Skip to main content

Cybira robot recieves complaints from public in vishakapattanam police station വിശാഖപ്പട്ടണത്തെ മഹാറാണിപേട്ട പോലീസ് സ്റ്റേഷനില്‍ പൊതുജനങ്ങളുടെ പരാതിയിപ്പോള്‍ സ്വീകരിക്കുന്നത് റോബോട്ടാണ്. സൈബിറ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ട് വോയിസ് റെക്കോര്‍ഡിങ്ങിലൂടെയും ഡിജിറ്റല്‍ ടൈപ്പിങ്ങിലൂടെയും പരാതികള്‍ സ്വീകരിക്കും. സൈബിറയുടെ ഓരോ പരാതിയും പരിഹരിക്കുന്നതിന് മൂന്ന് ദിവസത്തെ സമയപരിധിയാണുള്ളത്. അതിനുശേഷം പരാതി മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും അയയ്ക്കും. 

സൈബിറ വന്നതോടെ  മഹാറാണിപേട്ടയിലെ ജനങ്ങള്‍ക്ക് പരാതി നല്‍കുവാന്‍ പോലീസ് ഉദ്യോഗസ്ഥരുടെ സമയത്തിനായി കാത്ത് നില്‍ക്കേണ്ടതില്ല. റോബോ കോപ്ലെര്‍ പ്രൈവറ്റ് ലിമിറ്റഡാണ് സൈബിറയുടെ നിര്‍മാതാക്കള്‍. ഒരു നിശ്ചിത സമയത്തിനുള്ളില്‍ തന്നെ പരാതികള്‍ സ്വീകരിച്ച് പരിഹരിക്കാമെന്നുള്ളതാണ് ഇത്തരമൊരു റോബോട്ട് കൊണ്ടുള്ള ഉപയോഗം. പരാതികള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ ഓരോ പരാതിയെയും അതിന്റെതായ നിയമവശത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ച് സജ്ജീകരിക്കാനും സൈബിറയ്ക്കാവും. പ്രാദേശിക ഭാഷയിലും വോയിസ് റെക്കോര്‍ഡിങ്ങിലുടെ പരാതികള്‍ സ്വീകരിക്കുന്നുവെന്നത് സൈബിറയുടെ സവിശേഷതയാണ്. 

ഔദ്യോഗികമായി സൈബിറയെ രംഗത്തിറക്കുന്നതിനു മുന്‍പ് സ്പന്ദന പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ചില പോലീസ് സ്റ്റേഷനുകളില്‍ റോബോട്ടിന്റെ സേവനം ട്രയലായി പരിശോധിച്ചിരുന്നു. പരാതി രജിസ്റ്ററായാല്‍ റോബോട്ട് പരാതിക്കാരന്റെ ഫോട്ടോയും, മറ്റ്  വിവരങ്ങളും പ്രസ്തുത ഓഫീസറുടെ മൊബൈല്‍ ഫോണിലേക്ക് അയക്കും. 24 മണിക്കൂറിനുള്ളില്‍ ഉദ്യോഗസ്ഥന് പരാതി ലഭിച്ചിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെങ്കില്‍ പരാതി സി. ഐ യിലേക്ക് കൈമാറും. ഓരോ പരാതിയും രജിസ്റ്റര്‍ ചെയ്ത് 2 - 3 ദിവസത്തിനകം പരിഹരിച്ചില്ലെങ്കില്‍ പരാതി നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തുമെന്നും റോബോ കോപ്ലെര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഒ പ്രവീണ്‍ മല്ല പറയുന്നു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കുവാനായി സൈബിറയില്‍ സ്‌കാനര്‍ ഘടിപ്പിക്കാനായി ശ്രമിക്കുകയാണെന്നും, അതിനായി കൂടുതല്‍ സമയം വേണ്ടിവരുമെന്നും സൈബിറയുടെ അധികൃതര്‍ പറയുന്നു.