സോഷ്യല്‍ ഭീമന്‍മാര്‍ ട്രംപിനെ പുറത്താക്കിയതോടെ ലോട്ടറിയടിച്ചത് ടെലഗ്രാമിന്; ഉപയോക്താക്കള്‍ 50 കോടി കവിഞ്ഞു

Glint desk
Wed, 13-01-2021 01:50:41 PM ;

മുന്‍നിര സാമൂഹികമാധ്യമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിലക്കിയ സംഭവത്തില്‍ അമേരിക്കയില്‍ ലോട്ടറി അടിച്ചത് മെസേജിംഗ് ആപ്പായ ടെലഗ്രാമിനെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ 5,45,000 പേര്‍ ബുധനാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തു. ഒരാഴ്ച മുന്‍പുള്ള ഇതേ കാലയളവിന്റെ മൂന്നിരട്ടിയാണിതെന്നാണ് സെന്‍സര്‍ ടവര്‍ കണക്കുകള്‍ പറയുന്നത്. ഇതില്‍ വലിയൊരു വിഭാഗം ട്രംപ് അനുകൂലികളെന്നാണ് റിപ്പോര്‍ട്ട്.

ക്യാപിറ്റോള്‍ അക്രമവുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഫേസ്ബുക്കും, ട്വിറ്ററും വിലക്കേര്‍പ്പെടുത്തിയത്. ട്രംപിനെതിരെയുള്ള ടെക് ഭീമന്മാരുടെ നിരോധനം മറ്റ് ഉപയോക്താക്കളെയും ഈ സേവനം ഒഴിവാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ടെലഗ്രാമില്‍ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു. 72 മണിക്കൂറിനുള്ളില്‍ 2.5 കോടി പുതിയ ഉപയോക്താക്കളെയാണ് ടെലഗ്രാമിന് ലഭിച്ചത്. ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 

അടുത്തിടെ ടെലഗ്രാമില്‍ എത്തിയ ഉപയോക്താക്കളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും പാവെല്‍ ദുരോവ് പങ്കുവെച്ചു. ഇതില്‍ 38 ശതമാനം ഏഷ്യയില്‍നിന്നാണ്. 27 ശതമാനം യൂറോപ്പില്‍നിന്നും 21 ശതമാനം ലാറ്റിന്‍ അമേരിക്കയില്‍നിന്നും. എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയില്‍ നിന്നുള്ളവരാണ്.

റഷ്യന്‍ ആപ്ലിക്കേഷനാണ് ടെലഗ്രാം എന്ന പ്രചാരണം ടെലഗ്രാമിന് വെല്ലുവിളിയാവുന്നുണ്ട്. എന്നാല്‍, റഷ്യയിലാണ് തുടക്കമെങ്കിലും റഷ്യന്‍ ഭരണകൂടവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ടെലഗ്രാം റഷ്യ വിടുകയും ആസ്ഥാനം ലണ്ടനിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ലണ്ടനിലും യു.എ.ഇയിലുമായാണ് ടെലഗ്രാമിന്റെ നിയന്ത്രണം. ഇപ്പോള്‍ ടെലഗ്രാമിന്റെ സെര്‍വറുകളൊന്നും റഷ്യയിലില്ലെന്നും റഷ്യയില്‍ ടെലഗ്രാം നിരോധിക്കപ്പെട്ടിട്ടുണ്ടെന്നും പാവല്‍ ദുരോവ് പറഞ്ഞു.

Tags: