![]() |
മൂന്ന്‍ മിനിട്ട് മാത്രം നീണ്ടുനിന്ന ഒരു രാഷ്ട്രീയ ഭൂകമ്പമായിരുന്നു അത്. യു.പി.എ എന്ന മാളിക പക്ഷേ, ശരിക്ക് ആ കുലുക്കമറിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഉന്നതരും കൂടെയുലയുകയും ചെയ്തു. ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു. തികച്ചും നാടകീയമായി ഡല്‍ഹി പ്രസ് ക്ലബ്ബില്‍ അപ്രഖ്യാപിതമായി കടന്നുവന്ന്‍ മൂന്ന്‍ മിനിട്ട് മാത്രം നീണ്ടുനിന്ന അഭിസംബോധനയിലൂടെ കളങ്കിത ജനപ്രതിനിധികളെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനിരുന്ന വിവാദ ഓര്‍ഡിനന്‍സിന് നേരെ രാഹുല്‍ നിശിതമായ വിമര്‍ശനമുയര്‍ത്തുകയായിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് യു.പി.യുടെ സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന രാഹുല്‍ ഓര്‍ഡിനന്‍സിനെ വിശേഷിപ്പിച്ചത് ‘പൂര്‍ണ്ണമായും നിരര്‍ത്ഥകം’ എന്നാണ്. ഇത് വലിച്ചുകീറി ദൂരെയെറിയണമെന്നതാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും രാഹുല്‍ പറഞ്ഞു.
പാര്‍ട്ടിയിലെ അധികാരശ്രേണിയിലെ രണ്ടാമന്‍ കൂടിയായ രാഹുലിന്റെ പൊട്ടിത്തെറി നടന്നത് കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം മേധാവി അജയ് മാക്കന്‍ ഓര്‍ഡിനന്‍സിനെ അനുകൂലിച്ച് നടത്തിക്കൊണ്ടിരിക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് എന്നതാണ് ഇതിലെ വിരോധാഭാസം. പ്രധാനമന്ത്രിയാകട്ടെ, യു.എസില്‍ പ്രസിഡന്റ് ബരാക് ഒബാമ, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരിഫ് എന്നിവരടക്കമുള്ള ലോകനേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തുന്നതിനിടയിലാണ് ഈ സംഭവവികാസം.
രാഷ്ട്രീയ പരിഗണനകള്‍ മൂലം തങ്ങള്‍ക്കിത് ചെയ്യേണ്ടിവരുന്നു എന്നാണ് തന്റെ സംഘടനയിലുള്ളവര്‍ ഓര്‍ഡിനന്‍സിന് നല്‍കിയ ന്യായീകരണം എന്ന്‍ രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസും ബി.ജെ.പിയും സമാജ് വാദി പാര്‍ട്ടിയും ജെ.ഡി(യു.)വും ഇങ്ങനെ ചെയ്യുന്നു. എന്നാല്‍ ഈ അബദ്ധം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു എന്ന്‍ രാഹുല്‍ തുടര്‍ന്നു. ഈ രാജ്യത്തെ അഴിമതിയോട് പൊരുതാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അത് കോണ്‍ഗ്രസ് പാര്‍ട്ടിയായാലും ബി.ജെ.പിയായാലും, ഇത്തരം കൊച്ചുകൊച്ച് ഒത്തുതീര്‍പ്പുകള്‍ ഇനി തുടരാനാവില്ല. കാരണം ഇങ്ങനെയുള്ള ഒത്തുതീര്‍പ്പുകള്‍ ചെയ്താല്‍ പിന്നീട് എല്ലായിടത്തും നാം ഒത്തുതീര്‍പ്പ് തുടരും. ഇങ്ങനെയാണ് രാഹുല്‍ തന്റെ നയം വിശദീകരിച്ചത്.
ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഓര്‍ഡിനന്‍സ് എന്ന കാര്യത്തില്‍ എന്തായാലും തര്‍ക്കമില്ല. രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന ഒരു സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. 250-ല്‍ അധികം പാര്‍ലിമെന്റംഗങ്ങള്‍ വിവിധ കോടതികളില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുന്നുണ്ട് എന്ന വസ്തുത മാത്രം മതി ഓര്‍ഡിനന്‍സിന്റെ ഉദ്ദേശം മനസിലാക്കാന്‍.
ഇന്ത്യയുടെ രാഷ്ട്രശരീരത്തിന്റെ അകങ്ങളെ കാര്‍ന്നുതിന്നുന്ന അഴിമതിക്കെതിരെ നെഹ്രു-ഗാന്ധി കുടുംബത്തിലെ ഈ 43-കാരന്‍ ഇളമുറക്കാരന്റെ നിലപാട് അഭിനന്ദനീയം തന്നെയാണ്. എന്നാല്‍, ഈ ധാര്‍മിക രോഷം കൈയ്യടി കിട്ടുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണോ എന്ന സംശയത്തിനും ന്യായമായ വകുപ്പുണ്ട്. പ്രത്യേകിച്ചും ഈ നിലപാട് തുറന്നുപറഞ്ഞ സമയവും രീതിയും നോക്കുമ്പോള്‍. പ്രധാനമന്ത്രിയ്ക്ക് ഇത് വലിയൊരു അഭിമാനക്ഷതമായി മാറി. കറപുരളാത്ത സ്വഭാവത്തിന്റെ പേരില്‍ ടെഫ്ലോണ്‍ വ്യക്തിത്വം എന്ന് അറിയപ്പെട്ടിരുന്ന മന്‍മോഹന്‍ സിങ്ങാണ് രാജ്യസഭയില്‍ ഈ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചത്. ഓര്‍ഡിനന്‍സിലുള്ള ബോധ്യത്തേക്കാളേറെ രാഷ്ട്രീയ സൌകര്യമാണ് അതിന് കാരണമാകാന്‍ സാധ്യതയുണ്ടെങ്കിലും.
യു.എസ്സില്‍ പ്രധാനമന്ത്രി പുറത്തിറക്കിയ പ്രസ്താവനയിലും മുഖം രക്ഷിക്കാനുള്ള ശ്രമം വ്യക്തമായിരുന്നു. പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്ന ഓര്‍ഡിനന്‍സ് സംബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തനിക്ക് എഴുതിയിരുന്നെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതും പ്രസ്താവന അടക്കമുള്ള സംഭവവികാസങ്ങളും താന്‍ തിരിച്ചെത്തിയാലുടന്‍ മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഒപ്പം കൂട്ടിച്ചേര്‍ത്തു.
തര്‍ക്കവിഷയം ഇതാണ്: യു.പി.എ മന്ത്രിസഭയുടേയും പ്രതിപക്ഷ കക്ഷികളുടേയും പിന്തുണയുള്ള ഓര്‍ഡിനന്‍സിനെ പരസ്യമായി തള്ളിപ്പറഞ്ഞതിലൂടെ പ്രധാനമന്ത്രിയുടെ അധികാരത്തെയും കൂട്ടുത്തരവാദിത്തം എന്ന പാര്‍ലിമെന്ററി തത്വത്തെയും ഇകഴ്തുകയായിരുന്നില്ലേ രാഹുല്‍ ചെയ്തത്? മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്ന ഈ ഓര്‍ഡിനന്‍സിനെ കുറിച്ച് സോണിയ ഗാന്ധിക്കും രാഹുലിനും അറിവുണ്ടായിരുന്നില്ല എന്നത് എത്രത്തോളം വിശ്വസനീയമാണ്?
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വാര്‍ത്താ സമ്മേളനത്തിനിടയില്‍ വിദേശകാര്യ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്, രാജീവ് ഗാന്ധി. എന്നാല്‍, അത് രാജീവിന് സല്‍ക്കീര്‍ത്തിയൊന്നും നല്‍കിയില്ല. എടുത്തുചാടിയുള്ള ഇടപെടലുകളും ശുണ്ഠിപ്രദര്‍ശനങ്ങളുമല്ല, ചിന്തിതമായ അഭിപ്രായമാണ് രാഷ്ട്രീയം. ഭരണരംഗത്തെ കെടുകാര്യസ്ഥതയില്‍ നിന്നും അഴിമതിയില്‍ നിന്നും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സുരക്ഷിതമാക്കാന്‍ കഴിയുന്ന വിദ്യയായിട്ടാണ് തന്റെ പൊട്ടിത്തെറിയെ രാഹുല്‍ കരുതുന്നതെങ്കില്‍ അതിനെ തെറ്റിദ്ധാരണ എന്ന് കരുതുന്നതാവും കൂടുതല്‍ ഉചിതം.
രാജ്യസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയും ഇപ്പോള്‍ മന്ത്രിസഭ പിന്‍വലിക്കാന്‍ തീരുമാനിക്കുകയും ചെയ്ത ബില്‍ ഒരു സര്‍വകക്ഷി യോഗത്തിലെ ചര്‍ച്ചകളുടെ ഉല്‍പ്പന്നമായിരുന്നു. ഈ ചര്‍ച്ചകളുടെയും സമവായത്തിന്റെയും ഭാഗവുമായിരുന്നു കോണ്‍ഗ്രസ്. അതേസമയം, രാഹുലിന്റെ ഇടപെടലിന് ഒരുദിവസം മുന്‍പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഓര്‍ഡിനന്‍സില്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, നിയമ മന്ത്രി കപില്‍ സിബല്‍, പാര്‍ലിമെന്ററികാര്യ മന്ത്രി കമല്‍ നാഥ് എന്നിവരെ മുഖര്‍ജി വിളിച്ചുവരുത്തുകയായിരുന്നു. രാജ്യസഭയില്‍ ബില്‍ നിലനില്‍ക്കേ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ട ആവശ്യകതയാണ് മുഖര്‍ജി ചോദ്യം ചെയ്തുവെന്നാണ് സൂചനകള്‍.
രണ്ടോ അതിലധികമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ കുറ്റവാളിയെന്ന് വിധിക്കപ്പെട്ടാല്‍ ജനപ്രതിനിധികള്‍ക്ക് ഉടന്‍ അയോഗ്യത കല്‍പ്പിച്ചു കൊണ്ടുള്ള ജൂലൈ പത്തിലെ വിധി പുന:പരിശോധിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ അപ്പീല്‍ സെപ്തംബര്‍ അഞ്ചിന് സുപ്രീം കോടതി തള്ളിയതോടെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. കുറ്റവാളിയെന്ന് വിധിക്കപ്പെട്ട വ്യക്തി ശിക്ഷാ കാലാവധി കഴിഞ്ഞ് ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.
സെപ്തംബര്‍ 21-ന് നടന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ കോണ്‍ഗ്രസും ഓര്‍ഡിനന്‍സിനെ അംഗീകരിച്ചിരുന്നു എന്നതാണ് വസ്തുത. എന്നാല്‍, പെട്ടെന്ന് തന്നെ പാര്‍ട്ടി നിലപാട് മാറ്റി. ‘രാഹുല്‍ജിയുടെ അഭിപ്രായമാണ് പാര്‍ട്ടിയുടെ അഭിപ്രായവും നയവും. ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഓര്‍ഡിനന്‍സിനെ എതിര്‍ക്കുന്നു’ എന്നായിരുന്നു അതേ വാര്‍ത്താസമ്മേളനത്തില്‍ അജയ് മാക്കന്റെ കരണം മറിച്ചില്‍.
വിദേശ സന്ദര്‍ശനം നടത്തുന്ന വേളയില്‍ പ്രധാനമന്ത്രിയെ ധിക്കരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ചിലവില്‍ നായകനാകാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു അഭിപ്രായപ്പെട്ടു. രാഹുലിന് ഒരേസമയം ഭാവി പ്രധാനമന്ത്രിയും കലാപകാരിയുമാകാനാവില്ല. പ്രധാനമന്ത്രിയെ കോണ്‍ഗ്രസ് എപ്പോഴും ഒരു ബലിയാടായിട്ടാണ് കാണുന്നതെന്നും അദ്ദേഹം ഉടന്‍ രാജിവെക്കണമെന്നും ബാരു കൂട്ടിച്ചേര്‍ത്തു.
ബില്ലിനെതിരെ ഉയരുന്ന ജനവികാരം തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുതലെടുക്കുന്നത് തടയുകയാണ് രാഹുലിന്റെ ഈ നാടകീയ നീക്കത്തിന്റെ പിന്നിലെന്ന് നിരീക്ഷകര്‍ കരുതുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷനെ എന്‍.ഡി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയുമായി നേര്‍ക്കുനേര്‍ അവതരിപ്പിക്കുക കൂടിയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും കരുതപ്പെടുന്നു.
രാഹുലിന്റെ ഇടപെടലിന്റെ പരുഷസ്വരം പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള സ്വരച്ചേര്‍ച്ചയുടെ അഭാവത്തെയും സൂചിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങ്, കേന്ദ്ര സഹമന്ത്രി മിലിന്ദ് ദിയോറ, സന്ദീപ് ദീക്ഷിത്ത്, പ്രിയ ദത്ത്, അനില്‍ ശാസ്ത്രി എന്നിവര്‍ ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ പ്രകടിപ്പിക്കുന്ന തിടുക്കത്തെ ചോദ്യം ചെയ്തിരുന്നു. മധ്യവര്‍ഗ്ഗത്തെ ഈ ഓര്‍ഡിനന്‍സ് കോണ്‍ഗ്രസില്‍ നിന്ന്‍ കൂടുതല്‍ അകറ്റിയേക്കാമെന്ന ആശങ്ക ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്ത് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.
ബി.ജെ.പി രാഹുലിനെ കടന്നാക്രമിച്ചു. ഇത് വൈകിവന്ന തിരിച്ചറിവാണെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഓര്‍ഡിനന്‍സ് അസംബന്ധമാണെങ്കില്‍ അത് കൊണ്ടുവന്നവരുടെ തലകളും ഒപ്പം ഉരുളണം. അല്ലെങ്കില്‍, സര്‍ക്കാറിന് തെറ്റുപറ്റാം എന്നാല്‍ കോണ്‍ഗ്രസിന്റെ പ്രഥമ കുടുംബത്തിന് തെറ്റ് പറ്റില്ല എന്ന് കാണിക്കാനുള്ള പൊറാട്ട് നാടകം മാത്രമായിരിക്കും ഇതെന്നായിരുന്നു ജെയ്റ്റ്ലിയുടെ പരിഹാസം.
രാഹുലിന്റെ അവിചാരിത എതിര്‍പ്പ് കോണ്‍ഗ്രസിന് ഓര്‍ഡിനന്‍സിന്റെ വിഷയത്തില്‍ പുറത്തുകടക്കാന്‍ അവസരം നല്‍കി എന്നത് സത്യമാണ്. എന്നാല്‍, പ്രതിപക്ഷം ഇതിന്റെ ക്രെഡിറ്റ് വിട്ടുനല്‍കാന്‍ ഒരുക്കമല്ല. അല്‍പ്പം അന്തസാര്‍ന്ന രീതിയില്‍ തന്റെ നിലപാട് പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ ആരും രാഹുലിനോട് വിയോജിപ്പ് പ്രകടിപ്പിക്കുമായിരുന്നില്ല.