ഹാന്‍ഡ് സാനിറ്റൈസര്‍ സ്വയം നിര്‍മ്മിക്കാം

Glint Desk
Sat, 21-03-2020 01:30:02 PM ;

കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കുന്ന ഒന്നാണ് ഹാന്‍ഡ് സാനിറ്റൈസര്‍. എന്നാല്‍ പല സ്ഥലങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍ ആവശ്യാനുസരണം ലഭിക്കാത്ത സാഹചര്യമാണുള്ളത്. ചില സ്ഥലങ്ങളില്‍ ഇതിന്റെ വില കൂട്ടിയതും ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ഈ സാഹചര്യത്തില്‍ വീടുകളില്‍ എങ്ങനെയാണ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കേണ്ടത് എന്ന് നോക്കാം. 

ഡബ്ലൂ.എച്ച്.ഒ പറയുന്ന രീതിയില്‍ സാനിറ്റൈസര്‍ നിര്‍മ്മിക്കാനായി ആവശ്യമായ സാധനങ്ങള്‍: 

- ഐസോപ്രൊപ്പെയില്‍ ആല്‍ക്കഹോള്‍ 
- ഹൈഡ്രജന്‍ പെറോക്‌സൈഡ് 
- ഗ്ലിസറിന്‍( ഇവയെല്ലാം മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാണ്) 
- തിളപ്പിച്ചാറിയ വെള്ളം എന്നിവ മാത്രം മതി. 

സാനിറ്റൈസര്‍ നിര്‍മ്മിക്കുന്ന വിധം:

75% ഐസോപ്രൊപ്പെയില്‍ റബ്ബിംഗ് ആല്‍ക്കഹോള്‍ 
1.45% ഗ്ലിസറിന്‍
4.17% ഹൈഡ്രജന്‍ പെറോക്‌സൈഡ്
19.3% തിളപ്പിച്ചാറിയ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുത്താല്‍ ഹാന്‍ഡ് സാനിറ്റൈസര്‍ റെഡിയായി. 

ഇതിന് നിറമോ മണമോ ഉണ്ടാവുകയില്ല. അതിന് വേണ്ടി എന്തെങ്കിലും ചേര്‍ക്കുന്നതിനെ ഡബ്ല്യൂ.എച്ച്.ഒ പ്രോല്‍സാഹിപ്പിക്കുന്നുമില്ല. അലര്‍ജി സാധ്യത മുന്‍നിര്‍ത്തിയാണ് ഇങ്ങനെ പറയുന്നത്. 

ഗ്ലിസറിന്‍ ചേര്‍ക്കുന്നത് ചര്‍മ്മത്തിനുണ്ടാവുന്ന വരള്‍ച്ച ഒഴിവാക്കാന്‍ വേണ്ടിയാണ്. കറ്റാര്‍വാഴ ജെല്‍ ഇതിന് പകരമായി ഉപയോഗിക്കാറുണ്ടെങ്കിലും ഗ്ലിസറിനാണ് ഡബ്യൂ.എച്ച്.ഒ നിര്‍ദ്ദേശിക്കുന്നത്. 

ഐസോപ്രൊപ്പെയില്‍ റബ്ബിംഗ് ആല്‍ക്കഹോള്‍ വൈറസുകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഹൈഡ്രജന്‍ പെറോക്‌സൈഡ് അണുനാശിനിയും ക്ലീനിംഗ് ഏജന്റുമാണ്. 

Tags: