ബിനാലെ വെളിച്ചത്തില്‍ കൃതി തിളങ്ങുന്നു

അമല്‍ കെ.വി
Sat, 10-03-2018 06:04:33 PM ;

krithi international book fair

കൃതി-പുസ്തകങ്ങളുടെ പൂരം, കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ പത്തു ദിവസമായി തുടരുന്ന പുസ്തക മേളയെ ഇങ്ങനെ വിശേഷിപ്പിക്കാം. അക്ഷരാര്‍ത്ഥത്തില്‍ ഒരു പൂരം തന്നെയാണ് അവിടെ നടക്കുന്നത്. സാധാരണ പൂരങ്ങളില്‍ ആനയും മുത്തുക്കുടയും ചെണ്ടയുമൊക്കെയാണ് ആകര്‍ഷണമെങ്കില്‍ ഇവിടെ പുസ്തകങ്ങളും സ്റ്റാളുകളും ചര്‍ച്ചാ വേദികളുമാണ് സന്ദര്‍ശകര്‍ക്ക് ആവേശം നല്‍കുന്നത്.

 

krithi international book fair

ബിനാലെ കൊച്ചിക്ക് സമ്മാനിച്ച ചില മാറ്റങ്ങളുണ്ട്, വാണിജ്യ നഗരത്തില്‍ നിന്ന് കലയിലേക്കും സാംസ്‌കാരികതയിലേക്കും ആസ്വാദനത്തിലേക്കുമുള്ള മാറ്റം. അത് കൃതിയില്‍ കൃത്യമായി നിഴലിക്കുന്നുണ്ട്. മേളയുടെ രൂപകല്‍പ്പനയിലുടനീളം. തിരക്കേറിയ കൊച്ചിയുടെ വഴിവക്കിലിരുന്ന് ഒരു കാക്കയാണ് കൃതിയിലേക്ക് സന്ദര്‍ശകരെ വിരുന്ന് വിളിക്കുന്നത്. കാക്കയുടെ പുറത്ത് വൈലോപ്പിള്ളിയുടെ കാക്കയെന്ന കവിതയിലെ ആദ്യവരികള്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതു തന്നെയാണ് മേളയുടെ ലോഗോയും. കവാടം പിന്നിട്ടാല്‍ പിന്നെ കാഴ്ചക്കാര്‍ ഒരു ഒഴുക്കില്‍ പെട്ടതുപോലെ നീങ്ങിക്കൊള്ളും. ഓരോ സ്റ്റാളുകളിലേക്കും വശങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രങ്ങളിലേക്കും കാരിക്കേച്ചറുകളിലേക്കും നമ്മെ ആ ഒഴുക്ക് നയിച്ചോളും, പുറത്തേക്കുള്ള വാതില്‍ വരെ.

 

'അറിവ് തിരിച്ചറിവ് നിറവ്' ഈ ആശയത്തിലൂന്നിയാണ് കൃതി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അന്താരാഷ്ട്ര പുസ്തക മേള ഒരുക്കിയിരിക്കുന്നത്. വെറുതെ കണ്ടിട്ട് പോകാം എന്ന് കരുതിയെത്തിവര്‍ പോലും പുസ്തകവുമായിട്ടാണ് മടങ്ങുന്നത്. വാങ്ങാണമെന്ന് ഉറപ്പിച്ചെത്തിയവര്‍ ഒരു കെട്ടുമായിട്ടും. സാധാരണ ഓരോ പ്രസാധകര്‍ സംഘടിപ്പിക്കുന്ന മേളയില്‍ ലഭ്യമാകുന്ന ബുക്കുകളുടെ എണ്ണം പരിമിതമായിരിക്കും. എന്നാല്‍ കൃതിയ്ക്ക് കീഴില്‍ അണിനിരന്നിരിക്കുന്നത് 106 പ്രസാധകരാണ്. രാജ്യാന്തര, ദേശീയ, പ്രാദേശിക പ്രസാധകര്‍.

 

krithi international book fair

വായന അന്യമാവുകയാണെന്ന മുറവിളികള്‍ നാം കുറേ നാളായി കേട്ടുകൊണ്ടിരിക്കുകയാണ്, ഒരു പക്ഷേ കൃതിയില്‍ എത്തിപ്പെട്ടാല്‍ ആ ആശങ്കയ്ക്ക് ശമനമുണ്ടാകുമെന്നതില്‍ സംശയമില്ല. പുതുതലമുറ പുസ്തകങ്ങളോടകലുന്നു എന്ന ചിന്തയ്ക്കും ഇവിടെ എത്തിയാല്‍ മാറ്റം ഉണ്ടാകും. കാരണം ഏറ്റവും കൂടുതല്‍ കുട്ടികളാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. അവര്‍ പോകുന്നതാകട്ടെ കൈ നിറയെ ബുക്കുകളുമായും. മാതാപിതാക്കളോടൊപ്പവും, വിദ്യാലയങ്ങളില്‍ നിന്നും എത്തിയവരാണ് ഏറെയും. മേളയുടെ പത്താം ദിനമായ ശനിയാഴ്ച്ച പന്ത്രണ്ടാം തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി കൂപ്പണ്‍ സംവിധാനം ഒരുക്കിയിട്ടുണ്ടായിരുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് 250 രൂപയുടെ കൂപ്പണ്‍ സൗജന്യമായി നല്‍കും. ആ കൂപ്പണ്‍ ഉപയോഗിച്ച് തത്തുല്യമായ തുകയ്ക്ക്  മേളയിലെ ഏത് സ്റ്റാളില്‍ നിന്നും പുസ്തകം വാങ്ങാം.

 

കുട്ടികള്‍ വെറുതെ കണ്ണില്‍ കണ്ടതൊന്നുമല്ല വാങ്ങുന്നത്. കുട്ടി കണ്ണുകള്‍ കളിപ്പുസ്തകത്തില്‍ മാത്രം ഉടക്കി നില്‍ക്കുന്നതുമില്ല. പലരും മുന്‍കൂട്ടി നിശ്ചയിച്ചാണ് എത്തിയിരുന്നത്. മലയാളത്തിലെ പ്രധാന പ്രസാധകരുടെ സ്റ്റാളുകളെല്ലാം അവര്‍ കൈയടക്കിയിരിക്കുന്ന കാഴ്ചയായിരുന്നു അവിടെ.

 

krithi international book fair

മേളയുടെ വശങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളും കാരിക്കേച്ചറുകളും ശില്‍പങ്ങളും സന്ദര്‍ശകര്‍ക്ക് പ്രത്യേക അനുഭവമാണ് സമ്മാനിക്കുക. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് മേളയില്‍ പ്രത്യേക ഇടം കിട്ടിയിട്ടുണ്ട്, ശില്‍പമായും ചിത്രമായും. പുസ്തക മേളയോടൊപ്പം ഭക്ഷണ മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. എന്നാല്‍ പുസ്തകങ്ങള്‍ കണ്ടും സ്വന്തമാക്കിയും വയറുനിറഞ്ഞതിനാലാവണം ഭക്ഷണ മേളയ്ക്ക് പൊതുവെ തിരക്ക് കുറവായിരുന്നു.

 

സംഘാടന മികവും എടുത്ത് പറയേണ്ട ഒന്നാണ്. തിരക്ക് നിയന്ത്രിക്കുന്നതിനും മറ്റ് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അസാപ്പിലെ അംഗങ്ങളെയാണ് വോളണ്ടിയേഴ്‌സായി നിയോഗിച്ചിരിക്കുന്നത്. മാത്രമല്ല ബിനാലെ മാതൃകയില്‍ വിശദ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ടും സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്. ആകെ ഒരു പോരായ്മ അനുഭവപ്പെട്ടത് മേളയോടനുബന്ധിച്ച് ഒരുക്കിയിരുന്ന സാംസ്‌കാരിക സദസ്സിന്റെ വേദിയാണ്, ബോള്‍ഗാട്ടി പാലസിലാണ് അത് സംഘടിപ്പിടിക്കുന്നത്. മേള നടക്കുന്നതിന് അടുത്തായിരുന്നെങ്കില്‍ കൂടുതല്‍ പ്രയോജനപ്പെട്ടേനെ എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി.

 

കൃതിയുടെ കൊച്ചിയിലെ തുടക്കം ഗംഭീരം. ഈ കുതിപ്പ് കിതയ്ക്കാതെ തുടരണം. അക്ഷരം കീ ബോര്‍ഡുകളില്‍ കണ്ടു ശീലിച്ച കണ്ണുകളെ അച്ചടിയിലേക്ക് കൂടി ആകര്‍ഷിക്കാന്‍ അതുവഴി സാധിക്കട്ടെ.

 

Tags: