Skip to main content

number-plates

പുതിയ വാഹനങ്ങള്‍ക്ക് അതി സുരക്ഷാ സംവിധാനങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. ഇത് സംബന്ധിച്ച് മോട്ടോര്‍വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി കേന്ദ്രം വിജ്ഞാപനമിറക്കി. ഏപ്രില്‍ മാസം മുതല്‍ പുതിയ ഭേതഗതികള്‍ നിലവില്‍ വരും.

 

അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്. നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റാനോ മാറ്റങ്ങള്‍ വരുത്താനോ ശ്രമിച്ചാല്‍ ഉപയോഗ ശൂന്യമാകുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും. വാഹനത്തിന്റെ എന്‍ജിന്‍ നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും.

 

രജിസ്ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കര്‍ വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസില്‍ പതിപ്പിക്കും. ഇതില്‍ മാറ്റം വരുത്താന്‍ പിന്നീട് സാധിക്കില്ല. ഇളക്കാന്‍ ശ്രമിച്ചാല്‍ തകരാര്‍ സംഭവിക്കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും കാരണവശാല്‍ ഗ്ളാസ് മാറേണ്ടി വന്നാല്‍ പുതിയ സ്റ്റിക്കറിനു അംഗീകൃതര്‍ സര്‍വീസ് സെന്ററിനെ സമീപിക്കുകയും വേണം.

 

സാധാരണയായ നമ്പര്‍ പ്ളേറ്റുകള്‍ സ്‌ക്രൂ ഉപയോഗിച്ചാണ് ഘടിപ്പിക്കാറ്. പുതിയ പ്ളേറ്റുകള്‍ റിവെറ്റ് തറച്ചായിരിക്കും പിടിപ്പിക്കുക. ഇത് ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതായിരിക്കും. പഴയ വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ളേറ്റുകള്‍ നിര്‍ബന്ധമല്ല. താല്‍പര്യമുള്ളവര്‍ക്ക് ഘടിപ്പിക്കാവുന്നതാണ്.