കേരളം ഏകാധിപത്യത്തിന് പക്വം

Glint Staff
Wed, 09-05-2018 04:00:45 PM ;

Yesudas, Ram Nath Kovind, Social Media

ഏകാധിപതിക്ക് അടക്കി വാഴാന്‍ സമ്പൂര്‍ണ്ണമായും പാകമായ സാമൂഹ്യ അന്തരീക്ഷമാണ് ഇന്ന് കേരളത്തില്‍. വൈകാരികതയുടെ മൂര്‍ധന്യത്തില്‍  തീരുമാനമെടുക്കുന്ന പ്രകൃതമാണ് അത്. വൈകാരികമായി തീരുമാനമെടുക്കുമ്പോള്‍ അതിന് യുക്തിയുടെ പിന്‍ബലമുണ്ടാകില്ല. യുക്തിയുടെ പിന്താങ്ങില്ലാതെ എടുക്കുന്ന ഏതു തീരുമാനവും ദുരന്തത്തില്‍ കലാശിക്കും. പൈങ്കിളി പത്രപ്രവര്‍ത്തനം വ്യവസ്ഥാപിത മാധ്യമപ്രവര്‍ത്തനമായി അംഗീകരിക്കപ്പെടുകയും അത് പ്രയോഗിക്കുകയും ചെയ്യുന്ന ഇടമാണ് കേരളം. അത് ബൗദ്ധികമായ ഔന്നത്യമാണെന്നും മലയാളി കരുതുന്നു. മലയാളി ഓരോന്നിനെയും തള്ളുന്നതിനും കൊളളുന്നതിനും ആധാരമായി ഈ വൈകാരികതയെയാണ് സ്വീകരിക്കുന്നത്.
       

വൈകാരികതയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നാംതരം പേടിച്ചുതൂറികളായിരിക്കും. പേടിയാണ് ഈ വൈകാരികതയക്ക് പ്രമാണമായി പ്രവര്‍ത്തിക്കുന്നത്. സുചിന്തിതമായ യുക്തിയുടെ സാന്നിദ്ധ്യം പേടിക്കു പകരം ധൈര്യമായിരിക്കും പ്രദാനം ചെയ്യുക. എന്നാല്‍  പേടിത്തൊണ്ടന്മാര്‍ വൈകാരിക ശമനത്തിന് എടുക്കുന്ന തീരുമാനങ്ങളും നിലപാടുകളും ധൈര്യമെന്നും ചങ്കൂറ്റമെന്നുമാണ് തെറ്റിധാരണ. അജ്ഞതയാണ് പേടിക്കു കാരണം. അജ്ഞതയുടെ മൂടുപടലമുള്ളപ്പോള്‍ യാഥാര്‍ത്ഥ്യങ്ങളെ യഥാര്‍ത്ഥമായി കാണാന്‍ കഴിയില്ല. ഫാസിസം വന്നു നമ്മളെ വിഴുങ്ങും, വര്‍ഗീയത വന്നു വിഴുങ്ങും തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ച് ആള്‍ക്കാരില്‍ പേടിയുണ്ടാക്കും. പേടിയുള്ളവര്‍ മാത്രമേ മറ്റുള്ളവരില്‍ പേടി സൃഷ്ടിക്കുകയുള്ളൂ. അതുകൊണ്ടാണ് ഭ്രഷ്ട് കല്‍പ്പിക്കുന്നത്. എല്ലാ ഭ്രഷ്ടുകളുടെയും കാരണം വിവരമില്ലായ്മയില്‍ നിന്നുണ്ടായ പേടിയാണ്. ജാതി സംബന്ധമായ ഭ്രഷ്ട് പോലെ തന്നെയാണ് മറ്റെല്ലാ ഭ്രഷ്ടുകളും. ഈ ഭ്രഷ്ട് സംസ്‌കാരത്തില്‍ നിന്നാണ് നിഷേധത്തിന്റെ രാഷ്ട്രീയ സംസ്‌കാരം ജനിച്ചത്.

 

ജനായത്തത്തിന് ശക്തിയില്ലെന്ന പരോക്ഷമായ വിളിച്ചുകൂവലാണ് ഭാവിയില്‍ ആരെങ്കിലും വിഴുങ്ങുമെന്ന ഭീതി ജനിപ്പിക്കുന്നതിലൂടെ നടത്തുന്നത്. ജനായത്തം ശക്തമാണെങ്കില്‍ വിഴുങ്ങാന്‍ വരുമ്പോള്‍ ജനം കൈകെട്ടി നിന്നു കൊടുക്കില്ല. ആ ശക്തിയെയാണ് ജനായത്തത്തില്‍ എപ്പോഴും ഓര്‍മ്മിപ്പിക്കേണ്ടത്. മറിച്ച് ഭീതി ജനിപ്പിക്കുകയാണെങ്കില്‍, വിഴുങ്ങാന്‍ വരുന്നവര്‍ക്ക് അവസരമൊരുക്കിക്കൊടുക്കലായി മാറും. ജനായത്തത്തിന്റെ സാധ്യത പരിധിയില്ലാത്തതാണെന്നും അതുള്ളിടത്തോളം കാലം ആര്‍ക്കും ആരെയും വിഴുങ്ങാന്‍ പറ്റില്ലെന്നും ആവര്‍ത്തിക്കപ്പെടന്ന സമൂഹത്തില്‍ ചൂഷണാധിഷ്ടിത പദ്ധതികളുമായി ആരും തന്നെ മുന്നോട്ടു വരില്ല.  അത്തരമൊരു സമൂഹത്തില്‍ ഒരു ഏകാധിപതിക്കും വാഴാന്‍ പറ്റില്ല. ഭീരുക്കളുടെ സമൂഹത്തെ മാത്രമേ ഏകാധിപതിക്കു ഭരിക്കാന്‍ കഴിയുകയുള്ളൂ  .
 

ദേശീയ ചലച്ചിത്ര പുരസ്‌കാര ബഹിഷ്‌കരണമാണ് ഏറ്റവുമൊടുവില്‍ മലയാളിയുടെ പേടി പ്രകടമാക്കിയ സംഭവം. യേശുദാസ് രാഷ്ട്രപതിയെ ബഹിഷ്‌കരിക്കാത്തതിന്റെ പേരില്‍ മഹാപാപിയെപ്പോലെയാണ് അദ്ദേഹത്തെ ബഹിഷ്‌കരണ അനുകൂലികള്‍ വിശേഷിപ്പിക്കുന്നത്. അദ്ദേഹം ശ്രുതി തെറ്റിച്ച പാട്ടുകളുടെ കണക്കെടുപ്പു പോലും സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തപ്പെട്ടുകൊണ്ടിരിക്കുന്നു. കത്തുവയിലെ എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത ആള്‍ക്കാരെ ചിത്രീകരിച്ചതിനേക്കാള്‍ നികൃഷ്ടമായിട്ടാണ് യേശുദാസിനെ വരച്ചുകാട്ടുന്നത്. യേശുദാസ് രാഷ്ട്രപതിയെ ബഹിഷ്‌കരിച്ചിരുന്നുവെങ്കില്‍ അത് എത്രമാത്രം അനാദരവും അനൗചിത്യവുമാകുമായിരുന്നു.
    

ജനായത്ത സംവിധാനത്തില്‍ വ്യക്തികളല്ല പ്രധാനം. സ്ഥാനവും സ്ഥാപനവുമാണ്. കാരണം അത് നാം സൃഷ്ടിച്ചതാണ്. ജനായത്ത സ്ഥാപനങ്ങളില്‍ സ്ഥാനം വഹിക്കുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതായിപ്പോയി ബഹിഷ്‌കരണ നടപടി. ഞാന്‍ സ്റ്റേറ്റ് എന്ന് പറയുന്ന ഭരണാധികാരിയെപ്പോലെ നിങ്ങളാണ് സ്‌റ്റേറ്റ് എന്ന് ജനം ഭരണാധികാരിയോട് പറയുന്നതുപോലെ ആയിപ്പോയി ബഹിഷ്‌ക്കരണത്തിനാധാരമായി ഉയര്‍ത്തപ്പെട്ട ന്യായം. ജനം തന്നെ അത്തരമൊരു പരിവേഷം അധികാരസ്ഥാനത്തുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുത്താല്‍ അധികാരം ഉപയോഗിച്ച് അവര്‍ അപ്രമാദിത്തം കാണിക്കും. സംശയമില്ല. ജനായത്തത്തില്‍ അനഭിലഷണീയത കടന്നുകൂടിയാല്‍ അത് ഏകാധിപത്യത്തിലേതിനേതിനേക്കാള്‍ അപകടങ്ങളിലേക്കു വഴിതെളിക്കും. കാരണം ജനായത്തത്തിന്റെ കുപ്പായം പുറമേ കിടക്കുന്നതിനാല്‍.
     

തങ്ങള്‍ മാത്രമാണ് ശരി എന്ന മനഃശാസ്ത്രപരമായി രോഗമായി കണക്കാക്കപ്പെടുന്ന self righteousnsse രോഗികളാണ് ഈ പോസ്റ്റിടുന്നത്. അവരെ മറ്റുള്ളവര്‍ അംഗീകരിച്ചുകൊളളണം. അതേ സമയം മറ്റുള്ളവരെ അവര്‍ അംഗീകരിക്കുകയുമില്ല. മറ്റുള്ളവരില്‍ തങ്ങളുടെ നിലപാടുകള്‍ വൈകാരികതയോടെ അടിച്ചേല്‍പ്പിക്കും. ഈ വൈകാരികതയുടെ പ്രകടനമാണ് തെരുവില്‍ കാണുന്ന അടിപിടികളും വെട്ടും കുത്തും കൊലപാതകവുമൊക്കെ. സാമൂഹ്യമാധ്യമങ്ങളും കല്‍പ്പിത ലോകത്തെ തെരുവു തന്നെയാണ്. പരമ്പരാഗത തെരുവിലെ അതേ സംസ്‌കാരത്തേക്കാള്‍ മോശമായ സംസ്‌കാരമാണ് സാമൂഹ്യമാധ്യമ കവലകളിലും പ്രകടമാകുന്നത്. എഴുത്തും വായനയും വശമില്ലാതെ തെരുവില്‍ ജനിച്ചു വളര്‍ന്നവര്‍ പോലും ഉപയോഗിക്കാത്ത ഭാഷയും ശൈലിയുമാണ് ചിലര്‍ ഇവിടെ പ്രയോഗിക്കുന്നത്. ഈ പ്രയോഗം നടത്തുന്നവര്‍ യേശുദാസിനെയല്ല ചെറുതാക്കുന്നത്. പകരം അവര്‍ സ്വയം നിര്‍വ്വചിക്കുകയാണ്. അതു പോലും തിരിച്ചറിയാന്‍ ശേഷിയില്ലാത്തവരാണ്  ജനായത്തമൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നതും അതാണ് ബൗദ്ധിക നിലപാടെന്ന് കരുതുന്നതും. മറ്റുളളവര്‍ക്കും തങ്ങളെപ്പോലുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്നെങ്കിലും അവര്‍ തിരിച്ചറിയണം.
       

ഈ ബഹിഷ്‌കരണവാദികള്‍ ചുരുങ്ങിയ പക്ഷം യേശുദാസ് ഒരു വ്യക്തിയാണെന്നു പോലും പരിഗണിക്കാന്‍ തയ്യാറാവുന്നില്ല. അദ്ദേഹത്തിന് സ്വന്തമായി മറ്റുള്ളവര്‍ക്ക് ദോഷകരമാകാത്ത തീരുമാനമെടുക്കാനുള്ള മൗലികാവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്. അതെങ്കിലും മനസ്സിലാക്കേണ്ടതാണ്. അതുപോലും അംഗീകരിച്ചുകൊടുക്കാത്ത തങ്ങളുടെ അഭിപ്രായം പങ്കിടാത്തവരെ ഇല്ലായ്മ ചെയ്യുന്ന സ്വഭാവത്തെയാണ് ഫാസിസമെന്നു പറയുന്നത്. തങ്ങളുടേതില്‍ നിന്നും മറിച്ചൊരു അഭിപ്രായമോ നിലപാടോ വന്നു കഴിഞ്ഞാല്‍ തങ്ങള്‍ ഇല്ലാതായിപ്പോകും അല്ലെങ്കില്‍ അപ്രസക്തരായിപ്പോകുമെന്നുള്ള പേടികൊണ്ടാണ് ഇത് സംഭവിക്കുന്നത്. ദൗര്‍ബല്യം പരമകാഷ്ഠയില്‍ നിലനില്‍ക്കുമ്പോഴാണ് അങ്ങനെ തോന്നുന്നത്. ദൗര്‍ബല്യം അധികരിക്കുമ്പോഴാണ് തങ്ങള്‍ ഇല്ലായ്മ ചെയ്യപ്പെടുമോ എന്ന ചിന്തയും അതില്‍ നിന്ന് വൈകാരികതയും ഉണ്ടാകുന്നത്. തെരുവില്‍ തല്ലും കൊലയുമൊക്കെ നടക്കുന്നത് അതിനാലാണ്. മറ്റൊരാളുടെ നിലനില്‍പ്പ് തനിക്ക് ഭീഷണിയാകുമെന്ന് ധരിച്ച് അയാളെ ഇല്ലായ്മ ചെയ്ത് സ്വയം സുരക്ഷ ഉറപ്പിക്കാനുള്ള ശ്രമം. പിണറായി വിജയന്‍ കേരള മുഖ്യമന്ത്രിയാകുന്നതുവരെ അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ ജനായത്ത വാദികളും അനുകൂലിക്കുന്നവര്‍ ജനായത്തവിരുദ്ധരുമെന്ന് ചിത്രീകരിക്കപ്പെട്ടിരുന്നതിന്റെ പിന്നിലും ഈ മനോരോഗമാണ് പ്രവര്‍ത്തിച്ചത്. മുഖ്യധാരാ മാധ്യമങ്ങളെയും ഈ മനോരോഗം പിടിപെട്ടിട്ടുണ്ട്.
     

കവലയില്‍ തല്ലും കുത്തും നടത്തുന്നവരുടെ മാനസികാവസ്ഥ നാശത്തില്‍ നിന്ന് നാശത്തിലേക്കായിരിക്കും സാഹചര്യങ്ങളെ കൊണ്ടുപോവുക. കാരണം കീഴടങ്ങലിന്റെയും കീഴടക്കലിന്റെയും സംസ്‌കാരം മാത്രമേ അവിടെ ഉള്ളൂ. കീഴടക്കാന്‍ ശേഷിയുള്ളവനെ കീഴടങ്ങുന്നവന് പേടിയും ബഹുമാനവുമായിരിക്കും. അതുകൊണ്ടാണ് തെരുവില്‍ ഗുണ്ടകള്‍ വിളയാടുന്നത്. ഒന്നോ രണ്ടോ പേര്‍ ചേര്‍ന്നാല്‍ കീഴടക്കാന്‍ കഴിയുന്ന ഗുണ്ടകള്‍ ഒരു സമൂഹത്തെ മുഴുവന്‍ പേടിപ്പിച്ചു നിര്‍ത്തുന്നത് ഈ മനഃശാസ്ത്രം മൂലമാണ്. സാമൂഹ്യമാധ്യമത്തിലൂടെ പ്രകടമാകുന്ന കേരളം, ഇത്തരത്തില്‍ പേടിച്ചു മരണഭീതിയില്‍ നില്‍ക്കുന്ന സമൂഹത്തെയാണ് വെളിവാക്കുന്നത്. ഈ സാഹചര്യത്തില്‍ കൗശലക്കാരനായ ഒരു ഭരണാധികാരിക്ക് വേണമെങ്കില്‍ അനായാസം ഏകാധിപതിയോ സ്വേഛാധിപതിയോ ആയി ഭരിക്കാന്‍ പറ്റിയ സാഹചര്യം സംജാതമായിട്ടുണ്ട്.

 

 

Tags: