ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്റി20യില്‍ തകര്‍പ്പന്‍ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ന്യൂസീലന്‍ഡിനെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍, ഏഴു പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ന്യൂസീലന്‍ഡില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി20 ജയമാണിത്. ഇതോടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമായി ഇരു ടീമുകളും (1-1).
കഴിഞ്ഞ മത്സരത്തിലെ പിഴവുകള്‍ തിരുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ബാറ്റ് വീശിയപ്പോള്‍ ജയം അനായാസമായി. 29 പന്തില്‍ അര്‍ദ്ധ സെഞ്ചുറി അടിച്ചാണ് രോഹിത്ത് പുറത്തായത്. മൂന്ന് ഫോറും നാല് സിക്‌സുകളും അടങ്ങിയതായിരുന്നു ആ ഇന്നിംങ്‌സ്. രോഹിത്തിന് പിന്നാലെ ധവാനും പുറത്തായെങ്കിലും പിന്നീടെത്തിയ ഋഷഭ് പന്ത് മികച്ച രീതിയില്‍ കളിച്ചു. നാലാം വിക്കറ്റില്‍ ധോണികൂടി വന്നതോടെ ഇന്ത്യന്‍ ജയം ഉറപ്പായി. പന്ത് 28 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 40 റണ്‍സോടെയും ധോണി 17 പന്തില്‍ ഒരു ബൗണ്ടറി സഹിതം 20 റണ്‍സോടെയും പുറത്താകാതെ നിന്നു. ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു.