തീരുമാനം മാറ്റി വാട്‌സ് ആപ്പ്; സ്വകാര്യ നയം നടപ്പിലാക്കുന്നത് നീട്ടി

Glint desk
Sat, 16-01-2021 10:33:27 AM ;

വളരെ അധികം വിവാദങ്ങള്‍ക്ക് വഴിവെച്ച ഒന്നായിരുന്നു വാട്‌സ് ആപ്പിന്റെ പുതിയ പ്രൈവസി പോളിസി. ഇതിനെതിരെ രാജ്യാന്തരതലത്തില്‍ തന്നെ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഇപ്പോള്‍ സ്വകാര്യം നയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിവെച്ചു എന്ന വിവരമാണ് പുറത്തുവരുന്നത്. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നും കമ്പനി അറിയിച്ചു. വിവരങ്ങള്‍ കൈമാറുന്ന വാട്‌സ് ആപ്പിന്റെ പുതിയ നയം പ്രഖ്യാപിച്ചതോടെ വാട്‌സ് ആപ്പില്‍ നിന്ന് കൂട്ടപ്പാലായനം നടന്നിരുന്നു. സിഗ്നല്‍, ടെലഗ്രാം എന്നീ ആപ്പുകളിലേക്ക് മാറുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നയം നടപ്പാക്കുന്നത് വാട്‌സ് ആപ്പ് നീട്ടിയിരിക്കുന്നത്. ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മികച്ച സൗജന്യ മെസേജിംഗ് ആപ്ലിക്കേഷനുകളില്‍ സിഗ്നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷന്‍ ഒന്നാമതാവുകയും വാട്‌സ്ആപ്പ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.

വ്യക്തിഗത സന്ദേശങ്ങള്‍ എല്ലായിപ്പോഴും എന്‍ക്രിപ്റ്റഡ് ചെയ്തിട്ടുണ്ടെന്നും അത് സ്വകാര്യമായി തുടരുമെന്നും വാട്‌സ് ആപ്പ് പറയുന്നു. ഫേസ്ബുക്കുമായി ഡാറ്റ പങ്കിടുന്ന രീതി പുതിയതല്ലെന്നും ഇത് വിപുലീകരിക്കാന്‍ പോകുന്നില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 

വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ ഫോണ്‍ നമ്പര്‍, സ്ഥലം, മൊബൈല്‍ നെറ്റുവര്‍ക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ബിസിനസ് അക്കൗണ്ടുകളുമായുള്ള ആശയവിനിമയം, ഏതൊക്കെ വെബ്സൈറ്റുകളില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നിങ്ങനെയുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നതാണ് വാട്സ്ആപ്പ് പ്രൈവസി പോളിസിയില്‍ കൊണ്ടുവരുന്ന മാറ്റം. ഇത്തരം വിവരങ്ങള്‍ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ളവയ്ക്ക് പങ്കുവയ്ക്കുമെന്നും പുതിയ നയത്തില്‍ അറിയിച്ചിരുന്നു.

 

Tags: