കുറഞ്ഞ സമയം കൊണ്ടൊരു സിനിമ; ഗിന്നസ് ലക്ഷ്യമിട്ട് 'വിശ്വഗുരു'

അജയ് തുണ്ടത്തില്‍
Wed, 07-02-2018 06:20:48 PM ;

vishwaguru-film

കുറഞ്ഞ സമയം കൊണ്ടൊരു സിനിമ ഇനി മലയാളത്തിനു സ്വന്തം. ഗിന്നസ് ബുക്കിലിടം നേടാനും അതുവഴി മലയാളത്തിന്റെ യശസ്സ് ലോകസിനിമാ ഭൂപടത്തില്‍ ഉയര്‍ത്തിപിടിക്കുവാനുമുള്ള ഉദ്ദേശ്യത്തോടെ ഒരു സിനിമ. 'വിശ്വഗുരു' എന്ന് പേരിട്ടിരിക്കുന്ന ചിത്രം, ജാതിമതചിന്തകള്‍ക്കതീതമായി ഏകലോകദര്‍ശനം ചമച്ച ശ്രീനാരായണഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമമാണ്.

 

ശ്രീനാരായണ ഗുരുവിന്റെ ജീവിതാന്ത്യത്തിലെ പ്രധാന സംഭവങ്ങളെ കോര്‍ത്തിണക്കുന്ന ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രമാണിത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗോര്‍, ആചാര്യ വിനോഭബാവെ, സി.എഫ് ആന്‍ഡ്രോസ്, ഡോ.പല്‍പ്പു, മഹാകവി കുമാരനാശാന്‍, ബോധാനന്ദസ്വാമികള്‍, വല്ലാശ്ശേരി ഗോവിന്ദനാശാന്‍, ടി.കെ.ഹില്‍ട്ടണ്‍ ടൈറ്റര്‍ തുടങ്ങിയവരെയും ചിത്രത്തില്‍ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്.

 

ശ്രീനാരായണ ഗുരുവെഴുതിയ 'ഹോമമന്ത്രം' ഉപയോഗിച്ചുകൊണ്ടുള്ള ഒരു ശാന്തിഹോമത്തില്‍, അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍ നിന്നെത്തിയ ഒരു കുട്ടി തന്റെ മുത്തച്ഛനോടു ഗുരുദേവചരിതം ചോദിച്ചു മനസ്സിലാക്കുന്ന രൂപത്തിലാണ് കഥാതന്തു തയ്യാറാക്കിയിട്ടുള്ളത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍.

 

'സ്‌ക്രിപ്റ്റ് മുതല്‍ റിലീസ്' വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ചുരുങ്ങിയ സമയംകൊണ്ട് ചെയ്തു തീര്‍ക്കുന്നുവെന്നതാണ് വിശ്വഗുരുവിന്റെ പ്രത്യേകത. കഴിഞ്ഞ ഡിസംബര്‍ 27-ാം തീയതി രാത്രി തിരക്കഥ രചിച്ച് ഷൂട്ട് തുടങ്ങിയ ചിത്രം ഡിസംബര്‍ 29-ാം തീയതി രാത്രി 11.30 മണിക്ക് തിരുവനന്തപുരം നിള തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഷൂട്ടിംഗിനു പുറമേ ടൈറ്റില്‍ രജിസ്‌ട്രേഷന്‍, പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, സെന്‍സറിംഗ്, പോസ്റ്റര്‍ ഒട്ടിക്കല്‍ തുടങ്ങി പ്രദര്‍ശനം വരെയുള്ള എല്ലാ ജോലികളും ഈ സമയപരിധിക്കുള്ളില്‍ ചെയ്തുതീര്‍ത്തു.

 

ഗിന്നസ് റിക്കോര്‍ഡിനുവേണ്ടി 'സ്‌ക്രിപ്റ്റ് ടു റിലീസ്' വരെയുള്ള എല്ലാ കാര്യങ്ങളും ലൈവ് ആയി പകര്‍ത്താനുള്ള ക്യാമറാടീമും ഷൂട്ടിംഗ് ടീമിനൊപ്പമുണ്ടായിരുന്നു.

 

പുരുഷോത്തമന്‍ കൈനക്കരി, ഗാന്ധിയന്‍ ചാച്ചാ ശിവരാജന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെ.പി.എ.സി ലീലാകൃഷ്ണന്‍, റോജി പി.കുര്യന്‍, ഷെജിന്‍, ബേബി പവിത്ര എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വര്‍ക്കല ശിവഗിരി മഠവും അനുബന്ധ സ്ഥലങ്ങളുമായിരുന്നു ലൊക്കേഷന്‍.

 

അനശ്വര മൂവിസിന്റെ ബാനറില്‍ എ.വി.അനൂപ്, വിജീഷ് മണി എന്നിവര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ തിരക്കഥ പ്രമോദ് പയ്യന്നൂരാണ് രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം ലോകനാഥന്‍ നിര്‍വഹിച്ചിരിക്കുന്നു.

 

ചമയം-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, കല-അര്‍ക്കന്‍, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍-സച്ചിനാനന്ദസ്വാമി, പശ്ചാത്തലസംഗീതം-കിളിമാനൂര്‍ രാമവര്‍മ്മ, എഡിറ്റിംഗ്-ലിബിന്‍, പ്രൊ: കണ്‍ട്രോളര്‍-വിഷ്ണു മണ്ണാമൂല, പി.ആര്‍.ഒ-അജയ് തുണ്ടത്തില്‍, സഹസംവിധാനം-സുബ്രഹ്മണ്യന്‍, ചാനല്‍ പി.ആര്‍.ഓ-ഷെജിന്‍ ആലപ്പുഴ, സ്റ്റില്‍സ്-സന്തോഷ് വൈഡ് ആംഗിള്‍സ്.
        

 

 

Tags: