മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. രാജന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി |
രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രി ആക്കാനുള്ള നീക്കം ഓര്‍മ്മിപ്പിക്കുന്നത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന ചൊല്ലാണ്. എന്തുകൊണ്ടാണ് രമേശ് ചെന്നിത്തല കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി മന്ത്രിയാകാന്‍ നിര്‍ബന്ധിതനാകുന്നത് എന്ന പ്രശ്നം ആളുകള്‍ ഏതാണ്ട് മറന്നുപോയ മട്ടാണ്. ആറുകൊല്ലം കഴിഞ്ഞ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്മാരെ മാറ്റണമെന്ന്‍ അഖിലേന്ത്യാ തലത്തില്‍ തീരുമാനമെടുത്തതിന്റെ ഫലമാണ് രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദിഷ്ട സ്ഥാനചലനം. ഇതിന്നാരും ഓര്‍ക്കാറില്ല. പതിനാലു കൊല്ലമായി കോണ്‍ഗ്രസ് അധ്യക്ഷയായിരിക്കുന്ന സോണിയാ ഗാന്ധിയെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കുന്നില്ലെന്നതോ പോകട്ടെ, കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്ക് അര്‍ഹമായ ഒരു സ്ഥാനം കിട്ടണമെന്ന വാദമാണ് ഐ ഗ്രൂപ്പുകാര്‍ എന്നുപറയുന്ന കോണ്‍ഗ്രസുകാര്‍ ഉന്നയിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നതെന്ന് ചോദിച്ചാല്‍, അത് ഐ ഗ്രൂപ്പിന്റെ പ്രാധാന്യം കുറഞ്ഞുപോകുന്നു എന്ന പരാതി കൊണ്ടുമാത്രമാണ്.
യഥാര്‍ത്ഥത്തില്‍ ഈ മന്ത്രിസഭാ പുന:സംഘടന പ്രശ്നം തുടങ്ങുന്നത് മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനം കിട്ടണം എന്ന വാദത്തോട് കൂടിയാണ്. മുസ്ലിം ലീഗിന് കേരള മന്ത്രിസഭയില്‍ അഞ്ചാമതൊരു അംഗത്തെ കൂടി കൊടുക്കുന്ന പക്ഷം, അത് അധികാരത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അനര്‍ഹമായ പ്രാതിനിധ്യം നല്‍കും എന്ന ഒരു പരാതിയാണ് തുടക്കത്തില്‍ ഉണ്ടായത്. എന്‍.എസ്.എസ്സും എസ്.എന്‍.ഡി.പിയും ഈ പരാതി ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പുണ്ടായത്. എന്തോ അനര്‍ഹമായ ആനുകൂല്യങ്ങള്‍ രാഷ്ട്രീയ സമ്മര്‍ദ്ദം വഴി മുസ്ലിം ലീഗ് നേടുന്നു എന്ന ധാരണ പൊതുവേ ഉണ്ടായി എന്നത് യാഥാര്‍ഥ്യമാണ്. അതുകൊണ്ടാണ് മുന്‍പ് ഇല്ലാതിരുന്ന തരത്തില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിക്ക് 30,000 വോട്ടു ലഭിച്ചത്. ഒടുവില്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ജയിച്ചുവെങ്കിലും തെരഞ്ഞെടുപ്പുകളെ കുറിച്ച് പഠനം നടത്തുന്ന ഏതു രാഷ്ട്രീയ വിദ്യാര്‍ഥിക്കും ബി.ജെ.പി സ്ഥാനാര്‍ഥി നേടിയ വോട്ടുകളുടെ എണ്ണം പരിഗണിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
ന്യൂനപക്ഷങ്ങള്‍ക്ക് അമിതമായ അധികാരം ലഭിച്ചിരിക്കുന്നു എന്ന് ഹിന്ദു സമുദായത്തില്‍ പെട്ട ഗണ്യമായ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന തോന്നല്‍, ഒരു പ്രശ്നം തന്നെയാണ്. അത് യാഥാര്‍ഥ്യമാണോ അല്ലയോ എന്നത് വേറെ പ്രശ്നം. തോന്നലാണ് അന്തിമമായി തെരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണ്ണയിക്കുന്നത്.
അന്ന് തുടങ്ങിയ ഈ ന്യൂനപക്ഷ അമിതാധികാര പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതുകൊണ്ട് ഉണ്ടാകുമോ എന്ന്‍ ആലോചിക്കാതെ നിവൃത്തിയില്ല. പക്ഷെ, അതിനെപ്പറ്റി ഇന്നാരും പറഞ്ഞുകേള്‍ക്കുന്നില്ല. സത്യത്തില്‍, രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി ആകുന്നതോ ആഭ്യന്തര മന്ത്രി ആകുന്നതോ കേരളത്തില്‍ കാര്യമായ ഒരു രാഷ്ട്രീയ പ്രശ്നമല്ല. എന്നാല്‍, ന്യൂനപക്ഷങ്ങള്‍ക്ക് അമിതമായ അധികാരം ലഭിച്ചിരിക്കുന്നു എന്ന് ഹിന്ദു സമുദായത്തില്‍ പെട്ട ഗണ്യമായ ഒരു വിഭാഗത്തിന് ഉണ്ടാകുന്ന തോന്നല്‍, ഒരു പ്രശ്നം തന്നെയാണ്. അത് യാഥാര്‍ഥ്യമാണോ അല്ലയോ എന്നത് വേറെ പ്രശ്നം. തോന്നലാണ് അന്തിമമായി തെരഞ്ഞെടുപ്പ് ഫലങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഈ തോന്നലിന്റെ പരിഹാരമായി മന്ത്രിസഭാ പുന:സംഘടന കൊണ്ട് എന്തെങ്കിലും നേടാനാകുമെന്ന് കരുതാവുന്ന സാഹചര്യം ഇന്നില്ല. ഉറങ്ങാന്‍ കള്ള് വേറെ കുടിക്കണം എന്ന്‍ നാട്ടിന്‍പുറത്ത് പറയുന്നതുപോലെ ന്യൂനപക്ഷങ്ങള്‍ക്ക് മതം നോക്കാതെ വോട്ടു ചെയ്തിരുന്ന ഹിന്ദു വോട്ടര്‍മാരിലെ ഗണ്യമായ വിഭാഗത്തെ പഴയപോലെ തിരിച്ചുകൊണ്ടുവരാന്‍ ഒരു മന്ത്രിസഭാ പുന:സംഘടന കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. അടുത്ത പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് വരെയെങ്കിലും ആ വികാരം നിലനില്‍ക്കും എന്നുവേണം കരുതാന്‍. അത് പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ഫലങ്ങളെ തീര്‍ച്ചയായും സ്വാധീനിക്കും.
ഇതിലടങ്ങിയിട്ടുള്ള ഒരപകടം ജാതിതിരിഞ്ഞു വോട്ടുചെയ്യാന്‍ ഇടവരുമോ എന്നതാണ്. അങ്ങിനെയുള്ളൊരു സ്ഥിതി ഉണ്ടാക്കുന്നതില്‍ മുസ്ലിം ലീഗിന്റെ പങ്ക് നിഷേധിക്കാനാവില്ല. ഇപ്പോഴത്തെ മുസ്ലിം ലീഗ് നേതാക്കളുടെ പ്രസ്താവന കേട്ടാല്‍ അവരൊഴിച്ചുള്ള എല്ലാ സമുദായ സംഘടനകളും വര്‍ഗീയ വാദികളാണ് എന്ന മട്ടിലാണ്. സത്യത്തില്‍, അവരുടെ സാന്നിധ്യമാണ് മറ്റ് സമുദായ സംഘടനകളെ കൊണ്ട് രാഷ്ട്രീയത്തില്‍ ഇടപെടുവിക്കാന്‍ ഇടയാക്കിയിട്ടുള്ളത്. അവരെ അനുകരിക്കുകയാണ് മറ്റുള്ളവര്‍ ചെയ്യുന്നത്. ഈ സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സമുദായത്തിന്റെ പേരില്‍ വാദിക്കുന്ന കാര്യങ്ങള്‍ കൊണ്ട് നേട്ടമുണ്ടാകുന്നു എന്ന അര്‍ത്ഥത്തിലല്ല ഈ പറയുന്നത്. അവിടെയും തോന്നലാണ് പ്രധാനമായ കാര്യം. മുസ്ലിം ലീഗിലെ പാണക്കാട് തങ്ങളുടെ വീട്ടില്‍ രാഷ്ട്രീയ നേതാക്കള്‍ ചെന്ന് അഭയം പ്രാപിക്കുന്നത്, ലീഗ് വിചാരിച്ചാല്‍ മന്ത്രിസ്ഥാനം വേണമെങ്കില്‍ തളികയില്‍ കൊണ്ടുവന്നുതരും തുടങ്ങിയ വീരവാദങ്ങള്‍, എല്ലാം തന്നെ ഈ വികാരം വര്‍ധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇപ്പോള്‍ ലീഗ് സ്വയം ഒരു മതേതര സംഘടനയാണെന്ന് പ്രഖ്യാപിക്കുകയും മറ്റ് സമുദായ സംഘടനകള്‍ വര്‍ഗ്ഗീയതക്ക് വേണ്ടി നില്‍ക്കുന്നവരുമാണെന്ന് പറയുന്നത് ചിരി ഉളവാക്കുകയല്ലാതെ ആരും കാര്യമായെടുക്കുമെന്ന് തോന്നുന്നില്ല.
ലീഗ് ഒരിക്കലും മതേതര സംഘടനയായിരുന്നിട്ടില്ല. മുസ്ലിം ലീഗ് എന്ന പേരില്‍ ഒരു സംഘടനയുണ്ടാകുന്നത് മതേതരമാണെന്ന് പറയുന്നത് തന്നെ ശുദ്ധ വൈരുധ്യമാണ്.
മുസ്ലിം ലീഗിന് രണ്ട് വഞ്ചിയിലും കാലുവെക്കാന്‍ അവകാശം വേണമെന്നാണവര്‍ പറയുന്നത്. അതായത്, ഒരേസമയം ഒരു ജനാധിപത്യ മതേതര കക്ഷിയായി അംഗീകരിക്കുകയും വേണം, ന്യൂനപക്ഷം, ന്യൂനപക്ഷം എന്ന പേരില്‍ സമുദായ വാദം നടത്തുകയും വേണം. ഇത് മേലാല്‍ നടക്കും എന്ന് തോന്നുന്നില്ല. മറ്റ് സമുദായങ്ങളും ലീഗിനെ വര്‍ഗ്ഗീയ കക്ഷിയായി തന്നെ കണക്കാക്കി തുടങ്ങിയിരിക്കുന്നു എന്നതാണ് വാസ്തവത്തില്‍ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് തൊട്ട് ഉണ്ടായിട്ടുള്ളത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗിന്റെ മതേതര ഛായക്ക് തകര്‍ച്ച വരുത്തിയിട്ടുണ്ട്. ലീഗ് ഒരിക്കലും മതേതര സംഘടനയായിരുന്നിട്ടില്ല. മുസ്ലിം ലീഗ് എന്ന പേരില്‍ ഒരു സംഘടനയുണ്ടാകുന്നത് മതേതരമാണെന്ന് പറയുന്നത് തന്നെ ശുദ്ധ വൈരുധ്യമാണ്. ഇന്ത്യന്‍ പശ്ചാത്തലത്തെ കുറിച്ച് മനസ്സിലാക്കാത്ത മാര്‍ക്സിസ്റ്റുകാര്‍ അതിന് ഒരുതരം പ്രത്യയശാസ്ത്രപരമായ ന്യായീകരണം കൊടുത്ത് അതിനെ വളര്‍ത്തുകയാണ് ചെയ്തത്. 1970-ല്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിച്ചിരുന്നെങ്കില്‍ ലീഗ് എന്നുപറയുന്ന വര്‍ഗ്ഗീയ സംഘടന കേരളത്തില്‍ ഇന്നത്തെ നിലയില്‍ വളരുമായിരുന്നില്ല. ദീര്‍ഘവീക്ഷണമില്ലാത്ത എ.കെ ആന്റണിയും കെ.കെ വിശ്വനാഥനും നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് അന്ന്‍ അതിന് സന്നദ്ധമായില്ല. അതിന്റെ പരിണതഫലമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മുസ്ലിം ലീഗ് ഒരു സമുദായ സംഘടനയാണ് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും അത് രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ പേരില്‍, ന്യൂനപക്ഷത്തിന്റെ പേരിലായാലും അല്ലെങ്കിലും നിലനില്‍ക്കുന്നത് ജാതി സംഘടനകളുടേയും വര്‍ഗ്ഗീയതയുടേയും ശക്തിവര്‍ധനക്ക് ഇടയാക്കുമെന്നുള്ള യാഥാര്‍ഥ്യമാണ് വാസ്തവത്തില്‍ കേരള സമൂഹം മനസിലാക്കേണ്ടത്.