റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തി: ഭവന, വാഹന വായ്പാ പലിശ കൂടും

Glint Staff
Wed, 06-06-2018 06:06:55 PM ;

 rbi-monetary-policy

റിസര്‍വ് ബാങ്ക് പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. വാണിജ്യബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കുനല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്കും ഇവരില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിന്റെ പലിശയായ റിവേഴ്സ് റിപ്പോ നിരക്കും കാല്‍ ശതമാനം ഉയര്‍ത്തി.  ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനവും റിവേഴ്സ് റിപ്പോ  നിരക്ക് 6 ശതമാനമവുമായി. സി.ആര്‍.ആര്‍ നിരക്ക് നാല് ശതമാനത്തില്‍ തുടരും.

 

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍.ബി.ഐ വിലയിരുത്തി.

 

ഉപഭോക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് ഏപ്രിലില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. ഭാവിയിലും ഇത് കൂടാനുള്ള സാധ്യത യോഗം വിലയിരുത്തി. ഫെബ്രുവരിയില്‍ 4.44 ശതമാനമായിരുന്നു പണപ്പെരുപ്പം.

 

റിപ്പോ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തില്‍ ഭവന വാഹന വായ്പകളുടെ പലിശ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.

 

Tags: