വ്യാജമുലയൂട്ടല്‍, ഹിറ്റ്‌ലര്‍, ഭീകരവാദം

Glint staff
Thu, 08-03-2018 05:10:00 PM ;

breast-feeding-hitler-charlie-chapline

ഗൃഹലക്ഷ്മിയുടെ കവര്‍ പേജില്‍ ജിലു ജോസഫ് എന്ന മോഡല്‍ പ്രതിഫലം വാങ്ങി ഒരു മുലയും തോളും കക്ഷവുമൊക്കെ കാട്ടിക്കൊണ്ട് വ്യാജമായി മുലയൂട്ടിയത് ആഗോള പ്രശ്‌നമായിരിക്കുന്നു. സാമൂഹ്യമാധ്യമക്കാരെ ഇപ്പോഴും അത് ഊട്ടിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ സ്വാതന്ത്ര്യത്തിന്റെ വിഷയമായി കണ്ടാല്‍ വലിയ പ്രശ്‌നമൊന്നുമുണ്ടാവില്ല. ആ മുഖച്ചിത്രം വന്നതിന്റെ പേരില്‍ ഇപ്പോള്‍ സൈ്വര്യമായി പൊതു ഇടങ്ങളില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് മുലകൊടുത്തുകൊണ്ടിരുന്നവര്‍ക്ക് അതിന് ചില ബുദ്ധിമുട്ടുണ്ടാകുമെന്നൊഴിച്ചാല്‍, വലിയ മാറ്റമൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല. പ്രസവിച്ചു കഴിഞ്ഞാല്‍, കൈയില്‍ കുഞ്ഞിരിക്കുമ്പോഴെങ്കിലും അമ്മയെന്ന വികാരം മാത്രമേ മനസ്സില്‍ ഉള്ളുവെങ്കില്‍ എവിടെവച്ചും മുലകൊടുക്കുന്നതിന് സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അപ്പോഴും ലൈംഗിക ചിന്തയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് തങ്ങളുടെ മുല മറ്റുളളവര്‍ കാണുമ്പോള്‍ അസ്വസ്ഥതയുണ്ടാകും. മാതൃത്വം യാന്ത്രികമാവുകയും ലൈംഗിക വികാരം മുന്നിലേക്ക് കയറിവരികയും ചെയ്യുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. ഭൂരിഭാഗം മനുഷ്യര്‍ക്കും മുലയൂട്ടലില്‍ ലൈംഗികത തോന്നാനിടയില്ല. പിന്നെ ഏത് സമൂഹത്തിലും മാനസികവൈകല്യമുള്ളവരും കുറ്റവാസനയുള്ളവരും ഉണ്ടാകും.

 

ഈ കവര്‍പേജ് വന്ന സാഹചര്യത്തില്‍ ഇനി ട്രെയിനിലെങ്ങാനും അവ്വിധം മുല കൊടുക്കുന്നവരെ കാണുന്ന ആണുങ്ങള്‍ക്ക് ബോധപൂര്‍വ്വം തല തിരിക്കേണ്ടിവരും. അറിയാതെ തിരിച്ചു പോകും. അങ്ങനെ തല തിരിക്കുന്നത് കാണാന്‍ പാടില്ലാത്തത് കാണാതാരിക്കാന്‍ വേണ്ടിയാണ്. കുഞ്ഞ് കുടിക്കുന്ന മുല അല്‍പ്പം കണ്ടാല്‍ അമ്മയുടെ സ്‌നേഹമറിഞ്ഞു വളര്‍ന്ന ഏതു പ്രായത്തിലുള്ളവരയാലും, അവരില്‍ അബോധമായി മാതൃസ്‌നേഹം ഉണരും. അതവരറിയണമെന്നില്ല. അതുകൊണ്ടാണ് അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും തോന്നാത്തത്. ഇനിയിപ്പോള്‍ തല തിരിക്കുമ്പോള്‍ ഓര്‍മ്മ വരിക പ്രസവിക്കാത്ത മോഡലിന്റെ വ്യാജമുലകൊടുപ്പും പാലില്ലാത്ത മുലയുമായിരിക്കും. അപ്പോഴും വേണമെങ്കില്‍ മാതൃസ്‌നേഹം ഉണരാവുന്നതേ ഉള്ളൂ. പക്ഷേ അത്രയും ഉയരത്തിലേക്ക് മലയാളി എത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. അതെന്തുമായിക്കൊള്ളട്ടെ. ഇങ്ങനെയൊക്കെയുളള കാര്യങ്ങളില്ലെങ്കില്‍ നമ്മുടെ സമൂഹം എത്ര വിരസമായിപ്പോകും.
       

 

ഒരു കാര്യം മാത്രമേ ഇത്തിരി ക്രൂരമായുളളൂ. ആ കുഞ്ഞിനെ വ്യാജമായി മുലയൂട്ടിയത്. ആ കുഞ്ഞിനെ അത്തരമൊരു നിമിഷത്തിലേക്ക് എറിഞ്ഞുകൊടുക്കാന്‍ തയ്യാറായ അതിന്റെ മാതാപിതാക്കള്‍ക്ക്, അതാകാനുള്ള യോഗ്യതയായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. കൊച്ചു കുഞ്ഞുങ്ങള്‍ ഒന്നും മനസ്സിലാക്കുന്നില്ല എന്ന ധാരണയിലാണ് പലപ്പോഴും നാം അവരോട് ഇടപഴകുന്നത്. എന്നാല്‍ മുതിര്‍ന്നവരേക്കാളും ഈ ലോകത്തെ ജാഗ്രതയോടെ ശ്രദ്ധിക്കുന്നവരാണ് കുഞ്ഞുങ്ങള്‍. ചുറ്റുപാടില്‍ മുതിര്‍ന്നവര്‍ക്ക് ഒരു ശതമാനമാണ് ശ്രദ്ധയെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക്ത് നൂറ് ശതമാനമായിരിക്കും. കാരണം അവരുടെ മനസ്സ് നമ്മളെ പോലെ ചിന്തയില്‍ കുരുങ്ങുന്നില്ല. ശുദ്ധ ബോധാവസ്ഥയിലാണവര്‍.
        

 

ഈ കുഞ്ഞിന് സംഭവിച്ചത് നോക്കാം. പെറ്റുവീണിട്ട് ദിവസങ്ങളോ മാസങ്ങളോ മാത്രമേ ആയിട്ടുളളൂ. വടക്കേ മലബാറില്‍ പണ്ടുണ്ടായിരുന്ന ചടങ്ങാണ് പ്രസവിച്ചു കഴിഞ്ഞാല്‍ കുഞ്ഞിനെ ഉടനെടുത്ത് അമ്മയുടെ നെഞ്ചത്തു കിടത്തുക എന്നത്. അമ്മയില്‍ നിന്ന് വേര്‍പെടുമ്പോഴുള്ള ആ ആഘാതവും പുതിയ ലോകത്തേക്ക് എത്തപ്പെട്ടതിന്റെ പുത്തന്‍ അനുഭവവും ആ കുഞ്ഞിന്റെ ശുദ്ധമായ ബോധപ്രതലത്തില്‍ ഈ ലോകത്തിലേക്കുള്ള വരവ് പേടിക്കേണ്ട ഒന്നല്ല എന്ന് കുറിച്ചിടുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തിരുന്നത്. അതുവരെ പരിചിതമായിരുന്ന മിടിപ്പ് തുടര്‍ന്നും കേള്‍ക്കുമ്പോള്‍ ആ കുഞ്ഞിലെ അരക്ഷിതത്വബോധം അപ്രത്യക്ഷമായി ആത്മവിശ്വാസം ഉളളില്‍ രേഖപ്പെടുത്തുന്നു. ഈ പ്രക്രിയ ഇപ്പോള്‍ അതീവ ശാസ്ത്രീയമെന്നു കണ്ടെത്തി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആശുപത്രികളില്‍ അനുഷ്ഠിക്കാറുണ്ട്.
     

പിറന്ന് ഏതാനും മണിക്കൂറുകള്‍ കഴിയുമ്പോള്‍ തന്നെ ഫിറമോണ്‍ സൃഷ്ടിക്കുന്ന രാസസംവേദനത്തിലൂടെ കുഞ്ഞ് അമ്മയുടെ ഗന്ധം മനസ്സിലാക്കുന്നു. കരച്ചില്‍ കഴിഞ്ഞാല്‍ കുഞ്ഞ് ഈ ലോകത്ത് മനസ്സിലാക്കുന്നത് അമ്മയുടെ ഗന്ധമായിരിക്കും. ആ ബന്ധമാണ് ഈ ലോകത്തില്‍ അമ്മയുമായി ആ കുഞ്ഞ് സ്ഥാപിക്കുന്ന സംവേദന ബന്ധം. ആ മണം ആ വ്യക്തിയുടെ വൈകാരികതയുടെ അടിത്തറയാണ്. ധാരാളം പേര്‍ കുഞ്ഞിനെ അതിനു ശേഷം എടുക്കാറുണ്ട്. അപ്പൊഴൊക്കെ ശ്രദ്ധിച്ചാലറിയാം കുഞ്ഞ് തന്റെ അമ്മയുടെ കൈകളിലോ അരികിലോ അല്ലെന്നുള്ള കുഞ്ഞിന്റെ അറിവ്. അതിലുള്ള അസ്വസ്ഥത ചുണ്ടു ചുളുക്കലോ കണ്ണു ചുളുക്കലോ ആയി കുഞ്ഞ് പ്രകടമാക്കുമ്പോള്‍ എടുക്കുന്നവര്‍ അമ്മയുമായി ചേര്‍ത്ത് കിടത്തുകയും ചെയ്യും.
     

 

മുഖച്ചിത്ര സൃഷ്ടിക്കുവേണ്ടി ആ കുഞ്ഞിന്റെ വായിലേക്ക് ഇതുവരെ പാല്‍ ചുരന്നിട്ടില്ലാത്ത മുല തിരുകിയപ്പോള്‍, ആ കുഞ്ഞറിഞ്ഞ അറിവുകള്‍ അതിനെ സംബന്ധിച്ചിടത്തോളം ഭൂമി കുലുങ്ങുന്നതുപോലെ ആയിരുന്നിരിക്കും. തന്റെ അമ്മയുടെ ഗന്ധമില്ലാത്ത സ്ത്രീയുടെ സാമീപ്യം. മുലയുടെ അടുത്തേക്ക് ചെല്ലുമ്പോള്‍ അപരിചിതമായ ആ ഗന്ധം അതിനെ ആ സാമീപ്യം തിരസ്‌കരിക്കാന്‍ പ്രേരിപ്പിക്കും. പക്ഷേ അതു പ്രകടിപ്പിക്കാനോ പ്രതികരിക്കാനോ കഴിയില്ല. വിശേഷിച്ചും ഇരുപത്തിയെട്ടു ദിവസം തികയാത്ത കുട്ടികളാണെങ്കില്‍. ഒടുവില്‍ പാല്‍ ചുരക്കാത്ത മുല ഞുണയുമ്പോള്‍, പാല്‍ ലഭിക്കാതെ വരുമ്പോഴുള്ള അതിന്റെ ഒരു ആന്തരിക തകര്‍ച്ചയുണ്ടാകും. ആദ്യമായി ആ കുഞ്ഞ് കബളിപ്പിക്കപ്പെടുന്നതായി അറിയുന്നു. ആ കുഞ്ഞ് ഓരോ തവണയും മുലകുടിക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ ഓര്‍മ്മ അതിനെ വേട്ടയാടും ക്രമേണ അതറിയാതെയാവുമെങ്കിലും. പക്ഷേ ആദ്യമായറിഞ്ഞ ആ ഞെട്ടല്‍ കുഞ്ഞിന്റെ ഉപബോധമനസ്സില്‍ അവശേഷിക്കും. അത് ഭാവിയില്‍ ആത്മവിശ്വാസക്കുറവായും മറ്റുള്ളവരിലും സ്വന്തം അമ്മയില്‍ പോലും വിശ്വാസമില്ലായ്മയായും വളര്‍ന്നാല്‍ അതിശയിക്കാനില്ല.
     

 

ഒരു വയസ്സാകുമ്പോള്‍ കുഞ്ഞ് സംസാരിച്ച് തുടങ്ങും. അത് ആദ്യത്തെ ബര്‍ത്ത് ഡേ ആഘോഷിക്കുമ്പോള്‍ ആ കുഞ്ഞ് എടുക്കുന്ന തീരുമാനമല്ല. ഗര്‍ഭസ്ഥാവസ്ഥയില്‍ തുടങ്ങിയ ശ്രദ്ധയുടെ പരിണാമമാണ് ഒന്നാം വയസ്സില്‍ കുഞ്ഞു സംസാരിച്ചു തുടങ്ങുന്നത്. അതുവരെ ആ കുഞ്ഞ് തന്റെ അനുഭവശേഖരത്തിലേക്ക് സ്വരുക്കൂട്ടിയ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ സംഭവിക്കുന്നതാണത്. ഗര്‍ഭകാലത്ത് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ സിനിമയിലോ അല്ലാതെയോ കാണുന്ന അമ്മമാരുടെ കുട്ടികളില്‍ പേടി അധികരിച്ചു കാണാറുണ്ട്. ചിലപ്പോള്‍ അമ്മമാര്‍ ആ സമയത്ത് പേടിച്ചതും അവരെ പിന്നീടുള്ള ജീവിതത്തില്‍ പിന്തുടരാറുണ്ട്.
      

 

സ്വന്തം അമ്മയുടെ സ്‌നേഹമാണ് ഒരു വ്യക്തിയുടെ സ്വഭാവത്തെ ആത്യന്തികമായി നിയന്ത്രിക്കുക. അമ്മയുടെ സ്‌നേഹമറിയാതെ വളര്‍ന്ന കുട്ടി ഹിറ്റ്‌ലറായി ചരിത്രത്തില്‍ ഭീകരത സൃഷ്ടിച്ചു. വിശന്ന് വിറച്ച അവസരത്തിലും തന്റെ അവശേഷിക്കുന്ന ചൂട് കുഞ്ഞിന് പകര്‍ന്നുകൊടുത്ത് വളര്‍ത്തപ്പെട്ട കുട്ടി മുതിര്‍ന്നപ്പോള്‍ ലോകത്തെ മുഴുവന്‍ ചിരിപ്പിക്കുകയും അതിലൂടെ ചിന്തിപ്പിക്കുന്നവനുമായി. ആ കുട്ടി ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്നു. ലോകമുള്ള നാളത്രയും ആ കുട്ടി ചിരിപ്പിക്കുകയും ചെയ്യും. ആ കുട്ടിയുടെ പേരാണ് ചാര്‍ലി ചാപഌന്‍.
      

 

തന്റെ കുഞ്ഞിന്റെ വായിലേക്ക് പ്രസവിക്കാത്ത മറ്റൊരു സ്ത്രീയുടെ മുല തിരുകാന്‍ കൊടുത്ത അമ്മയുടെ മാനസികാവസ്ഥ നല്ലൊരമ്മയ്ക്ക് ചേര്‍ന്നതല്ല. ഏതോ ചില പ്രലോഭനങ്ങളുടെയോ ചിന്തകളുടെയോ സ്വാധീനത്തില്‍ മാതൃത്വം പിന്‍വാങ്ങിയ സ്ത്രീ. സമൂഹത്തിന്റെ ഏതോ ചിന്താതടവറയില്‍ കഴിയുന്ന സ്വയം ബഹുമാനത്തിന്റെ അളവ് കുറഞ്ഞ സ്ത്രീയായിരിക്കും അവര്‍. ആ കുട്ടി പ്രതിഫലത്തിനായി സ്വന്തം തീരുമാനപ്രകാരമല്ല ഇതു ചെയ്തത്. ഒരു പക്ഷേ ആ കുട്ടിയുടെ അച്ഛനമമ്മമാര്‍ പ്രതിഫലം പറ്റിയിരിക്കാം. പതിനാറ് വര്‍ഷം കഴിയുമ്പോള്‍ ആ കുട്ടി ഈ ചിത്രം കാണാനിടവരികയാണെങ്കില്‍ അതിന്റെ വൈകാരികത എന്താണെന്ന് നിശ്ചയിക്കാന്‍ പ്രയാസമാണ്. ആക്ടിവിസ്റ്റുകളും മോഡലുകളും പറയുന്ന രീതിയില്‍ മറ്റുളളവര്‍, സ്വന്തം മക്കളാണെങ്കിലും ചിന്തിക്കുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. ഇത്രയും ശ്രദ്ധ കുറവും സ്വയം ബഹുമാനവുമില്ലാത്ത അമ്മയുടെ കുഞ്ഞും ആ ബഹുമാനത്തിലായിരിക്കും വളര്‍ന്നു വരിക. സ്വാഭാവികമായും സംഘര്‍ഷം ആ കുട്ടിയെ പിന്തുടരും.ആ മാതാപിതാക്കളുടെ വ്യക്തിത്വം കുഞ്ഞിലേക്കും പകരപ്പെടും. അന്ന് ഇന്നത്തെ അവസ്ഥയേ ആകില്ല. അനുദിനം മാറുന്ന ലോകത്താണ് പുതുതലമുറ  വളരുന്നത്. അതീവ ശ്രദ്ധയില്ലെങ്കില്‍, അതിസങ്കീര്‍ണ്ണമാകുന്ന വെര്‍ച്വല്‍ ലോകത്താല്‍ നിശ്ചയിക്കപ്പെടുന്ന ഭൗതിക ലോകത്തിലെ അവരുടെ ജീവിതം ദുസ്സഹം തന്നെയാകും.
        

 

ഇവിടെയാണ് ഈ അമ്മയുടെ തീരുമാനം സമൂഹത്തിന് ദോഷമായി മാറുന്നത്. ആരെയും വിശ്വാസമില്ലാതെ സ്വയം ബഹുമാനമില്ലാതെ വളര്‍ന്നു വരുന്ന ഒരു യുവതിയായാലും യുവാവായാലും അത് സമൂഹത്തിന് വിപത്താണ്. ഇന്ന് നാം കാണുന്ന ഓരോ കുറ്റകൃത്യത്തിന്റെയും ഭീകരവാദപ്രവര്‍ത്തനത്തിന്റെയും ആധാരമായി പ്രവര്‍ത്തിക്കുന്നത് അമ്മയുടെ സ്‌നേഹം നഷ്ടമായവരുടെ പകയാണ്. വ്യാജമുലയൂട്ടലിന് ഇരയാക്കപ്പെട്ടത് ആണ്‍കുട്ടിയാണെങ്കില്‍ പതിനെട്ട് വര്‍ഷം കഴിയുമ്പോള്‍ ഈ ചിത്രം കാണുന്ന അവസരത്തില്‍, അവന്റെ യാഥാര്‍ത്ഥ അമ്മയുടെ മാറും തോളും കക്ഷവുമായിരിക്കുമോ കാണുക. അവനും തുറിച്ചുനോട്ടക്കാരനല്ലെന്ന് എങ്ങനെ ഉറപ്പുവരുത്താനാകും. പെണ്‍കുട്ടിയാണെങ്കിലും അവളില്‍ സുഖകരമായ വൈകാരികത ഉണ്ടാകാന്‍ സാധ്യത കുറവാണ്. ചിലപ്പോള്‍ അവളില്‍ വെറുപ്പുണ്ടായിക്കൂടെന്നുമില്ല. അമ്മ മരിച്ച കുഞ്ഞുങ്ങള്‍ പാലുള്ള മറ്റമ്മമാരുടെ മുലകുടിച്ചു വളര്‍ന്ന സംഭവങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. അത്തരം അമ്മമാരോട് വളരുമ്പോള്‍ ആ കുട്ടികള്‍ക്ക് മാതൃസഹജമായ അടുപ്പവും ഉണ്ടാകാറുണ്ട്.
        

 

എന്തുകൊണ്ട് വ്യാജമുലയൂട്ടലിന് തന്റെ കുഞ്ഞിനെ കൊടുത്ത അമ്മയ്ക്ക് തന്നെ മുഖച്ചിത്രമായിക്കൂടായിരുന്നു. അവരെ എന്താണ് പിന്നോട്ടടിച്ചത്. അതോ മോഡല്‍ ലക്ഷണമില്ലാതിരുന്നതോ? ഒന്നുകില്‍ മോഡല്‍ ലക്ഷണമില്ലാതിരുന്നത്. അല്ലെങ്കില്‍ ആ കുഞ്ഞിന്റെ അമ്മ തയ്യാറാകാതിരുന്നത്. ഇത് രണ്ടും പ്രസക്തമായ വിഷയമാണ്. മോഡല്‍ ലക്ഷണമില്ലാതിരുന്നു എങ്കില്‍ ഒഴിവാക്കപ്പെട്ടത് ചിന്തനീയം. അവര്‍ പിന്‍വാങ്ങിയതാണെങ്കില്‍ അവര്‍  ഇതിനെ അംഗീകരിക്കാത്തതുകൊണ്ട്.  നാടകത്തിലായാലും സിനിമയിലായാലും കുഞ്ഞുങ്ങളെ ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രക്രീയയ്ക്ക് അവരെ ഇരയാക്കുന്നത് ദുരന്തമാണ്. ഇതാണ് ഏറ്റവും വലിയ പീഡനം. സമൂഹത്തിന് ദുരന്തം വിതയ്ക്കാന്‍ പര്യാപ്തമായത്. ഹിറ്റ്‌ലര്‍ ഓര്‍മ്മിപ്പിക്കുന്നത് അതാണ്. ഭീകരവാദികളും. പാകിസ്ഥാനിലെ അസ്വസ്ഥയായ അമ്മയുടെ മകന്‍ അജ്മല്‍ കസബ് മുംബൈയിലെത്തി 166 പേരെ ചുട്ടു കൊന്നതും ഓര്‍ക്കാം.

 

 

 

Tags: