ആധുനിക യുവിതിയുടെ ഇ.സി.ജി ചലനവിന്യാസത്തിന് പിന്നില്‍

Glint Staff
Sat, 05-05-2018 03:40:47 PM ;

morning-walk

ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ്സ് ഹൈവേയുടെ തുടക്കക്കയറ്റം. അവിടെയാണ് പ്രഭാത സവാരിക്കായി എത്തുന്നവര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും സൗഹൃദം പുതുക്കുന്നതുമൊക്കെ. ഒരു ദിവസം രാവിലെ ആറിന് അഞ്ചാറ് പേര്‍ അടങ്ങുന്ന സംഘം. യുവാക്കള്‍. കൂട്ടത്തില്‍ ഒരു യുവതി. സമൃദ്ധമായ ദേഹത്തിനുടമായ യുവതിയുടെ വേഷം ശരീരവടിവ് അതേ പടി പ്രകടമാക്കുന്നതും. താഴെ നിന്ന് കയറി വരുന്നവര്‍ക്ക് പ്രഭാത ആകാശത്തിന്റെ പശ്ചാത്തലത്തില്‍ ഈ യുവതിയെയും അവരുമായി കളി തമാശയും, അത്യാവശ്യം കളി അടിയും ഇടിയും നടത്തുന്നവരെ കാണാം.  ഏതാണ്ട് നിഴല്‍ നാടകം പോലെ. സംസാരത്തിനിടയില്‍ യുവതിയുടെ ഓട്ടത്തെ പറ്റി കൂടെയുള്ള യുവാക്കള്‍ കളിയാക്കുന്നുമുണ്ട്. അതില്‍ കൗതുകപ്രകോപം പ്രകടമാക്കി യുവതി കളിയാക്കുന്നവരുടെ വയറ്റിലെ സിക്‌സ് പാക്കിലേക്ക് ഇടയ്ക്കിടക്ക് ഇടിയുതിര്‍ക്കുന്നതും കാണാമായിരുന്നു. കുറേ കഴിഞ്ഞപ്പോള്‍ യുവതി ഓട്ടം തുടങ്ങി.
      

 

ഓട്ടത്തിന്റെ ശബ്ദം കേട്ടാല്‍ ഒറ്റ ഓട്ടത്തിന് റോഡിന്റെ അവസാനമെത്തുമെന്നു തോന്നും. പക്ഷേ പെട്ടെന്ന് നിലച്ചു. പിന്നെ നടത്തം. പിന്നെ ഓട്ടം. അങ്ങനെ യുവതി ഓടി മുന്നില്‍ കയറി. വീണ്ടും വേഗത കുറഞ്ഞു, നടത്തമായി. ഒടുവില്‍ യുവതിക്കൊപ്പത്തിനൊപ്പമായി നടത്തം.  പെട്ടെന്ന് യുവതി വേഗത പിന്നെയും കുറച്ചു. അവര്‍ പിറകിലായി. കുറച്ചു കഴിഞ്ഞ് അവര്‍ വീണ്ടും ഓടി മുന്നില്‍ കടന്നു. എന്തായിരിക്കാം ആ യുവതി മറ്റൊരു പുരുഷന്‍ സമാന്തരമായി നടക്കാനെത്തിയപ്പോള്‍ അവരുടെ കാലുകളുടെ വേഗതയെ കുറച്ച് പിന്നിലേക്ക് പോയത്. എന്തായാലും ഭയമല്ല കാരണം, നടത്തക്കാര്‍ ധാരാളമുള്ള വഴിയാണത്. യുവസുഹൃത്തുക്കളുടെ നോട്ടം തന്നിലുണ്ടെന്നും അവര്‍ക്കറിയാം. എന്നിട്ടും മറ്റൊരു പുരുഷന്‍ തന്റെ സമമായി എത്തിയപ്പോള്‍ അവര്‍ക്ക് എന്തോ ഒരു അസ്‌കിത. താന്‍ പുരുഷനുമായി ഒന്നിച്ചു നടക്കുകയാണെന്നുള്ള ധാരണ ഉണ്ടാകുമോ എന്ന ആശങ്കയാവാം ആ അസ്‌കിതയക്ക് കാരണം. പുരുഷന്റെ ഒപ്പത്തിനൊപ്പമെത്തിയ സമയത്ത്‌ ആ യുവതിയുടെ ഉള്ളിലെ പരമ്പരാഗത സ്ത്രീ പെട്ടെന്ന് ഉണര്‍ന്നിട്ടുണ്ടാകാം. അപരിചിതനായ മറ്റൊരു പുരുഷന്‍ തന്നോടൊപ്പം നടക്കുന്നത് മനസ്സിലാക്കിയപ്പോള്‍ ഉണ്ടായ അബോധമായ പരുങ്ങലില്‍ നിന്നാകാം ആ നേരിയ വേഗക്കുറവ് അവരുടെ കാലുകളെ തിരിച്ചറിയാനാകാത്ത വിധം സാവധാനപ്പെടുത്തിയത്.
        

 

പ്രഭാതത്തിലെ നടത്തത്തിനൊപ്പം സുഹൃത്തുക്കളുമായി സൗഹൃദം പങ്കുവയ്ക്കുക, സെക്‌സിയായി ഒരുങ്ങിയെത്തി മറ്റുളളവരുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നിവയിലൂടെ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവതിയാണ് അവരെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. അങ്ങനെ സ്വന്തം ശരീരത്തില്‍ തടവിലാക്കപ്പെട്ട യുവതിയുടെ മാനസികാവസ്ഥയില്‍ നിന്ന് അവരറിയാതെ വന്ന മൃദുവ്യതിയാനമാണ് അവരുടെ കാലളവുകളെ ചെറുതായൊന്ന് കുറച്ചത്.  ഒരു പുരുഷനെ കാണുമ്പോള്‍ മറ്റൊരു വ്യക്തിയായി തിരിച്ചറിയുന്നതിനു പകരം, അവര്‍ സ്വയം സ്ത്രീയായി അറിയുകയും അടുത്തുകൂടെ നടക്കുന്നയാള്‍ പുരുഷനാണെന്ന് അറിയുകയും ചെയ്തതിന്റെ ഫലം. ഈ അറിവിന്റെ തിരകളുടെ പിന്നില്‍ അഗാധമായ ആഴമുണ്ട്. പരമ്പരാഗത ധാരണകള്‍, മാധ്യമങ്ങളിലൂടെയും അല്ലാതെയും എപ്പോഴും സ്ത്രീ ശാക്തീകരണവും ലിംഗനീതിയും പീഡന വാര്‍ത്തകളും സ്ത്രീ സ്വാതന്ത്ര്യവുമൊക്കെ കേട്ട്, സ്ത്രീക്കു പോലും  സ്ത്രീയെ വെറും ശരീരത്തിലൂടെയല്ലാതെ കാണാന്‍ കഴിയാതെ വരുന്നതിന്റെയും, സ്ത്രീ-പുരുഷ വേര്‍തിരിവിന്റെയും പരസ്പര വിശ്വാസമില്ലായ്മയില്‍ നിന്നുമൊക്ക അബോധമായി മനുഷ്യമനസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന വൈകാരികകളുടെയും സൂക്ഷ്മാന്തോളനങ്ങളില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്. ഈ തലത്തിലാണ് ഒരു സമൂഹത്തിന്റെ സംസ്‌കാരം സംസ്‌കരിക്കപ്പെടുന്നത്.
        

 

കമ്പോളം നിശ്ചയിക്കുന്ന വേഷവിധാനങ്ങളും ഫാഷനും മാത്രം ആധുനികതയുടെ ചിഹ്നങ്ങളായി സ്വീകരിക്കുമ്പോഴും സംഭവിക്കുന്നതാണ്, ഈ പ്രതിഭാസം. കമ്പോളത്തിന്റെ പ്രതീകമായ ഫാഷന്‍ ലോകം സ്ത്രീയെ വെറും ശരീരത്തിലൂടെ മാത്രമേ കാണുന്നുള്ളു. ആ ഫാഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ആത്മവിശ്വാസം നേടുമെന്നും ഫാഷന്‍ ലോകം ഉദ്‌ഘോഷിക്കുന്നു. നിഷേധത്തിന്റെ പശ്ചാത്തലത്തിലുള്ള ആത്മവിശ്വാസം അവരില്‍ ഉണ്ടാവുകയും ചെയ്യുന്നു. അതാകട്ടെ സ്റ്റേജിന് സമാനമായ പൊതു സ്ഥലങ്ങളില്‍ മാത്രം. എന്നാല്‍ അവര്‍ ഒറ്റയ്ക്കാകുമ്പോള്‍ ആ ആത്മവിശ്വാസം ഭീതിയായോ സംശയങ്ങളായോ ഒക്കെ ബഹിര്‍ഗമിക്കുന്നതിന്റെ ആഴത്തില്‍ നിന്നുള്ള തള്ളലിന്റെ കുഞ്ഞോളമാണ് ആ 'ആധുനിക' യുവതിയുടെ പദവിന്യാസത്തില്‍ വന്ന ഇ.സി.ജി വ്യതിയാനം പോലുള്ള ചലനവിന്യാസം.

 

 

Tags: