Skip to main content

nairobi city

ഈശ്വരന്‍ സര്‍വ്വവ്യാപിയാണെന്നാണ് അറിവുള്ളവര്‍ പറയുന്നത്. അത് ഉള്ളില്‍ വിളങ്ങുന്ന പൊരുളുമാണ്. അകത്തും പുറത്തും നിറഞ്ഞ് കവിയുന്ന ആനന്ദ സ്വരൂപമെന്നും പറഞ്ഞു കേള്‍ക്കുന്നു. ഇതെല്ലാം ഗ്രന്ഥങ്ങളും വ്യക്തികളും തരുന്ന അറിവുകളാണ്. ധ്യാന നൈരന്തര്യത്തില്‍ അറിവാകുന്ന പൊരുളില്‍ അകവും പുറവും സമര്‍പ്പിച്ചാല്‍ ആധിയില്ല.  ആനന്ദം മാത്രം. ചുറ്റുമെന്നാല്‍, ആധിയുടെ വ്യഥയില്‍ മുങ്ങി എന്തു ചെയ്യേണ്ടു എന്നുഴറുന്ന മനുഷ്യരാണ്. ധനത്തിന് സമാധാനം തരാന്‍ കഴിയുമെന്നോര്‍ത്ത് അതിനു പിന്നാലെ പായുന്ന വലിയൊരുകൂട്ടം. ധനം സൗഖ്യം തരുന്നില്ലെന്ന് കണ്ട് അതുപേക്ഷിച്ച് സ്വസ്ഥരാവാമെന്നാശിക്കുന്ന വേറൊരു സംഘം. എല്ലാവരും പക്ഷേ ഒരു കാര്യത്തില്‍ ഏകസ്വരരാണ്. ഈശ്വരനെ ആശ്രയിച്ചാല്‍ സകലതിനും സമാധാനമുണ്ടെന്ന കാര്യത്തില്‍. ഈശ്വരസങ്കല്‍പ്പം തന്നെ പൊള്ളയാണെന്ന് പറയുന്ന വരില്ലെന്നല്ല. ആ മതക്കാരും  ധാരാളം. അതും ഇതും രണ്ടല്ലെന്ന് അദ്വൈതം.

 

ജീവ സന്ധാരണത്തിനിടയില്‍ ഏറെ ചിന്തിക്കാനൊക്കാത്തവര്‍ പക്ഷേ, ഈശ്വരനെത്തന്നെ മുറുകെ പിടിക്കുന്നു. ഓരോ മതവും പഥ്യമായ രീതിയില്‍ അതിനെ സങ്കല്‍പ്പിക്കുന്നു. ഭാരതത്തില്‍ സങ്കല്‍പ്പത്തിന്റെ ബാഹുല്യം കൊണ്ടാവണം ആള്‍ക്കൊന്നെന്ന പോലെ ഈശ്വരന്‍മാര്‍. മനുഷ്യരൂപത്തിലുള്ളവര്‍ വേറെയും. അഹന്തയകറ്റാന്‍ മറ്റു വന്‍കരകളിലുള്ളവര്‍ ആശ്രയിക്കുന്നതും ഭാരതം എന്ന പേരുള്ള നമ്മുടെ മാതൃഭൂമിയെത്തന്നെ.
 

'കര്‍മ്മബീജം വരട്ടിക്കളഞ്ഞുടന്‍
ജന്മനാശം വരുത്തേണമെങ്കിലും
ഭാരതമായ ഖണ്ഡമൊഴിഞ്ഞുള്ള
പാരിലെങ്ങുമെളുതല്ല നിര്‍ണ്ണയം.
അത്ര മുഖ്യമായുള്ളൊരു ഭാരത-
മിപ്രദേശമെന്നെല്ലാരുമോര്‍ക്കണം.'
എന്ന് പൂന്താനവും പറയുന്നു.

 

നേടാനും,നേടിയത് നിലനിര്‍ത്താനുമാണ് ഈശ്വരന്റെ കൂട്ട് നമുക്കേറെവേണ്ടത്. ഇതു കൊണ്ടു തന്നെയാകാം കപ്പല്‍ കയറുമ്പോള്‍ നാം ഭഗവാനെയും കൂടെക്കൊണ്ടു പോകുന്നത്. അമേരിക്കയില്‍ ഗുരുവായൂരപ്പന് അമ്പലമുണ്ടത്രെ. അതുപോലെ മലയാളികളുള്ളിടത്തെല്ലാം മലയാളി ഈശ്വരന്‍മാരുമുണ്ട്. മലയാളികളായ തന്ത്രിമാരും പൂജാരികളുമുണ്ട്. വിധി പ്രകാരമുള്ള പൂജകളുണ്ട്. മുടങ്ങാത്ത ഉത്സവങ്ങളും സമൃദ്ധമായ അന്നദാനവുമുണ്ട്.

 Ayyappa Temple Nairobi

അതിഗംഭീരമായി കൊണ്ടാടിയ നൈറോബി അയ്യപ്പക്ഷേത്രത്തിലെ മകരവിളക്കുത്സവത്തില്‍ പങ്കെടുക്കാന്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ എനിക്ക് ഭാഗ്യമുണ്ടായി. ആദ്യമായി ഒരു വിദേശ രാജ്യത്ത്  എത്തിയതിന്റെ പകപ്പ് മാറി വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നൈറോബിയുടെ വൈകുന്നേരങ്ങള്‍ സുരക്ഷിതമല്ലെന്ന് ബോര്‍ഡിംഗ് പാസ്സ് നല്‍കിയ സുന്ദരി പറഞ്ഞു തന്നിരുന്നു. പുറത്തേക്കിറങ്ങുമ്പോള്‍ കറുമ്പന്‍ കസ്റ്റംസ് ഓഫീസര്‍മാര്‍ തടഞ്ഞു നിര്‍ത്തുമെന്നും ചോദ്യം ചെയ്ത് തളര്‍ത്തുമെന്നും ഒരു കൂട്ടുകാരനും പറഞ്ഞിരുന്നു. സക്കറിയയുടെ യാത്രാവിവരണത്തിലെ നൈറോബി ഒട്ടും ആശക്ക് വക തന്നിരുന്നില്ല.  പക്ഷേ നൈറോബിയില്‍ എത്തിയപ്പോഴാകട്ടെ  പറഞ്ഞു കേട്ടതില്‍ നിന്നെല്ലാം വ്യത്യസ്തമാണാപ്പട്ടണമെന്ന് മനസ്സിലായി. അങ്ങേയറ്റം സൗഹാര്‍ദം നിറഞ്ഞ പെരുമാറ്റമാണ് അവിടുത്തെ ജനതയില്‍ കാണാന്‍ കഴിഞ്ഞത്. അത് ഇന്ത്യക്കാരായാലും കെനിയക്കാരായാലും.

 

 

ജോലി സംബന്ധമായ കാര്യങ്ങളാണെന്നെ നൈറോബിയില്‍ എത്തിച്ചത്.  ഇന്ത്യക്കാരാണ് നൈറോബിയെ ഇന്നത്തെ നിലയിലാക്കായതെന്ന് വായിച്ചിട്ടുണ്ട്.  ഒരുപക്ഷേ പൊങ്ങച്ചമാവാം. എന്നാലും ഇന്ത്യന്‍ സംസ്‌ക്കാരം പ്രത്യക്ഷത്തില്‍ തന്നെ സ്വാധീനം ചെലുത്തുന്നുണ്ട് നൈറോബിയിലെ ജീവിതത്തില്‍. വലിയ വ്യവസായശാലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, എല്ലാം ഇന്ത്യക്കാരുടേത്. അവ ഭരിക്കുന്നതും ഇന്ത്യക്കാര്‍. രാജ്യ തലസ്ഥാനത്തിന്റെ പ്രൗഢി വെളിവാക്കുന്ന വലിയ കെട്ടിടങ്ങള്‍ക്കു ചുറ്റും ആധുനിക വേഷധാരികളായ ആഫ്രിക്കക്കാരെ കാണാം. ഇതൊഴിച്ചു നിര്‍ത്തിയാല്‍ തികച്ചും പാര്‍ശ്വവര്‍ത്തികളാണ് മണ്ണിന്റെ മക്കളെന്ന് തോന്നും. അനാരോഗ്യകരമായ ചുറ്റുപാടുകളില്‍ ഉണ്ണുകയും, ഉറങ്ങുകയും ചെയ്യുന്നവരാണിവര്‍. ദാരിദ്ര്യം ഇവരില്‍ പ്രത്യക്ഷ വര്‍ത്തിയാണ്. മോഷണവും പിടിച്ചുപറിയും നടത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നതും ദാരിദ്ര്യമാവും. ഭരണകൂടത്തിന്റെ കെട്ടുറപ്പില്ലായ്മയും കാരണമാകാം. നൈറോബിയില്‍ രണ്ടു തരക്കാരേയുള്ളൂവെന്നാണ് തോന്നിയത്. എല്ലാമുള്ളവരും ഒന്നുമില്ലാത്തവരും.  ഇത് ദേശം പരിചയമില്ലാത്ത ഒരു വഴിപോക്കന്റെ വിലയിരുത്തലായി കണ്ടാല്‍ മതി. എന്റെ ഉദ്ദേശം രാജ്യസഞ്ചാരമല്ലായിരുന്നല്ലോ

 

'14ാം തീയതി അമ്പലത്തില്‍ ഉത്സവമാണ് . അവിടെ വന്നാല്‍ കാണാനുദ്ദേശിക്കുന്നവരെ മുഴുവന്‍ കാണാം ' നൈറോബിയില്‍ എത്തിയ ദിവസം ചെന്നു കണ്ടപ്പോള്‍ ഡയമണ്ട് ട്രസ്റ്റ് ബാങ്കിന്റെ മേധാവി ശ്രീ. ഗോപകുമാര്‍ പറഞ്ഞു. പിറ്റേന്നത്തെ കൂടിക്കാഴ്ചക്കിടെ നൈറോബി അയ്യപ്പക്ഷേത്രത്തിന്റെ സെക്രട്ടറി ശ്രീ പ്രതാപ് കുമാറും പറഞ്ഞു. 'അമ്പലത്തില്‍ വരൂ. മകരവിളക്ക് ദിവസം എല്ലാവരെയും കാണാം 'അന്നും പിറ്റേന്നും വിളിച്ച എല്ലാവരും പറഞ്ഞു, അമ്പലത്തില്‍ കാണാം.  തീര്‍ച്ചയായും അമ്പലത്തില്‍ കാണാം. അമ്പലം കാണാന്‍ കൊതി മൂത്ത് പതിമൂന്നാം തീയതി വൈകീട്ട് അവിടെയെത്തി. ചെറിയ തണുപ്പ്. നേരിയ കാറ്റ്. മകരം നൈറോബിയിലേക്ക് കുടിയേറിയോ?! നഗരത്തിലെ പ്രൗഢ പ്രദേശങ്ങളില്‍ ഒന്നാണ് പാര്‍ക്ക്‌ലാന്റ്‌സ്. അവിടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ്, ഹൗ സിംഗ് കോംപ്ലക്‌സുകള്‍ക്ക് നടുവില്‍ ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ ഓരത്ത് ഒരു കുഞ്ഞനമ്പലം. ശ്രീരാംമന്ദിര്‍  കോംപ്ലക്‌സാണത്. ഗുജറാത്തി വംശജരുടെ ആരാധനാലയം. അവരുടെ ആശിസ്സുകളോടെ അയ്യപ്പക്ഷേത്രം സ്ഥാപിതമായത് 2002 മെയ് 26 നാണ്. പെട്ടെന്നുള്ള നോട്ടത്തില്‍ ശബരിമലയിലെ ശ്രീകോവില്‍ പറിച്ചുനട്ടതോയെന്ന് തോന്നും. ദീപപ്രഭയില്‍ ശോഭ പൊഴിച്ച് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം.  തകൃതിയായ ഒരുക്കങ്ങള്‍ നടക്കുന്നു. അമ്പലത്തിന്റെ ഒരു കോണില്‍ പൊങ്കലിനു ള്ള ഒരുക്കങ്ങളും കാണാം. നാളെ പൊങ്കലുമാണല്ലോ.

 

ദീപാരാധന തൊഴുതു. അവിടെയുണ്ടായിരുന്നവരെയല്ലാം പരിചയപ്പെട്ടു. സത്യം പറഞ്ഞാല്‍ വീട്ടിലെത്തിയ പോലെ. അധികപേരും പുതുമുഖത്തെ ഇങ്ങോട്ടു വന്ന് പരിചയപ്പെടുകയായിരുന്നു. ഒരു കാര്യം മനസ്സിലായി. നൈറോബിയില്‍ വന്നു ചേരുന്ന ഏതു മലയാളിയുടേയും, ആദ്യ കൂടിച്ചേരല്‍ കേന്ദ്രം ഈ ക്ഷേത്രമാണ്.  ദിവസങ്ങള്‍ പോകെ അറിഞ്ഞു, പട്ടണത്തില്‍ പലയിടങ്ങളിലുമുള്ള ഇന്ത്യന്‍ ക്ഷേത്രങ്ങള്‍ ആരാധനക്ക് വേണ്ടി മാത്രമുള്ളവയല്ല. പിറന്നമണ്ണില്‍ നിന്നടര്‍ന്ന് പോന്ന വേരുകള്‍ക്ക് അല്പ നേരം ഇളവേല്‍ക്കാനും നീരുറവകള്‍ അന്വേഷിക്കാനുമുള്ള ഇടങ്ങള്‍ കൂടിയാണ്. അതു കൊണ്ടു തന്നെ ആരാധനാലയങ്ങളെല്ലാം തന്നെ പ്രവാസികള്‍ക്ക് അത്യന്തം പ്രിയങ്കരങ്ങളും. രാത്രി, ശ്രീരാംമന്ദിര്‍വക ഗുജറാത്തി ശൈലിയിലുള്ള ഭക്ഷണം കഴിഞ്ഞ്, നാളെക്കാണാമെന്ന് എല്ലാരോടും യാത്ര പറഞ്ഞ് ഹോട്ടലിലേക്ക് പോകാന്‍ ഊബര്‍ ടാക്‌സിയില്‍ ഇരിക്കുമ്പോള്‍ ഓര്‍ത്തു. പ്രവാസത്തില്‍, നാം തറവാട് വിട്ടു പോവുകല്ല, തറവാടിനെ കൂടെ കൊണ്ടു പോവുകയാണ് ചെയ്യുന്നത്. അല്ലെങ്കിലും നെഞ്ചേറ്റാത്ത വിശ്വാസ പ്രമാണങ്ങള്‍ വെറും ചടങ്ങുകള്‍ മാത്രമായി ശുഷ്‌ക്കിച്ചു പോകുമല്ലോ.( തുടരും...)

 



T Suresh Babu's Profile Photo, Image may contain: T Suresh Babu, eyeglasses, closeup and outdoor സുരേഷ് ബാബു