14 ന് നേരത്തെ എഴുന്നേറ്റ് കുളി കഴിഞ്ഞ് ഊബര്‍ പിടിച്ച് ശ്രീരാംമന്ദിര്‍ കോംപ്ലക്‌സില്‍ എത്തിയപ്പോഴേക്കും ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. നൈറോബിയിലെ വലിയ വലിയ പേരുകളെല്ലാം കറുത്ത വസ്ത്രം ചുറ്റി ശരണ ഘോഷം മുഴക്കി സന്നിഹിതരായിരിക്കുന്നു. രാധാകൃഷ്ണന്‍ ഒരു മേശക്ക് പിന്നിലിരുന്ന് വിവിധ വഴിപാടുകള്‍ക്ക് കൂപ്പണുകള്‍ നല്‍കുന്നു. ഞാനും കൂടെക്കൂടി. നെയ് തേങ്ങയാണ് പ്രധാന വഴിപാട്. ഉത്സവത്തിന്റെ നടത്തിപ്പിനായി സംഭാവന നല്‍കുകയുമാകാം. നെയ് തേങ്ങ പൂജിച്ച് ശരണം വിളിയോടെ അമ്പലം പ്രദക്ഷിണം ചെയ്ത് ഇത്തിരിയകലെ തയ്യാറാക്കിയ അഗ്‌നികുണ്ഡത്തില്‍ ഹോമിക്കുന്നു. കുറച്ചു നേരം അത് നോക്കി നിന്നു. ചെയ്യുന്നതൊന്നും ഞാനല്ല, നേടുന്നതൊന്നും എന്റേതല്ല, നെയ്‌തേങ്ങ എന്റെ ഗാത്രത്തിന്റെ പ്രതിനിധാനം. ഞാനിതാ എന്റെ മന:ശരീരാഹങ്കാരങ്ങള്‍ നിന്നില്‍ ഹോമിക്കുന്നു.
അഗ്‌നയേ സ്വാഹാഃ
അഗ്‌നയേ ഇദം ന മമ.
പ്രജാപതയേ സ്വാഹാഃ
പ്രജാപതയേ ഇദം ന മമ.
ശബരിമലയില്‍ സ്ത്രീകള്‍ കയറാമോയെന്ന് വിവാദം നടക്കുന്നു. ഇവിടെ പക്ഷേ നെയ് തേങ്ങയേന്തി ദര്‍ശനം നടത്തുന്നത് ദമ്പതികളാണ്.
സെക്രട്ടറിയുടെ ഭാരിച്ച ഉത്തരവാദിത്വമുണ്ടെങ്കിലും തന്റെ വ്യക്തിപരമായ ആരാധനകള്‍ക്ക് മുടക്കം വരുത്താതെ പ്രതാപ് കുമാര്‍. സ്വതസിദ്ധമായ ലാളിത്യത്തോടെ എല്ലാറ്റിലും പങ്കെടുത്ത് എന്നാല്‍ മാറി നിന്ന് നിരീക്ഷിച്ച് ഗോപകുമാര്‍. ശരണം വിളി തെല്ലൊന്നയഞ്ഞപ്പോള്‍ ഉച്ചസ്ഥായിയില്‍ ശരണഘോഷം മുഴക്കി സോമേട്ടന്‍.
വിഭവ സമൃദ്ധങ്ങളായ പ്രാതല്‍, ഉച്ചയൂണ്, അത്താഴം എല്ലാം അമ്പലത്തില്‍ തന്നെ. നാട്ടില്‍ നിന്ന് വിട്ട് നിന്നിട്ട് കുറച്ച് ദിവസങ്ങളായതിനാല്‍ മലയാളി കറികള്‍ക്കെല്ലാം എന്തൊരു സ്വാദ്. കേരളത്തില്‍ നിന്ന് കടലുകടന്നെത്തിയ ഗാനമേള സംഘത്തിന്റെ വൈകുന്നേരത്തെ ഭക്തിഗാനമേള മനോഹരഗാനങ്ങളാല്‍ നിറഞ്ഞതായിരുന്നു. ക്ഷേത്രത്തിലുണ്ടായിരുന്ന, അന്ന് പരിചയപ്പെട്ട സുഹൃത്തുക്കള്‍ ഈണം തെറ്റാതെ, ഇടര്‍ച്ചയില്ലാതെ കോറസ്സ് പാടിയത് കൗതുകകരമായി. തുടര്‍ന്നുള്ള നാളുകളിലാണ് നൈറോബിയിലെ കലാകാരന്മാരുടെ ബാഹുല്യം ബോധ്യമായത്.
ഒരു പാട് നല്ല സൗഹൃദങ്ങള്‍ നേടാന്‍ മകരവിളക്കുത്സവം സഹായകമായി. രാമദാസ് അയ്യര്‍, കെ.പി.ധനഞ്ജയന്‍, രാജേന്ദ്രപ്രസാദ്, സജിത് ശങ്കര്‍, മനോജ് കുമാര്‍, രമേഷ്, വിനോദ് കുമാര്‍, വിജേഷ്, പ്രകാശ്, ഉത്തം കുമാര്‍, അദിത്യ, ശ്രീകുമാര്‍, അരുണ്‍, ശിവദാസ്, രഞ്ജിത്ത്, ശ്രീ പ്രകാശ് മേനോന്‍, പ്രസന്നന്‍ പിള്ള, അമ്പലത്തിന്റെ തന്ത്രി ഷാജു, നെഞ്ചോടൊട്ടി നില്‍ക്കുന്ന പേരുകള്‍ എഴുതിത്തീര്‍ക്കാര്‍ ഈ പേജ് തികയില്ല. നൈറോബിയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞ ഒരു വലിയ സുഹൃദ് വലയത്തിന്റെ തുടക്കം മകരസംക്രാന്തി നാളിലെ കണ്ടുമുട്ടലുകളായിരുന്നു.
അത്താഴം കഴിച്ച് തണുത്ത രാത്രിയിലൂടെ ഹോട്ടലിലേക്ക് മടങ്ങുമ്പോള്‍ ഓര്‍ത്തു. ജീവിക്കുന്നത് എവിടെയാണെങ്കിലും ജനിച്ചു വീണ നാടിന്റെ സംസ്‌കാരം കാത്തുസൂക്ഷിക്കുക എന്നത് ബാഹ്യപ്രേരണ ഒന്നുമില്ലാതെ മനുഷ്യന്‍ നിര്‍വഹിക്കുന്നു. ഒരു വേള മനസ്സിന്റെ നിരന്തരമായ പ്രത്യക്ഷമാവലാണല്ലോ ജീവിതവും ലോകവും. മനസ്സില്‍ ഗൃഹാതുരത്വത്തോടെ നിറഞ്ഞു നില്‍ക്കുന്നവ പുറത്തേക്ക് പ്രതിഫലിക്കുമ്പോള്‍, മകരസംക്രാന്തിക്ക് സ്വപ്നത്തിന്റെ നിറച്ചാര്‍ത്ത് അധിക ശോഭനല്‍കുന്നു. തിരുവോണം കാല്പനികതയുടെ, വര്‍ണ്ണശഭളിമയുടെ പര്‍വതശിഖരങ്ങള്‍ പൂകുന്നു. ഇപ്പോള്‍,കേരളത്തിലല്ല, മറുനാട്ടിലാണ് ഓണാഘോഷം ഘോഷമായി നടക്കുന്നതെന്ന് അല്പം പുച്ഛത്തോടെ നാമിവിടെ നിന്ന് പറയുമ്പോള്‍, ഒരു കാര്യം നമ്മള്‍ മറക്കുന്നു. നാം, കേരളത്തില്‍ ഓണമുണ്ണുമ്പോള്‍, വര്‍ഷാരംഭത്തിന്റെ വിഷു കണി കാണുമ്പോള്‍, മകരത്തിന്റെ മരംകോച്ചും തണുപ്പില്‍ പമ്പയില്‍ മുങ്ങി മല ചവിട്ടുമ്പോള്‍, തിരുവാതിരക്കുളിരൂഞ്ഞാലാടുമ്പോള്‍, പ്രകൃതി തന്നെ നമ്മെ അനുഭൂതി വൈവിധ്യത്തില്‍ ആറാടിക്കുകയാണ്. പ്രകൃതി, അവളെത്തന്നെ നമുക്കായി ഒരുക്കുകയാണ്. വിമാനം കയറി വിദേശത്തിറങ്ങുന്ന മലയാളി, ലഗേജുകളോടൊപ്പം കൊണ്ടു പോകുന്നത് ഈ അനുഭൂതി വൈവിധ്യങ്ങള്‍ കൂടിയാണ്. പ്രവാസത്തിനിടെ അവന്‍ ഉള്ളിലെ അനുഭൂതികളെ പുന:സൃഷ്ടിക്കാന്‍ ആഘോഷങ്ങളിലൂടെ, ആചാരങ്ങളിലൂടെ ശ്രമിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, ആഘോഷങ്ങള്‍ക്ക് നിറവും പൊലിമയും കൂടുന്നു. അവ സ്വപ്നതുല്യമാവുന്നു.
ഒരു ശരണം വിളി കേള്‍ക്കുമ്പോള്‍ പാര്‍ക് ലാന്റ്‌സിലെ കൊച്ചു ക്ഷേത്രം ഞാനോര്‍ക്കുന്നു. സ്വപ്ന സദൃശമായ മകരവിളക്കും.
സുരേഷ് ബാബു
നൈറോബിയിലെ മകരവിളക്ക് - ഭാഗം 1
https://lifeglint.com/content/omnitrip/18080703/makaravilakku-in-nairob…