വാട്സാപ്പ് ആപ്ലിക്കേഷന്‍ പ്രൈവസി പോളിസി വ്യവസ്ഥകള്‍ പരിഷ്‌കരിക്കാന്‍ പോവുകയാണെന്നും അത് അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടി വരുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ആപ്പ് നോട്ടിഫിക്കേഷന്‍ അയച്ചു തുടങ്ങിയിരിക്കുകയാണ് വാട്സാപ്പ്. വാട്‌സ് ആപ്പ് അതിന്റെ സേവന നിബന്ധനകളും സ്വകാര്യതാ നയവും അപ്ഡേറ്റ് ചെയ്യുന്നത് ഇത് ആദ്യമല്ല. വാട്‌സ് ആപ്പിനെ പോലെ മിക്ക സോഫ്റ്റ്വെയര്‍ കമ്പനികളും അവരുടെ സേവനങ്ങള്‍ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യാറുണ്ട്. സേവനങ്ങള്‍ ഉപയോഗിക്കുന്നത് തുടരുന്നതിന്, ഉപയോക്താവ് പുതിയ നിബന്ധനകളും നയവും സ്വീകരിക്കണം. ഈ നിലയ്ക്ക്, പുതിയ പോളിസി സ്വീകരിക്കുന്നതിനോ നിങ്ങളുടെ അക്കൗണ്ട് ഇല്ലാതാക്കുന്നതിനോ 2021 ഫെബ്രുവരി 8 വരെ വാട്സ്ആപ്പ് സമയപരിധി നല്‍കുന്നു.
വാട്സ് ആപ്പ് തുറക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് ആപ്പ് നോട്ടിഫിക്കേഷന്‍ വിന്‍ഡോ കാണാം. വാട്സ് ആപ്പ് സേവനങ്ങള്‍, എങ്ങനെ ഡാറ്റ കൈകാര്യം ചെയ്യുന്നു, ഫെയ്സ്ബുക്ക് സേവനങ്ങള്‍ എങ്ങനെയെല്ലാം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്റ്റോറിലും വാട്സ് ആപ്പ് ചാറ്റിലും ഉപയോഗിക്കാം. ഫേസ്ബുക്ക് കമ്പനി ഉല്‍പ്പന്നങ്ങളുമായി സമന്വയിപ്പിക്കുന്നതിന് ഫേസ്ബുക്കുമായി തങ്ങള്‍ എങ്ങനെ സഹകരിക്കുന്നു തുടങ്ങിയവയിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത് എന്ന് അറിയിപ്പില്‍ പറയുന്നു. നോട്ടിഫിക്കേഷന്‍ വിന്‍ഡോയില്‍, എഗ്രീ, നോട്ട് നൗ ഓപ്ഷനുകള്‍ ഉണ്ട്. വ്യവസ്ഥകള്‍ അംഗീകരിക്കുകയോ അല്ലെങ്കില്‍ പിന്നീട് ചെയ്യാം എന്ന് തീരുമാനിക്കുകയോ ആവാം.
ഫെബ്രുവരി എട്ട് മുതലാണ് പുതിയ പ്രൈവസി പോളിസി വ്യവസ്ഥകള്‍ നിലവില്‍ വരിക. ഈ തീയ്യതി കഴിഞ്ഞാല്‍ വാട്സ് ആപ്പ് സേവനം തുടര്‍ന്നും ലഭിക്കണമെങ്കില്‍ നിര്‍ബന്ധമായും വ്യവസ്ഥകള്‍ അംഗീകരിച്ചിരിക്കണം. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് വാട്സ് ആപ്പിന്റെ ഹെല്‍പ്പ് സെന്റര്‍ സന്ദര്‍ശിച്ച് അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്നും നോട്ടിഫിക്കേഷന്‍ നിര്‍ദേശിക്കുന്നു.
നോട്ടിഫിക്കേഷന്‍ വായിച്ച് പോലും നോക്കാതെ ഓക്കെ കൊടുത്ത് പോകുന്നവരും ധാരാളമാണ്. നിങ്ങളുടെ ഡാറ്റകള്‍ മൂന്നാം കക്ഷിയുമായി പങ്കുവെക്കാനുള്ള അനുവാദവും വാട്‌സ് ആപ്പ് ചോദിക്കുന്നുണ്ട് എന്ന് ഓര്‍ക്കണം. വാട്സ്ആപ്പ് എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റിനെ ഇതു ബാധിക്കില്ല. നിങ്ങളുടെ സന്ദേശങ്ങള്‍ കാണാനോ ആരുമായും പങ്കിടാനോ കഴിയില്ല. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് അല്ലെങ്കില്‍ മറ്റു കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിപണന ആവശ്യത്തിനായി കൂടുതലായി ആശ്രയിക്കുവാന്‍ പോകുന്നു. ഇതിനായി, അനുമതി നല്‍കാനാണ് വാട്‌സ് ആപ്പ് ഉപയോക്താവിനോട് നിര്‍ദേശിക്കുന്നത്. ചാറ്റുകള്‍ ബാക്കപ്പ് ചെയ്യുന്നതിന് നിങ്ങള്‍ ഗൂഗിള്‍ ഡ്രൈവ് അല്ലെങ്കില്‍ ഐക്ലൗഡ് ഉപയോഗിക്കുമ്പോള്‍ ഓര്‍ക്കുക, ഈ സേവനങ്ങള്‍ ഫലത്തില്‍ നിങ്ങളുടെ മെസേജുകളിലേക്ക് തേര്‍ഡ് പാര്‍ട്ടി പ്രവേശനം നേടുന്നു. ഉപയോക്താക്കള്‍ ഈ തേര്‍ഡ് പാര്‍ട്ടികളെ ആശ്രയിക്കുമ്പോള്‍ ഡാറ്റാ പങ്കിടലിനെക്കുറിച്ച് വാട്‌സ്ആപ്പ് കൂടുതല്‍ വിശദീകരിക്കുന്നു എന്നതൊഴിച്ചാല്‍ സാങ്കേതികമായി ഒന്നും മാറിയിട്ടില്ല.
ആരെങ്കിലും അവരുടെ ഫോണില്‍ നിന്ന് വാട്ട്സ്ആപ്പ് ഇല്ലാതാക്കുകയാണെങ്കില്‍, എന്റെ അക്കൗണ്ട് എന്ന ഫീച്ചര്‍ ഉപയോഗിച്ചു വേണം ഡിലീറ്റ് ചെയ്യാന്‍. അല്ലാതെ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഉപയോക്തൃ വിവരങ്ങള്‍ പ്ലാറ്റ്ഫോമില്‍ സൂക്ഷിക്കുമെന്ന് പുതിയ സ്വകാര്യതാ നയം എടുത്തു പറയുന്നു. അതിനാല്‍ നിങ്ങളുടെ ഫോണില്‍ നിന്ന് അപ്ലിക്കേഷന്‍ ഇല്ലാതാക്കിയാല്‍ മാത്രം പോരാ എന്നു സാരം.
ഒരു ഉപയോക്താവ് അവരുടെ ലൊക്കേഷന്‍ റിലേഷന്‍ സവിശേഷതകള്‍ ഉപയോഗിക്കുന്നില്ലെങ്കിലും, 'നിങ്ങളുടെ പൊതുവായ സ്ഥാനം (നഗരം, രാജ്യം) കണക്കാക്കാന്‍ അവര്‍' ഐപി വിലാസങ്ങളും ഫോണ്‍ നമ്പര്‍ ഏരിയ കോഡുകള്‍ പോലുള്ള മറ്റ് വിവരങ്ങളും ശേഖരിക്കുന്നു 'എന്ന് വാട്ട്സ് ആപ്പിന്റെ പുതിയ നയം വ്യക്തമാക്കുന്നു.