കളി മാറി ഇനി കലിപ്പടക്കും

ആസിഫ് മുഹമ്മദ്‌
Thu, 11-01-2018 02:39:05 PM ;

Iain Hume, kerala blasters

ഈ കളിയാണ് ആരാധകര്‍ കാത്തിരുന്നത്,മലയാളികള്‍ കാത്തിരുന്നത്,കളിക്കാര്‍ കാത്തിരുന്നത്. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടുകുതിച്ച് കൊമ്പന്മാര്‍. മദമിളകിയ കൊമ്പന്‍ ഇയാന്‍ ഹ്യൂമിനെ പിടിച്ചുകെട്ടന്‍ ഡല്‍ഹി ഡൈനാമോസിന് കഴിഞ്ഞില്ല. ഐ എസ് എല്‍ നാലാം സീസണിലെ തന്റെ ആദ്യ ഹാട്രിക്കും ഹുമേട്ടന്‍ കഴിഞ്ഞ കളിയില്‍ നേടി.

 

കളിയുടെ 12ാം മിനിറ്റില്‍ ഇയാന്‍ ഹ്യും ആദ്യ ഗോള്‍ നേടി കേരളത്തിന് ലീഡ് സമ്മാനിച്ചു. ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഡല്‍ഹി സമനില പിടിച്ചെങ്കിലും, ആശ്വാസ ഗോള്‍മാത്രമായിരുന്നു അത്. ആദ്യ പകുതിയില്‍ ഒപ്പത്തിനൊപ്പം മായിരുന്നു ഇരു ടീമുകളും.

 

എന്നാല്‍ രണ്ടാം പകുതിയില്‍ കളി മാറി. വീണുകിട്ടുന്ന അവസരങ്ങള്‍ എല്ലാം ഗോളിലേക്ക് ഉന്നം വെച്ച ബ്ലാസ്റ്റേഴ്‌സിന് 78ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിയിലൂടെ തന്നെ രണ്ടാം ഗോളും നേടാനായി. ഡല്‍ഹിയുടെ രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിയൊഴിഞ്ഞു ഗോള്‍ പോസ്റ്റിലേക്ക് ഒരു ഷോട്ട്.ഉന്നം പിഴച്ചില്ല കേരളത്തിന് 2-1ന്റെ ലീഡ്. മത്സരം തീരാന്‍ 8 മിനിറ്റ് ശേഷിക്കെ വീണ്ടും അവസരം. ലോങ് പാസ്സ് കിട്ടിയ പന്ത് ഓടിയെത്തിയ ഹ്യൂമിന്റെ കാലില്‍ മുന്നില്‍ ഗോളി മാത്രം. ഗോളി നോക്കിനില്‍ക്കെ ഹ്യൂമിന്റെ ചിപ്പ് ഷോട്ട് ഗോളായി. സ്റ്റേഡിയം മഞ്ഞക്കടലാക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മലയാളി ആരാധകരുടെ മനം നിറച്ച വിജയം.

 

ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഡല്‍ഹി അവസാന സ്ഥാനത് തുടരുന്നു.മുന്‍ കോച്ച് റെനേ മ്യുലസ്റ്റീന്‍ രാജിവെച്ച് ഡേവിഡ് ജെയിംസ് ടീം കോച്ചായി സ്ഥാനമേറ്റതിന് ശേഷമുള്ള രണ്ടാം മത്സരമായിരുന്നു ഇത്. കഴിഞ്ഞ മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള പുണെ എഫ്‌സിയെ സമനിലക്ക് പിടിച്ചുകെട്ടിയ ബ്ലാസ്റ്റേഴ്‌സ് തൊട്ടടുത്ത മത്സരത്തില്‍ വിജയവും നേടി. ഇനി ഈ കളിയാണ് ബ്ലാസ്റ്റേഴ്‌സ് തുടരുന്നതെങ്കില്‍ കലിപ്പടക്കി കപ്പ് നേടാന്‍ മഞ്ഞപ്പടയ്ക്ക് കഴിയും.

 

ഇനി ലീഗില്‍  ശേഷിക്കുന്നത് 9  മത്സരങ്ങള്‍. ഞായറാഴ്ച മുംബൈയുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.മുംബൈയുമായി ജയിക്കുകയും അടുത്ത മത്സരത്തില്‍ ഗോവ സമനിലയും ആയാല്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ നാലിലേക്ക് എത്താം. കൊച്ചിയിലെ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത ഹോം മത്സരം 21ന് ഗോവയുമായിട്ടാണ്.

Tags: