ഇടവിടാതെയുള്ള മണിയടി കേട്ടാണ് ചാടി എഴുന്നേറ്റത്. രാത്രിയില്‍ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന സിനിമ ഫോണില്‍ കണ്ട് കിടന്നപ്പോള്‍ നന്നേ വൈകിയിരുന്നു. അതാ, അല്ലെങ്കില്‍ സാധാരണ ബസില്‍ കയറിയാല്‍ ഞാന്‍ ഉറങ്ങാറില്ല. ഉറക്കത്തില്‍ നിന്ന് ചാടി എഴുന്നേറ്റപ്പോള്‍ ബസ് നല്ല വേഗത്തില്‍ മുന്നോട്ട് കുതിക്കുകയാണെന്ന് മനസ്സിലായി. കിഴക്കമ്പലത്തിനും പള്ളിക്കരയ്ക്കും ഇടയിലാണ്. മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി. ദാ അപ്പോഴേക്കും ബസിന്റെ ക്ലീനര്‍ തന്റെ വാച്ചില്‍ നോക്കി തുരുതുരാ മണി വീണ്ടും മുഴക്കി, വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മണിയടിയുടെ വേഗത്തിനൊപ്പം ബസും കുതിച്ചു. എതിരെ വരുന്ന വാഹനങ്ങളെ വകവയ്ക്കാതെ. കെ.എസ്.ആര്‍.ടി.സി ആണെങ്കില്‍ വിട്ട് കൊടുക്കുന്ന ഭാവവും ഇല്ല. ഒടുവില്‍ രണ്ട് ബസും റോഡില്‍ സമാന്തരമായി മുന്നോട്ട് നീങ്ങി, ഒപ്പത്തിനൊപ്പം. അപ്പോഴും കിളിയുടെ മണിയടി തുടര്‍ന്നു. എതിരെ വന്ന വണ്ടിക്കാര്‍ പലരും ഡ്രൈവറിന്റെ സൃഷ്ടാക്കളെ ഉദ്ധരിച്ചു. അവസാനം ഒരു വളവില്‍ എത്തിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഒന്ന് പതുങ്ങി. സ്വകാര്യ ബസ് മുന്നിലെത്തി.
ഈ സമയം ആകെയും എല്ലാ യാത്രക്കാരും പ്രാര്‍ത്ഥനയോടും വണ്ടിക്കാരോടുള്ള ദേഷ്യത്തിലും മുഴുകിയിരിക്കുകയായിരുന്നു. ആ മറികടക്കല്‍ മഹാമഹം കഴിഞ്ഞപ്പോള്‍ ആണ് എനിക്കും ശ്വാസം നേരെ വീണത്. ഇന്നത്തെ എല്ലാ സ്വകാര്യ ബസ്സുകളിയെയും കാഴ്ചയാണ്. ഡ്രൈവറില്‍ നിന്ന് വാഹനത്തിന്റെ നിയന്ത്രണം കിളികള്‍ ഏറ്റെടുക്കുന്നത്. വാഹനം ഓടിക്കുന്നവര്‍ക്കറിയാം, ആരൊക്കെ എത്ര സപ്പോര്‍ട്ട് തന്നാലും നമുക്ക് സ്വയം ഒരു വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ പ്രയാസമില്ലാതെ വാഹനത്തെ മുന്‍പോട്ട് കൊണ്ട് പോകാനാവുകയൊള്ളൂ. ഡ്രൈവര്‍ക്ക് പൂര്‍ണ വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ മാറ്റ് വാഹനങ്ങളെ മറികടക്കുന്നത് അപകട രഹിത മാവുകയുമൊള്ളൂ.
പണ്ടൊക്കെ ബസുകളില്‍ ഒറ്റ ഇരട്ട ബെല്ലുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് അത് പത്തും നൂറുമൊക്കെ ആയി വര്‍ധിച്ചിട്ടുണ്ട്, അമിത വേഗതക്ക് അനുസരിച്ച്. സാധാരണഗതിയില്‍ ബസ് നിര്‍ത്താനും പോകാനുമുള്ള അറിയിപ്പ് കൈമാറ്റമാണ് ബെല്ലിലൂടെ നടക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ ബസ് ഓടിക്കുന്ന ആളിന്റെ ചിന്തയെയും പ്രവൃത്തിയെയും ഇലക്ട്രിക്ക് ഷോക്ക് പോലെ ബാധിക്കുന്ന തരത്തിലായി ആ മുഴക്കങ്ങള്‍ മാറിയിട്ടുണ്ട്. പത്തു പേരെ കൂടുതല്‍ തങ്ങളുടെ ബസ്സിലേക്ക് കയറ്റാന്‍ വേണ്ടിയാണ് ഈ തത്രപ്പാട്. എന്നാല്‍ അവരുടെ ആ കയറ്റത്തിനോ ഇറക്കാതിനോ യാതൊരു സുരക്ഷയും ഉറപ്പുവരുത്താന്‍ നമ്മുടെ മണിയടിക്കാര്‍ മെനക്കെടാറില്ല. ടിക്കറ്റ് വാങ്ങിയോ എന്ന കാര്യത്തില്‍ നേരെ മറിച്ചാണുതാനും.
ബസുകളിലെ മണിമുഴക്കങ്ങള്‍ ഡ്രൈവറെ നിയന്ത്രിക്കുന്നതാകരുത്, മറിച്ച് യാത്രക്കാരുടെ കയറ്റിറക്കങ്ങള്‍ക്കനുസരിച്ച് വാഹനത്തിന്റെ ചലനത്തെ നിയന്ത്രിക്കുന്നതാകണം. മണിയടി ഇവ്വിധം തുടര്‍ന്നാല്‍ മരണ മണികളുടെ മുഴക്കം നില്‍ക്കാതാകും.