ടെലഗ്രാമിലേക്ക് രാഷ്ട്രതലവന്മാര്‍ ഒഴുകുന്നു; കാരണം ഇതോ?

Glint desk
Thu, 14-01-2021 06:47:56 PM ;

ടെലഗ്രാം 50 കോടിയിലധികം ഉപയോക്താക്കളെ സ്വന്തമാക്കി കഴിഞ്ഞു എന്ന് കഴിഞ്ഞ ദിവസം കമ്പനി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറില്‍ 2.5 കോടി ഉപയോക്താക്കള്‍ ടെലഗ്രാമില്‍ ചേര്‍ന്നുവെന്ന് കമ്പനി സി.ഇ.ഒ പവല്‍ ദുരോവ് പറഞ്ഞിരുന്നു. ടെലഗ്രാമില്‍ രാഷ്ട്രത്തലവന്മാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍, ബ്രസീലിയന്‍ പ്രസിഡന്റ്, മെക്‌സിക്കന്‍ പ്രസിഡന്റ്,  സിംഗപ്പൂര്‍ പ്രധാനമന്ത്രി, ഉക്രൈന്‍ പ്രസിഡന്റ്, ഉസ്ബക്കിസ്ഥാന്‍ പ്രസിഡന്റ്, തായ്‌വാന്‍ പ്രസിഡന്റ്, ഏത്തോപ്യന്‍ പ്രധാനമന്ത്രി, ഇസ്രയേല്‍ പ്രധാനമന്ത്രി എന്നിങ്ങനെ നീളുന്നു ടെലഗ്രാമിലേക്ക് എത്തിയ ലോക നേതാക്കള്‍.

സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും വിലക്ക് ലഭിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാല്‍ഡ് ട്രംപ് ടെലഗ്രാമില്‍ ചാനല്‍ ആരംഭിച്ചു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം രാഷ്ട്ര തലവന്മാര്‍ കൂടി സമീപ ദിവസങ്ങളില്‍ എല്ലാം തന്നെ ടെലഗ്രാം ചാനല്‍ ആരംഭിച്ചത്. ഒരു ചാനല്‍ ടെലഗ്രാമില്‍ പിന്തുടരാന്‍ പരിധിയില്ല എന്നത് തന്നെയാണ് രാഷ്ട്ര തലവന്മാര്‍ ഇതില്‍ അക്കൌണ്ട് തുടങ്ങാന്‍ കാരണം എന്നാണ് സൈബര്‍ വിദഗ്ദര്‍ പറയുന്നത്. വാട്ട്‌സ് ആപ്പിലെ ബ്രോഡ്കാസ്റ്റ് സംവിധാനത്തിനും മറ്റും ആളുകളെ ചേര്‍ക്കാന്‍ പരിധിയുണ്ടെങ്കില്‍ അത്തരം പരിമിതികള്‍ ഇല്ലാതെയാണ് ടെലഗ്രാം ചാനലുകള്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ടെലഗ്രാം ഉപയോക്താക്കളുടെ വര്‍ധനവിന് കാരണം ഇതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയത്തിലുള്ള അവ്യക്തത കാരണം ഉപയോക്താക്കള്‍ സിഗ്‌നലിലേക്കും ടെലഗ്രാമിലേക്കും കുടിയേറുന്നത് കൂടിയിട്ടുണ്ടെന്നാണ് സൈബര്‍ ലോകത്തെ വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Tags: