണാഭമായ ഹാളിന്റെ മുന്നിലെത്തിയത്. അകത്തും പുറത്തും ഒരേ പോലെ ഒരുക്കങ്ങള്‍.
        

ഹാളിന് മുന്നിലെത്തിയ യുവതി മകളെ സ്വതന്ത്രയാക്കിയിട്ട് അല്‍പ്പനേരം വിശ്രമിച്ചു. കാരണം നന്നായി അണയ്ക്കുണ്ടായിരുന്നു അവര്‍. ചുറ്റുപാടുമുള്ള വര്‍ണ്ണ-സംഗീത ലയമേളങ്ങള്‍ നോക്കിക്കൊണ്ട് നാലാംക്ലാസ്സുകാരിയും. കുശലങ്ങള്‍ പറയുന്നതിനിടയില്‍ അവര്‍ തൂവാലകൊണ്ട് മുഖത്ത് പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഒപ്പിയെടുത്തു. ഒടുവില്‍ കുശലങ്ങളിലേക്കു പ്രവേശിച്ചു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഈ കൂടിക്കാഴ്ച. അവസാനമായി കണ്ടപ്പോള്‍ അവര്‍ വിവാഹമോചനത്തേക്കുറിച്ച് സക്രിയമായി ആലോചിച്ച് വരികയായിരുന്നു. അഴിച്ചിട്ടാല്‍ നിതംബവും കഴിഞ്ഞ് താഴേക്ക് മറഞ്ഞു കിടക്കുന്ന സമൃദ്ധമായതായിരുന്നു അവരുടെ മുടി. അതില്‍ അവര്‍ക്ക് സാധാരണയില്‍ കവിഞ്ഞ അഭിമാനവും ഉണ്ടായിരുന്നു. കൃത്യമായി ബ്യൂട്ടിപാര്‍ലറില്‍ പോയി തന്റെ കേശസമൃദ്ധിയ കാലാകാലങ്ങളിലെ ട്രെന്‍ഡനുസരിച്ച് നിര്‍ത്തുന്നതിലും ഈ യുവതി ശ്രദ്ധാലുവായിരുന്നു. ആ മുടി തന്റെ ഭര്‍ത്താവില്‍ തെല്ലും തൃപ്തി ഉളവാക്കാറില്ലെന്നുള്ളതായിരുന്നു ഭര്‍ത്താവിന് തന്നോടുള്ള സ്‌നേഹക്കുറവ് എടുത്തുകാട്ടാനായി അവര്‍ പറയാറുണ്ടായിരുന്ന ഒരു കാര്യം. ഇപ്പോള്‍ ആ മുടി ബോബ് ചെയ്തിട്ടില്ലെന്നേയുള്ളൂ. നന്നായി നീളം കുറച്ച് ആകര്‍ഷകമാക്കിയിട്ടുണ്ട്.                                                                          

 

സംഭാഷണം അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ തന്റെ ബദ്ധപ്പാടുകളും സമയമില്ലായ്മയുമൊക്കെ ഓരോരോ ഒഴിവുകഴിവുകളായി നിരത്തുകയും ചെയ്തു. ഒടുവില്‍ തന്റെ പ്രിയപ്പെട്ട വിഷയത്തിലെത്തി.' എല്ലാം ഞാന്‍ ഒറ്റയ്ക്ക് തന്നെ വേണ്ടേ ചെയ്യാന്‍.' അപ്പോള്‍ മകന്‍ ഏതു ക്ലാസ്സിലായി എന്ന് ചോദിച്ചപ്പോള്‍ മകനെക്കുറിച്ചും അവര്‍ വാചാലയായി. അയാള്‍ പ്ലസ് ടൂവിന് പഠിക്കുന്നതിനാല്‍ അയാളെ ബുദ്ധിമുട്ടിക്കാന്‍ പറ്റില്ലല്ലോ എന്നായി. അവിടെ നിന്ന് അവര്‍ താന്‍ നേരിടുന്ന വെല്ലുവിളികളും നിരത്തി. ആ സമയം ഒപ്പമുണ്ടായിരുന്ന മകള്‍ കാഴ്ചകള്‍ കാണുന്നതിനിടയില്‍ അമ്മയുടെ സംഭാഷണവും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
       

' ഓ, പിന്നെ ഡിവോഴ്‌സ് വേണ്ടെന്ന് വച്ചു. ഈ ജന്മം ഇങ്ങനങ്ങു പോട്ടേന്നു വിചാരിച്ചു. പിള്ളാരെയോര്‍ത്താ.' അവര്‍ പറഞ്ഞു. ഭര്‍ത്താവ് ഇപ്പോഴും കൂടെയുണ്ട്. ഒരേ വീട്ടിലാണ് താമസം. പക്ഷേ ഒരു പ്രയോജനവുമില്ലെന്നാണ് യുവതി പറയുന്നത്. ' ഈ പിള്ളേര്‍ക്കൊന്നും ഒരു കാര്യവും വാങ്ങിക്കൊടുക്കില്ല. ഇതിനോടൊന്നും ഒരു സ്‌നേഹവുമില്ല. ഈ മോള്‍ക്കൊക്കെ എല്ലാം ഞാനാ വാങ്ങിക്കൊടുക്കുന്നെ. ഇത്രയും സ്വാര്‍ത്ഥനായ ഒരു വ്യക്തിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. അയാളുടെ കുട്ടികളല്ലെ, ഇത്തിരിയെങ്കിലും സ്‌നേഹം അവരോട് കാണിക്കേണ്ടേ'. ഉത്തരം പ്രതീക്ഷിച്ചുകൊണ്ടെന്നപോലെ അവര്‍ പറഞ്ഞുനിര്‍ത്തി. അതും ആ ഒമ്പതാം വയസ്സുകാരി പെണ്‍കുഞ്ഞ് കേട്ടുകൊണ്ടു നില്‍ക്കുകയാണ്. അതിന്റെ അച്ഛനെക്കുറിച്ചാണ് സ്വന്തം അമ്മ ആ കുട്ടി ജീവിതത്തില്‍ ആദ്യമായി കാണുന്ന ഒരു വ്യക്തിയോട് ഇവ്വിധം പറയുന്നത്.
      

ഓരോ വാക്ക് പറയുമ്പോഴും വാക്കിന്റെ പ്രകടാര്‍ത്ഥത്തിനപ്പുറമുളള നിശബ്ദമായ സത്തയാണ് കേള്‍ക്കുന്നവരുടെ ഉപബോധമനസ്സിലേക്ക് കിനിഞ്ഞിറങ്ങാറുള്ളത്. കുഞ്ഞുങ്ങളുടെ മാനസികാവസ്ഥയെ ദോഷകരമായി തന്റെ സംഭാഷണം ബാധിക്കുമെന്ന നേരിയ ചിന്തപോലും  ഉന്നത ബിരുദധാരിയായ ഈ മാനേജ്‌മെന്റ് പ്രൊഫഷണലില്‍ നിഴലിച്ചില്ല. ആ കുഞ്ഞില്‍ സ്വന്തം അച്ഛനെക്കുറിച്ചുള്ള ചിത്രമെന്തായിരിക്കും ഉറയ്ക്കുക. ശരിയായിരിക്കാം ഭര്‍ത്താവില്‍ നിന്നും തിക്താനുഭവങ്ങള്‍ ഈ സ്ത്രീ നേരിട്ടിട്ടുണ്ടാകും. ദാമ്പത്യത്തിലെ പോരായ്മയ്ക്ക് അവര്‍ കാണുന്ന ഉത്തരവാദി തന്റെ ഭര്‍ത്താവ് മാത്രമാണ്. ആ കുഞ്ഞ് പരിചയിക്കുന്ന കുടുംബവ്യവസ്ഥയെന്നത് തന്റെ കുടുംബത്തെ ആധാരമാക്കിയായിരിക്കും.  കുടുംബത്തെക്കുറിച്ചും ഭാര്യാഭര്‍തൃബന്ധത്തെക്കുറിച്ചുമുള്ള എന്തെല്ലാം ധാരണകളാണ് ആ കുഞ്ഞു മനസ്സില്‍ പതിയുന്നുണ്ടാവുക.സന്തോഷം മാത്രം നിറയേണ്ട ബാല്യത്തില്‍ സംഘര്‍ഷം മാത്രം.

 

കൗമാരത്തിലേക്ക് കടക്കുന്ന അവസരത്തില്‍ അവളിലുണ്ടാകുന്ന പ്രായത്തിന്റേതായ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍, പുരുഷന്മാരെക്കുറിച്ചും ഇണയെക്കുറിച്ചുമുള്ള അവളുടെ ധാരണകളിലും സ്വപ്‌നങ്ങളിലുമൊക്കെ ഏതെല്ലാം വിധമായിരിക്കും അമ്മയിലൂടെ കോറിയിട്ട ബിംബങ്ങള്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുക എന്ന് കണ്ടറിയേണ്ടതാണ്. ആ കുഞ്ഞില്‍ അബോധമായി ഉറയ്ക്കുന്ന മൂല്യവ്യവസ്ഥ എന്തായിരിക്കും. സാധനങ്ങളുടെ കൊടുക്കല്‍ വാങ്ങലാണ് സ്‌നേഹത്തിന്റെ ആധാരമെന്ന് ആ കുട്ടി ഇപ്പോഴേ ഉറപ്പിച്ച് കഴിഞ്ഞാല്‍ അതിലൂടെയുണ്ടാകുന്ന മൂല്യബോധം ഭാവിയില്‍ അതിന്റെ ജീവിതത്തെ തകിടം മറിക്കും. സംശയമില്ല. വലുതാകുമ്പോള്‍ ഓരോ നിമിഷവും ചെറിയ കാര്യങ്ങളില്‍ പോലും അതിന്റെ വൈകാരിക ഘടന മാറിമറിഞ്ഞുകൊണ്ടിരിക്കും. അതവളുടെ സ്വഭാവവുമാകും. വീടിനുള്ളിലായാലും പുറത്തായാലും അവള്‍ക്ക് മറ്റുള്ളവരെ ഉള്‍ക്കൊള്ളാനും മറ്റുള്ളവരോടൊത്ത് ചേര്‍ന്ന് പോകാനും പ്രയാസം നേരിടാനാണ് സാധ്യത. ഭാവിയില്‍ വിവാഹത്തിനോട് പോലും ആ കുട്ടിയില്‍ മടുപ്പുണ്ടായാല്‍ അത്ഭുതപ്പെടാനില്ല.
               

ഏതാനും വര്‍ഷം കഴിയുമ്പോള്‍ ആ കുട്ടി യുവതിയായി മാറും. അവള്‍ സ്വന്തമായി ചിന്തിക്കാനും തുടങ്ങും. അമ്മയില്‍ മേധാവിത്വസ്വഭാവം ഉണ്ടെന്നുള്ളത് പ്രത്യേകം പറയേണ്ടതില്ല. അവള്‍ അമ്മയില്‍ നിന്ന് വിലക്കുകളും നിയന്ത്രണങ്ങളും നേരിടുമ്പോള്‍ അമ്മയുടെ സ്വഭാവം കൊണ്ടാണ് തന്റെ അച്ഛനിങ്ങനെ ആയതെന്നു ചിന്തിച്ചാല്‍ കുറ്റം പറയാനാകില്ല. അവള്‍ അച്ഛനോട് അടുത്തെന്നുമിരിക്കും. അത് ഈ അമ്മയെ കൂടുതല്‍ അസ്വസ്ഥതയിലേക്കും സംഘര്‍ഷത്തിലേക്കും നയിക്കും. വളര്‍ത്തി വലുതാക്കിയപ്പോള്‍ മകള്‍ കാലുമാറി എന്ന ചിന്തയില്‍ അവര്‍ വ്യസനിക്കും. ചിലപ്പോള്‍ മകനെ തന്റെ കൂടെ നിര്‍ത്താനുള്ള ശ്രമവും നടത്തും. അവര്‍ എല്ലാം ചെയ്യുക അവരുടെ മനസ്സു പറയുന്ന വിധമുള്ള സന്തോഷത്തിനു വേണ്ടിയായിരിക്കും. അത് വീണ്ടും കുടുംബത്തെ കൂടുതല്‍ സംഘര്‍ഷഭരിതമാക്കിക്കൊണ്ടിരിക്കും. മകനിലും ഒട്ടേറെ സ്വഭാവ വൈകല്യങ്ങള്‍ കടന്നുകൂടാനിടയുണ്ട്. ആ സ്ത്രീയുള്‍പ്പടെ കുടുംബാംഗങ്ങളെല്ലാം തന്നെ അശാന്തിയിലും സംഘര്‍ഷത്തിലും ജീവിതം ജീവിച്ചുതീര്‍ക്കാന്‍ വിധിക്കപ്പെടുന്നു. തീര്‍ച്ചയായും ഈ സ്ത്രീയുടെ ഭര്‍ത്താവിന്റെ ഉത്തരവാദിത്വവും വലുതാണ്. പക്ഷേ അയാള്‍ ഒരു കൂരയ്ക്കു കീഴില്‍ ശാരീരികമായി മാത്രമേ താമസിക്കുന്നുള്ളുവെന്ന് ഇവരുടെ വാക്കുകളിലൂട വ്യക്തമാണ്. അയാളും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ല. നിലനില്‍പ്പിന്റെ ഉത്തരവാദിത്വം മാത്രമാണ് ആ കുടുംബത്തില്‍ ഈ സ്ത്രീയിലൂടെ നിര്‍വഹിക്കപ്പെടുന്നത്.
          

കോര്‍പ്പറേറ്റ് രംഗത്ത് ഉന്നത പദവി വഹിക്കുന്ന ഈ പ്രൊഫഷണലിന് ചുരുക്കത്തില്‍ സ്വയം മാനേജ് ചെയ്യാന്‍ കഴിയുന്നില്ല. വീടിന്റെ കാര്യത്തില്‍ തീരെ പറ്റുന്നില്ല. പക്ഷേ അവര്‍ തൊഴില്‍ രംഗത്ത് വന്‍ വിജയമാണെന്നാണ് അവരും മറ്റുള്ളവരും കരുതുന്നത്. അതു വിജയമല്ല മറിച്ച് തന്റെ യുദ്ധോത്സുകതയുടെ വിജയമാണെന്ന് അവരും മറ്റുള്ളവരും തിരിച്ചറിയുന്നില്ല. യുദ്ധത്തില്‍ വിജയമുണ്ടാകും. പക്ഷേ യുദ്ധത്തിന്റെ അവസാനം സര്‍വ്വനാശം. അതല്ലാതെ വരാന്‍ വഴിയില്ല.