കൊറോണവൈറസ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത് വൈറസില്‍ നിന്ന് അകലം പാലിക്കാനും വൈറസ് പകരുന്നത് തടയുന്നതിനുമായുള്ള സി-സേഫ് കീ വികസിപ്പിച്ചിടുത്തിരിക്കുകയാണ് നോയിഡയിലെ ബെന്നറ്റ് യൂണിവേഴ്‌സിറ്റിയിലെ ബി.ബി.എ വിദ്യാര്‍ത്ഥിയായ സെയ്ദ് നൈം. സി-സേഫ് കീ വാതിലില്‍ തൊടാതെ തന്നെ വാതില്‍ തുറക്കുന്നതിനും ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്തുന്നതിനും എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത് ഒരുപാട് ആളുകള്‍ സ്പര്‍ശിച്ച പ്രതലത്തില്‍ തൊടാതെ ഇരിക്കുന്നതിന് സഹായിക്കും. അതുവഴി പ്രതലത്തില്‍ സ്പര്‍ശിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന വൈറസ്ബാധ തടയുന്നതിനും സഹായിക്കും.
കട്ടിയുള്ള പിച്ചള വച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. കൊണ്ട് നടക്കാന്‍ വളരെ എളുപ്പമാണ്. പോക്കറ്റിലോ ബാഗിലോ സൂക്ഷിക്കാവുന്നതാണ്. 0.07ഗ്രാം മാത്രമാണ് ഇതിന്റെ ഭാരം. സി-സേഫ് കീ ഉപയോഗിച്ച് വാതിലുകളുടെ പിടിയില്‍ കൈ കൊണ്ട് തൊടാതെ തന്നെ കീ ഉപയോഗിച്ച് തുറക്കാന്‍ സാധിക്കും. കീയുടെ അറ്റം ഉപയോഗിച്ച് ലിഫ്റ്റിന്റെ ബട്ടണ്‍ അമര്‍ത്താനും എ.ടി.എം പിന്‍ അമര്‍ത്താനും റൂമിലെ ലൈറ്റ് ഇടാനും എല്ലാം സാധിക്കും. ഇതുവഴി മറ്റുള്ളവര്‍ സ്പര്‍ശിച്ച പ്രതലത്തില്‍ സ്പര്‍ശിക്കാതെ ഇരിക്കാന്‍ കഴിയും.
മെന്ററായ മനീഷ് മധുറിന്റെ മാര്‍ഗനിര്‍ദേശങ്ങളുടെ സഹായത്തോടെയാണ് സെയ്ദ് നൈം സി-സേഫ് കീ വികസിപ്പിച്ചെടുത്തത്.