Skip to main content

jogging

കൊച്ചി ഇന്‍ഫോപാര്‍ക്ക് ഹൈവേയിലെ പ്രഭാതസവാരി വര്‍ത്തമാനകാല ലോകത്തിന്റെ ഒരു പരിഛേദമാണ്. ചുരുക്കത്തില്‍ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് പരതിപ്പോകുമ്പോഴുണ്ടാകുന്ന അതേ അനുഭവം. ഒരു ദിവസം രാവിലെ ആറരയോടടുപ്പിച്ച് നിശബ്ദതയെ തരിപ്പണമാക്കിക്കൊണ്ട് ഒരു കൂട്ടയോട്ടം. ആ ശബ്ദം തന്നെ ഓടുന്നവരുടെ ഹോണായതിനാല്‍ വഴിയരികിലൂടെ നടന്നവര്‍ കാല്‍നടപ്പാതയിലേക്ക് ഓടിക്കയറി. കൂട്ടയോട്ടക്കാര്‍ ഏതാനും പേര്‍ മാത്രം. പത്തില്‍ താഴെ. എല്ലാവരും ഒരേ വേഷക്കാര്‍. നഗരത്തിലെ ഒരു ടെര്‍ഷ്യറി ആശുപത്രിയുടെ ടീ ഷര്‍ട്ടും ഷോട്‌സുമാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. അവരുടെ ഓട്ടം പെട്ടെന്ന് 2018 ഏപ്രില്‍ 19ന് രാത്രി കൊച്ചി കലൂരില്‍ ഭൂമി താഴ്ന്ന് നിര്‍മാണത്തിലിരുന്ന ഇരുനിലക്കെട്ടിടം തകര്‍ന്നു വീണതിനെ ഓര്‍മ്മിപ്പിച്ചു. കാരണം അത്രയ്ക്കായിരുന്നു ആ ഓട്ടമുണ്ടാക്കിയ പ്രകമ്പനം.

 

കുറച്ച് കഴിഞ്ഞപ്പോള്‍ അവര്‍ ഓട്ടം നിര്‍ത്തി. ചിലര്‍ കാല്‍നടവഴിത്തിണ്ണയില്‍ ഇരിപ്പായി. കുറച്ച് വിശ്രമിച്ചു കഴിഞ്ഞതിനു ശേഷം ഓട്ടക്കാര്‍ പതിയെ നടന്നു. പിന്നിലായിപ്പോയ സദാ നടത്തക്കാര്‍ അപ്പോഴേക്കും അവര്‍ക്കൊപ്പമെത്തി. അടുത്തെത്തിയപ്പോഴാണ് ആശുപത്രിയുടെ വിശദവിവരങ്ങളും ആശുപത്രിയുടെ ലക്ഷ്യത്തെക്കുറിച്ചുമൊക്കെ ടീഷര്‍ട്ടില്‍ നിന്ന് വായിച്ചെടുക്കാനായത്.ലക്ഷ്യങ്ങള്‍ ഉദാത്തം.
            

 

വളരെ മെല്ലെ നടന്ന കൂട്ടയോട്ടക്കാര്‍ ഇപ്പോള്‍ ഉച്ചത്തില്‍ സംഭാഷണത്തിലേര്‍പ്പെട്ടിരിക്കുന്നു. നാല്‍പ്പത്തിയഞ്ചു മിനിട്ടുകൊണ്ട് പത്തു കിലോമീറ്റര്‍ ഓട്ടം. അതിനെ ചുറ്റിപ്പറ്റിയാണ് സംഭാഷണം. ' ദി ഐ.എം.എ തിംഗ് ഈസ് ടെന്‍ കിലോമീറ്റര്‍ ഇന്‍ തേര്‍ട്ടിഫൈവ് മിനിട്‌സ്' എന്നും ചിലര്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. അതില്‍ നിന്നും ഈ കുട്ടയോട്ടക്കാര്‍ ആ ആശുപത്രിയിലെ ഡോക്ടര്‍മാരാണെന്ന് ഊഹിക്കാവുന്ന അവസ്ഥയിലെത്തി. ഏതെങ്കിലും ഏജന്‍സി ആ ആശുപത്രിക്കു വേണ്ടി ഏറ്റെടുത്ത പരസ്യപ്പണിയാണോ എന്ന സംശയവും തോന്നാതിരുന്നില്ല. എന്നിരുന്നാലും അവര്‍ സംഭാഷണത്തിലൂടെ അതുവഴി പോയവരില്‍ തങ്ങള്‍ ഡോക്ടര്‍ സമൂഹമാണെന്ന് ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്.
         

 

ഇന്‍ഫോപാര്‍ക്ക് ഹൈവേയിലൂടെ പ്രഭാത സവാരിക്ക് വരുന്നവരില്‍ നല്ലൊരു ശതമാനം പേരും ജീവിത ശൈലി രോഗങ്ങള്‍ നേരിടുന്നവരാണ്. ആ രോഗങ്ങള്‍ക്കൊക്കെ ഗംഭീര ചികിത്സാ വാഗ്ദാനവും ഓട്ടക്കാരുടെ ടീഷര്‍ട്ടിലുണ്ട്. അവര്‍ ഡോക്ടര്‍മാരാണ് എന്നു തന്നെ കരുതാം. ആരോഗ്യത്തിനു വേണ്ടിയുള്ള ഓട്ടത്തെക്കുറിച്ച് ഡോക്ടര്‍മാരല്ലെങ്കിലും ചെറിയൊരു അറിവ് ആവശ്യമാണ്. അവര്‍ ഓടിയത് അവരുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനോ അതോ തങ്ങളുടെ ആശുപത്രിയുടെ പരസ്യം പ്രചരിപ്പിച്ച് മാനേജ്‌മെന്റിന് കൂടുതല്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കാനോ? ഒരാശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും അത്യാവശ്യം സാധാരണക്കാരില്‍ വിശ്വാസ്യത ഉണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റവും പരസ്യവുമുണ്ടായെങ്കില്‍ മാത്രമേ അവിടേക്ക് ആളുകള്‍ എത്തുകയുള്ളൂ. അതല്ല വെറുതെ ആശുപത്രിയുടെ പേര് മനസ്സില്‍ പതിപ്പിച്ച് ആളുകളെ അങ്ങോട്ട് ആകര്‍ഷിക്കാനുള്ള ഇവ്വിധം പ്രവര്‍ത്തികള്‍ വിജയകരമാകുമോ എന്ന് സംശയമാണ്.
           

 

ഇപ്പോള്‍ രോഗനിര്‍ണയം നടത്തുന്നതിനുള്ള ഭൂരിഭാഗം ജോലികളും ഉപകരണങ്ങള്‍ ചെയ്യുമെങ്കിലും, ഡോക്ടറുടെ കുറഞ്ഞ യോഗ്യത സൂക്ഷ്മമായ നിരീക്ഷണമാണ്. അതിപ്പോള്‍ ആധുനിക ഡോക്ടര്‍മാരില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഉപകരണം കണ്ട കാഴ്ചയ്ക്കപ്പുറത്തേക്ക് അവര്‍ക്ക് പോകാന്‍ കഴിയാതെ വരുന്നു. കമ്പോളം നിശ്ചയിക്കുന്ന വഴിയിലൂടെ ഡോക്ടര്‍മാര്‍ സഞ്ചരിക്കുന്നു. ഇപ്പോള്‍ കമ്പോളം നിശ്ചയിക്കുന്ന വഴിയിലൂടെ പാവം ഡോക്ടര്‍മാര്‍ ഓടുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്‍ഫോപാര്‍ക്ക് ഹൈവേയില്‍ കണ്ടത്. വ്യക്തി എന്ന നിലയില്‍ സ്വയം ബഹുമാനമില്ലാത്ത അവസ്ഥയിലേക്കാണ് ഇവ്വിധം പെരുമാറ്റങ്ങള്‍ ഡോക്ടര്‍മാരെ കൊണ്ടുചെന്നെത്തിക്കുക. ഈ സാഹചര്യമാണ് മരുന്നു പരീക്ഷണമുള്‍പ്പടെയുള്ള അധാര്‍മ്മികമായ നടപടികളിലൂടെ കൊള്ളലാഭം കൊയ്യാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് പ്രേരകമായി മാറുന്നത്.
       

 

ചുരുങ്ങിയത് തങ്ങളുടെ വ്യക്തിപരമായ കാര്യമായ പ്രഭാത നടത്തത്തെയെങ്കിലും ദുരുപയോഗം ചെയ്യാനോ, വില്‍പ്പനയ്ക്കാക്കി ഉപയോഗിക്കപ്പെടാതിരിക്കനോ അവര്‍ക്ക് ശ്രദ്ധിക്കാവുന്നതാണ്. ചികിത്സയിലൂടെ കൊള്ളലാഭം എന്ന അതേ തന്ത്രമാണ് ഡോക്ടര്‍മാരുടെ ഓട്ടത്തിലൂടെ പരസ്യമുണ്ടാക്കി കൂടുതല്‍ ആളെ ആകര്‍ഷിക്കുക എന്നതും. ഇവിടെ ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും ലക്ഷ്യം പ്രകടമാകുന്നു. ഇത്തരം തൊഴില്‍ ശീലങ്ങള്‍ വ്യക്തിപരമായി ഡോക്ടര്‍മാരുടെ സ്വഭാവത്തെയും ജീവിതത്തെയും ദോഷകരമായി സ്വാധീനിക്കും. അവര്‍ക്ക് ക്രമേണ യുക്തമായ തീരുമാനമെടുക്കാനുള്ള ശേഷി നഷ്ടമാകും. സ്വന്തം നിലയില്‍ രോഗനിര്‍ണ്ണയം നടത്താന്‍ കഴിയാതെ വരുന്ന അതേ ഗതികേട് വ്യക്തിപരമായ തീരുമാനമെടുക്കലിലും സംഭവിക്കും. ആരൊക്കെയോ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ക്കനുസരിച്ചു മാത്രമേ അവര്‍ക്കു മുന്നോട്ടു നീങ്ങാന്‍ കഴിയൂ. പക്ഷേ ജീവിതം വ്യക്തിയുടേതാണ്. അതിന്റെ ഉത്തരവാദിത്വം ആ വ്യക്തിക്ക് മാത്രവും. ആ വ്യക്തിയാണ് ഇത്തരം കമ്പോളപ്പരിപാടികളിലൂടെ പെരുവഴിയിലാകുന്നത്.