സാങ്കേതിക മികവ്, ഉല്‍പ്പാദനച്ചിലവ്, അഭിനേതാക്കള്‍ തുടങ്ങി ഒരു സിനിമയ്ക്ക് വേണ്ട ഘടകങ്ങള്‍ എല്ലാം ഉള്ള പൃഥ്വിരാജ്സിനിമയാണ് ആദംജോണ്‍. പക്ഷേ കഥയും സംവിധായകന്റെ സിനിമാ സങ്കല്‍പ്പവും നിമിത്തം അരോചകമായ ഓണാനുഭവമായി ആദം ജോണ്‍ മാറി. സ്‌കോട്ട്‌ലാന്‍ഡ് പശ്ചാത്തലത്തില്‍ ഹോളിവുഡ് ദൃശ്യങ്ങളോട് കിടപിടിക്കുന്നതാണ് ആദംജോണിലെ മിക്ക ദൃശ്യങ്ങളും. അതുപോലെ അതിന്റെ നിറിവിന്യാസവും ലൊക്കേഷനുകളുമെല്ലാം ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നു. അത്തരം സിനിമാ സങ്കല്‍പ്പമായിരിക്കാം എല്ലാ കോപ്പുകളുണ്ടായിട്ടും നവാഗതനായ ജിനു വി എബ്രഹാമിനെ ഇത്തരത്തിലൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. അതോ പൃഥ്വിരാജിന്റെ ഇംഗിതമാണോ ഇതെന്നും തിട്ടമില്ല.കാരണം അത്തരത്തില്‍ താരകേന്ദ്രീകൃതമായാണല്ലോ ഇപ്പോള്‍ മലയാള സിനിമയുടെ ഒരു ധാര തിരിഞ്ഞുകൊണ്ടിരിക്കുന്നത്. അവിടെ സംവിധായകനെയും മറ്റ് സംഘാഗങ്ങളേയുമെല്ലാം നായകന്‍ തീരുമാനിക്കുന്ന അവസ്ഥ.
ആദം ജോണ്‍ പോത്തന്‍ എന്ന കോട്ടയം കാരന്‍ അച്ചായന്‍ ഒരു പള്ളിക്വയര്‍ പാട്ടുകാരിയുമായി പ്രണയത്തിലായി വിവാഹിതരാകുന്നു. പെട്ടെന്ന് കുട്ടികള്‍ വേണ്ടായെന്നായിരുന്നു തീരുമാനമെങ്കിലും പ്രിയതമ ഗര്‍ഭിണിയാകുന്നു. അതറിയുന്നതാകട്ടെ തന്റെ അനുജനും കുടുംബവും അമ്മയും താമസമാക്കിയിരിക്കുന്ന സ്‌കോട്ട്‌ലാന്‍ഡില്‍ വച്ചും. അതാണ് സിനിമയുടെ പശ്ചാത്തലം സ്‌കോട്ട്‌ലാന്‍ഡാകാനുള്ള മുഖ്യകാരണം. പ്രസവം അവിടെ നടക്കട്ടെയെന്ന് തീരുമാനമാകുന്നു ,എന്നാല്‍ പ്രസവത്തില്‍ അമ്മ മരിക്കുന്നു. കുട്ടി അനുജന്റെയും ഭാര്യയുടെയും സംരക്ഷണത്തില്‍ അവരുടെ കുട്ടിയായി വളരുന്നു. അവരാകട്ടെ കുട്ടികളില്ലാതെ ദുഖിച്ചിരിക്കുമ്പോഴാണ് ഈ കുട്ടി തങ്ങളുടെ ജീവിതത്തിലേക്കു വരുന്നത്. ഈ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് കറുത്തച്ചനൂട്ട് അഥവാ സാത്താനാരാധന എന്ന പ്രമേയത്തെ അവതരിപ്പിക്കാനാണ് സിനിമയിലൂടെ ഉദ്ദേശിച്ചിട്ടുള്ളത്.
സാത്താനാരാധാന വളരെ നിഗൂഢമായി കേരളത്തിലുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തും നടന്നുവരുന്ന സംഗതിയാണ്. എന്നാല്‍ സിനിമയില്‍ അതും സ്‌കോട്ട്‌ലാന്‍ഡുപോലെ ഒരിടം വെറുമൊരു പശ്ചാത്തലം മാത്രമാകുകയേ ചെയ്തിട്ടുള്ളൂ. കാരണം മുഖ്യ ഫോക്കസിംഗ് അഥവാ കേന്ദ്രശ്രദ്ധ എന്നത് എല്ലാ കറുത്ത ശക്തികളേയും ഒററയക്ക് ഇടിച്ച് തരിപ്പണമാക്കി വിജയം നേടിവരുന്ന നായകനിലേക്കാണ്. അതാണ് ആ സിനിമയുടെ പരാജയവും അരോചകകാരണവും. അതിനുവേണ്ടി അങ്ങ് സ്‌കോട്ട്‌ലാന്‍ഡുവരെയോ സാത്താനാരാധനയേയോ ഒന്നും കൂട്ടുപിടിക്കേണ്ട ആവശ്യമില്ലായിരുന്നു. ഏതെങ്കിലുമൊരു നാടന്‍ പ്രതിലോമ ശക്തിയെ ചിത്രീകരിക്കേണ്ട ആവശ്യകതയേ ഉണ്ടായിരുന്നുള്ളൂ.
ഭാവന, മിഷ്ടി ചക്രവര്‍ത്തി , നരേന്‍ എന്നിവരാണ് ആദം ജോണിലെ മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍. അവരെല്ലാവരും തന്നെ തങ്ങളുടെ ഭാഗം നന്നായി കൈകാര്യം ചെയ്യുകയുണ്ടായി. പൃഥ്വിരാജ് അവതരിപ്പിച്ച ആദമിന്റെ കാമുകിയും ഭാര്യയുമായി അഭിനയിച്ച മിഷ്ടി ചക്രവര്‍ത്തി കുറച്ചു നേരമേ ഉണ്ടായിരുന്നുള്ളുവെങ്കിലും പ്രേക്ഷകരുടെ ഉളളിലേക്ക് സംഗീതാത്മകതയോടെ പ്രവേശിക്കുകയുണ്ടായി. ദോഷം പറയരുതല്ലോ പൃഥ്വിരാജും ഗംഭീരമായ പ്രകടനാണ് കാഴ്ച വച്ചത്. സിനിമയുടെ ഭാഷയും വ്യാകരണവുമൊക്കെ പല സന്ദര്‍ഭങ്ങളിലും ഈ നവാഗത സംവിധായകനു കൈമോശം വരുന്നതായി പോലും തോന്നി. എന്നിരുന്നാലും തിരക്കഥാ രചനയില്‍ നിന്നു വിട്ടു നിന്ന് സംവിധാനത്തിലേക്ക് ശ്രദ്ധിച്ചാല്‍ മികച്ച സംവിധായകനാകാനുളള സാധ്യത തള്ളിക്കളയാനാകില്ല.