ടിക് ടോക്ക് വീഡിയോ വൈറലാക്കാന്‍ വേണ്ടി കോഴിക്കോട് കടലുണ്ടിക്കടവ് പാലത്തിന് മുകളില്‍ നിന്നും എടുത്തു ചാടിയ വിദ്യാര്‍ത്ഥികളെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. പത്ത് വിദ്യാര്‍ത്ഥികളാണ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്.
വെള്ളത്തില്‍ ചാടിയ ഇവര്‍ക്ക് നീന്തി പിടിച്ചുനില്‍ക്കാനായില്ല. ഇത് കണ്ട പാലത്തിന് മുകളില്‍ നിന്നവര്‍ ബഹളം വെച്ചു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. കടലുണ്ടിപ്പുഴ അറബിക്കടലിനോട് ചേരുന്ന കടലുണ്ടി അഴിമുഖത്തെ പാലത്തിനു മുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ചാടിയത്.
നേരത്തെ ഇതേ പാലത്തിന് മുകളില്‍ നിന്നും ചില യുവാക്കള്‍ വെള്ളത്തിലേക്ക് ചാടുന്ന വീഡിയോ ടിക് ടോക്കില്‍ വൈറലായിരുന്നു. ഇത് അനുകരിച്ചായിരുന്ന് പത്ത് വിദ്യാര്‍ത്ഥികളുടെ സാഹസം. തക്കസമയത്തിന് മത്സ്യത്തൊഴിലാളികള്‍ എത്തിയതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
അപകടകരമായ ടിക് ടോക്ക് ചലഞ്ചിനെതിരെ ശക്തമായ പോലീസ് മുന്നറിയിപ്പുള്ളപ്പോഴാണ് വീണ്ടും ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.