Skip to main content

belgian maloysis

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ഭൂഗര്‍ഭ തുരങ്കത്തില്‍ ഒളിച്ച  ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ പിന്തുടര്‍ന്ന സൈനിക നായയാണിപ്പോള്‍ താരം. ബെല്‍ജിയന്‍ മാലിനോയിസ് ഇനത്തില്‍പ്പെട്ട ഇത്തരം ബ്രീഡിനെ സ്‌നിഫിങ് പ്രവര്‍ത്തനങ്ങള്‍ക്കും ശത്രുസൈനത്തെയും സ്‌ഫോടകവസ്തുക്കളെയും തിരിച്ചറിയുന്നതിനുമാണ് സൈന്യം ഉപയോഗിക്കാറുള്ളത്.  സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ വിമാനത്തില്‍ എളുപ്പം  കയറുന്നതിനും പാരച്യൂട്ടിങ്ങിനും  അവയുടെ വലുപ്പച്ചെറുപ്പം  അനുയോജ്യമാണ്. കൂടാതെ ഇവരുടെ ശരീരത്തിലുള്ള ചെറിയ രോമകവചം ഇറാഖ് പോലുള്ള ചൂടുള്ള അന്തരീക്ഷത്തിനും പറ്റുന്നതാണ്.

സിറിയയില്‍ ബാഗ്ദാദിയും മൂന്ന് മക്കളും കൊല്ലപ്പെട്ട സ്ഫോടനത്തില്‍ അമേരിക്കന്‍ സൈനത്തെ സഹായിച്ച ഈ നായയ്ക്കും പരിക്കേറ്റിരുന്നു. 2011 ല്‍ പാകിസ്ഥാനിലെ അംബോട്ടാബാദില്‍ അല്‍ഖ്വയ്ദ  തലവന്‍ ഒസാമ ബിന്‍ലാദനെ പിടികൂടാന്‍ അമേരിക്ക നടത്തിയ വേട്ടയിലും ഈ ഇനത്തില്‍പ്പെടുന്ന കെയ്റോ എന്ന നായയുടെ സേവനം ഉപയോഗിച്ചിരുന്നു. കാമാന്‍ഡോകളെ ആദരിക്കുന്നതിന്റെ കൂട്ടത്തില്‍ അന്ന് പ്രസിഡന്റായിരുന്ന ബരാക് ഒബാമ കെയ്റോയെയും ആദരിച്ചിരുന്നു. പത്താന്‍കോട്ട് ആക്രമണസമയത്ത് ഈ ബ്രീഡിനെ എന്‍ എസ് ജി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യയും ഉപയോഗിച്ചിട്ടുണ്ട്. അന്ന് തീവ്രവാദികളെ അനായാസമായി വെടിവെച്ചു വീഴ്ത്താന്‍ സഹായകകരമായിരുന്നു ഇവ. 

 

യഥാര്‍ത്ഥത്തില്‍ ബെല്‍ജിയത്തില്‍ നിന്നുള്ള മാലിനോയിസ് കന്നുകാലിനായ എന്ന പേരിലാണ്  അറിയപ്പെടുന്നത്.  കറുത്ത മാസ്‌കും ചെവിയുമുള്ള മഹാഗണി നിറത്തിലുള്ളവയാണ് ഇവര്‍ .  ആണ്‍പട്ടികള്‍ക്ക്   ശരാശരി 24-26 ഇഞ്ചും പെണ്‍പട്ടികള്‍ക്ക് 22-24 ഇഞ്ചും ഉയരവുമാണുള്ളത്. ലാബ്രഡോര്‍സിനും ജര്‍മ്മന്‍ ഷെപ്പേര്‍ഡുകള്‍ക്കും 3-4 കിലോമീറ്ററാണ്  തുടര്‍ച്ചയായി നടക്കാന്‍ കഴിയുന്നത് . എന്നാല്‍ ബെല്‍ജിയന്‍ മാലിനോയിസിന് 30 കിലോമീറ്റര്‍ വരെ തുടര്‍ച്ചയായി നടക്കാന്‍ കഴിയും എന്നതാണ് ഇത്തരം സൈനിക നടപടികളില്‍ ഇവയെ തിരഞ്ഞെടുക്കാനുള്ള പ്രധാനമായ കാരണം.