സൗരജീവിയായ മനുഷ്യന്‍ പകലുറങ്ങുമ്പോള്‍

Friday, May 30, 2014 - 12:38pm
സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്
രഥവേഗം
ഗീതാപണ്ഡിതനും ആയുര്‍വേദ ചികിത്സകനുമായ സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് എഴുതുന്ന പംക്തി.

ശരീരത്തിലെ ആന്തരികകാലം പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌ ബാഹ്യകാലവും. ബാഹ്യകാലത്തിന്‌ ആന്തരികകാലത്തോട്‌ ഏറ്റവും യോജിപ്പാണുള്ളത്‌. ബാഹ്യകാലത്തെ പഠിക്കുമ്പോൾ വളരെയേറെ ശ്രദ്ധിക്കുകയും വേണം. ഭൂമി, ഭൂമിയുടെ സ്ഥാനം, ഭൂമിയുടെ ഭ്രമണം, സൂര്യൻ, ചന്ദ്രൻ, ചന്ദ്രന്റെ ഭ്രമണം ഇവയെയൊക്കെ ആസ്പദമാക്കിയാണ്‌ ബാഹ്യകാലവും ആന്തരികകാലവും കൂടി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്‌. ഇതിൽ ഏറ്റവും കൂടുതൽ മനസ്സിനെയും ശരീരത്തെയും പ്രകടമായി ബാധിക്കുന്നത്‌ ചന്ദ്രന്റെ അവസ്ഥയാണ്‌. ഇതിനെ ആസ്പദമാക്കി വളരെ ശ്രദ്ധിച്ചുവേണം കാലത്തെ പഠിക്കാൻ.

 

ദിനങ്ങൾ, രാത്രങ്ങൾ. രാത്രി സൗരജീവികൾക്ക്‌ ഉറക്കത്തിനുള്ളതാണ്‌, ഭൗമജീവികൾക്ക്‌ ഉണർന്നിരിക്കാനുള്ളതും. മനുഷ്യൻ സൗരജീവിയാണ്‌. യു.എസിന്റേയും മറ്റും വികാസവും കമ്പ്യൂട്ടറുകളുടെ ആവിർഭാവവും ഉണ്ടായതോടുകൂടി ഇന്ത്യയിലെ കുട്ടികളെല്ലാം തന്നെ രാത്രിയിൽ ഉണർന്നിരിക്കുകയും പകൽ ഉറങ്ങുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. അതുകൊണ്ട്‌ സൂര്യനെ ആസ്പദമാക്കിയുള്ളതല്ല നമ്മുടെ ഇന്നത്തെ കുട്ടികളുടെ ജാഗ്രത്തും സുഷുപ്തിയും. ഇതുതന്നെ നമ്മുടെ ആന്തരികകാലത്തിന്റെയും ബാഹ്യകാലത്തിന്റെയും സിസ്റ്റം മാറിമറിയാൻ ഇടയാക്കി. ഐ.ടി മേഖലയിലുള്ളവരുടെയൊക്കെ വന്ധ്യത ഇന്ന്‌ വളരെ കൂടുതലാണ്‌. വികാരങ്ങളുടെ ഇല്ലായ്മ അവിടെ കാണാം. ഭോഗത്തിന്റെ വൈകൃത സ്വഭാവങ്ങൾ വർദ്ധിച്ചു വരുന്നത്‌ കാണാം. പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങളെല്ലാം വർദ്ധമാനമായ തോതിലാണ്‌. ഇതിനുള്ള ഉപകരണങ്ങളെല്ലാം ഇന്ത്യൻ വനിതാ വിപണികളില്‍ സുലഭമാണ്‌. ഇത്രയും വൈകല്യങ്ങളുടെ അന്തരാളങ്ങളിൽ ആരോഗ്യത്തെ പരിപാലിക്കാൻ എത്രപേർക്ക്‌ കഴിയും?

 

സൂര്യനെ ആസ്പദമാക്കി, സൗരചക്രത്തെ ആസ്പദമാക്കി ആരോഗ്യനിലയെ പുനർനിരീക്ഷണം ചെയ്യേണ്ടുന്ന കാലമായി. ഇന്നത്തെ സാമൂഹ്യക്രമത്തിൽ ജനതയെ രാത്രിയിൽ ഉറങ്ങുവാൻ, പകൽ ഉണർന്നിരിക്കുവാൻ നമ്മുടെ ഭരണാധികാരികൾ സമ്മതിക്കുമെന്ന്‌ തോന്നുന്നില്ല. ആലക്തിക പ്രകാശത്തിൽ രാത്രി മുഴുവൻ ഉണർന്നിരിക്കുകയാണ്‌ നഗരങ്ങള്‍ മുഴുവൻ. ഇത്തരം നഗരങ്ങളിലെ സസ്യങ്ങൾ പല തരംഗാവലികൾ കൊണ്ട്‌ സൂര്യന്റെ അസാന്നിദ്ധ്യത്തിൽ പാചകം നടത്തുകയാണ്‌. അതുകൊണ്ട്‌ അകാലത്തിൽ മാവ്‌ പൂക്കുകയാണ്‌. ചക്കയും മാങ്ങയുമൊക്കെ ഉണ്ടാകുകയാണ്‌.

 

സൂര്യന്റെ പ്രകാശം ചില പ്രത്യേക കാലങ്ങളിൽ മഞ്ഞുമായി ചേരുമ്പോൾ, സസ്യങ്ങളിലും ജന്തുക്കളിലും വികാരത്തെ സന്നിവേശിപ്പിക്കുമ്പോൾ പൂക്കുവാനും കായ്‌ക്കുവാനും ഇടയാക്കുന്നുവെങ്കിൽ - അതിന്‌ സമാനമായ മഞ്ഞുനിറഞ്ഞതു പോലെയുള്ളൊരു കൃത്രിമപ്രകൃതിയെ ഉണ്ടാക്കുവാൻ ഫാക്ടറികൾ ഒരുങ്ങുമ്പോൾ സസ്യങ്ങൾ അതിനനുസരിച്ച്‌ പരിണമിച്ച്‌ പൂക്കുവാനും കായ്ക്കുവാനും ഇടയാകില്ലേ? ഒട്ടേറെ ഫാക്ടറികൾക്കു മുന്നിലെ ആലക്തിക പ്രകാശം രാത്രി മുഴുവൻ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുമ്പോൾ, ആ പ്രകാശത്തിൽ ഇലകൾ ഉണർന്നിരുന്ന്‌ പാചകം ചെയ്യുമ്പോൾ, സുഷുപ്തിയറിയാത്ത സസ്യങ്ങളുടെ പാചകകലയിൽനിന്ന്‌ വികലങ്ങളായ ഭക്ഷണങ്ങൾ രൂപപ്പെട്ടു വരുമ്പോൾ, അകാലത്തിലുണ്ടാകുന്ന വിഷമുള്ള ആ വസ്തുക്കളെല്ലാം പറിച്ചെടുത്തും, കടകളിൽ നിന്ന്‌ വാങ്ങിയുമൊക്കെ കഴിക്കുമ്പോൾ, ഹേ മനുഷ്യാ, നിന്റെ കോശകോശാന്തരങ്ങളിൽ ബാഹ്യമായ ഈ വിഷത്തിന്റെ ആവിർഭാവത്തോടെ സംജാതമാകുന്ന കൈവിഷത്തിന്റെ അഥവാ ഓട്ടോടോക്സിന്റെ അന്തരാളങ്ങളിൽ വെച്ച്‌ അണുകൃമികളുടെ ഉൽപാദനത്തിന്‌ ഇടയാക്കുന്ന അമിനോ അമ്ലങ്ങളുടെ പ്രസാരണത്തിനും നിന്നെ നശിപ്പിക്കുവാൻ പര്യാപ്തങ്ങളായ ഐ.ജി.ജിയുടെയും ഐ.ജി.എമ്മിന്റെയുമൊക്കെ പരിണാമങ്ങൾക്ക്‌ ഇടയാക്കില്ലേ? യകൃത്ത്‌ - ലിവർ - തട്ടിപ്പോയ, പാൻക്രിയാസ്‌ ദുഷിച്ച സംഭ്രാന്തമായൊരു ജീവിതത്തിലേക്ക്‌ നിന്റെ ശാസ്ത്രം നിന്നെ കൂട്ടിക്കൊണ്ടുപോകുകയല്ലേ?

 

ശാസ്ത്രത്തിന്റെ കൂട്ടുപിടിച്ചും അതിന്റെ വലിപ്പം പറഞ്ഞുമാണല്ലോ ഉന്നതങ്ങളായ ഫാക്ടറികളത്രയും നിങ്ങൾ കെട്ടിപ്പൊക്കിയത്‌? രാത്രിയെ പകലാക്കാനുള്ള പ്രകാശത്തിനുവേണ്ടി നിങ്ങൾ ജലവൈദ്യുതിയും പോരാതെ വന്നപ്പോൾ അണുസർജ്ജനത്തിന്റെ ലോകങ്ങളിലെ ആറ്റമിക്‌ പ്ലാന്റുകളിൽ നിന്നുവരെ വൈദ്യുതിയുണ്ടാക്കാൻ കഷ്ടപ്പെടുന്നു. പത്തോ ഇരുപതോ കൊല്ലം ജപ്പാന്റെ ഉല്പാദന പ്രക്രിയയെ വളർത്തിക്കൊണ്ടുവന്നിട്ടോ? അതിലെ അണുവികരണം കൊണ്ട്‌ അവിടുത്തെ വരാനിരിക്കുന്ന സന്തതിപരമ്പരകളെ മുഴുവൻ തകർത്തെറിയുകയും മറ്റുരാജ്യങ്ങളിലേക്കു വരെ അണുവികിരണം വ്യാപിപ്പിക്കുകയും ചെയ്തില്ലേ? അണുവികരണമുള്ള ഭക്ഷണം കഴിക്കാൻ പരിശോധനയുടെയും ഗുഡ്‌ സർട്ടിഫിക്കറ്റുകളുടെയും ലോകങ്ങളുണ്ടാക്കി ജനതയെ കബളിപ്പിക്കുന്ന നിങ്ങളുടെ ശാസ്ത്രമുണ്ടല്ലോ. ആ ശാസ്ത്രത്തോളം ദുഷ്ടതയുള്ളത്‌ ലോകത്ത്‌ വേറൊന്നുണ്ടാകുമോ?

 

എല്ലാം രാത്രികളെ പകലുകളാക്കാനുള്ള ശ്രമങ്ങളുടെ ഫലമാണ്‌. രാത്രികളെ പകലുകളാക്കിയും പകലുകളെ രാത്രികളാക്കിയും ഐ.ടിയുടെയും ഔട്ട്സോഴ്സിന്റെയും മേഖലകളാക്കി മാറ്റുമ്പോൾ, ഭരണാധികാരികൾ അതിന്‌ കൂട്ടുനിൽക്കുമ്പോൾ, മാതാപിതാക്കൾ കൂട്ടുനിൽക്കുമ്പോൾ മക്കളുടെ ആരോഗ്യമെന്നത്‌ ഒരു മരീചികയായി മാറുന്നു. മാത്രമല്ല, മനുഷ്യാ നാളെ നിന്റെ സന്തതിപരമ്പരകൾ ആരോഗ്യത്തോടെ ജീവിക്കേണ്ടതില്ലേയെന്ന ചോദ്യവുമുണ്ടാകുന്നു. ഇവിടെയൊക്കെയാണ്‌ ബാഹ്യകാലത്തിന്റെ ആന്ദോളനം അറിയേണ്ടത്‌.

 

ബാഹ്യകാലത്തെ നിർണ്ണയിക്കുന്ന രാവുകളും പകലുകളും ഉണ്ടാകുന്നത്‌ സൂര്യനും ഭൂമിയും തമ്മിലുള്ള ബന്ധത്തിലും പാരസ്പര്യത്തിലുമാണ്‌. ഭൂമി സൂര്യന്‌ അഭിമുഖമായി വരുമ്പോൾ പകലായും മറുവശമാകുമ്പോൾ രാത്രിയായും മാറുന്നു. ഇത്‌ നമ്മളിൽ ഏറെ മാറ്റങ്ങളുണ്ടാക്കുന്നു. രാവുകളും പകലുകളും ചേർന്ന്‌ പക്കങ്ങളുണ്ടാകുന്നു. ചന്ദ്രന്റെ മേൽ രശ്മികൾ പതിക്കുമ്പോൾ ചന്ദ്രൻ കാണാവുന്ന പാകത്തിലാകുന്നു. പ്രതിപത മുതൽ പൗർണ്ണമി വരെ. ഇങ്ങനെ ശുക്ലപക്ഷ പ്രതിപത, കൃഷ്ണപക്ഷ പ്രതിപത എന്നീ പ്രതിപതകളനുസരിച്ച്‌ പൗർണ്ണമിയും അമാവാസിയും വരെയുള്ള രണ്ട്‌ പക്കങ്ങൾ. എത്രയെത്ര തലങ്ങളിലാണ്‌ ചന്ദ്രന്റെ പ്രകാശത്തെ അവലംബിച്ചുള്ള ഒരു കാലം ഗണിച്ചുപോകുന്നത്‌?

 

ശുക്ലപക്ഷവും കൃഷ്ണപക്ഷവും ജീവജാലങ്ങളുടെ വികാരങ്ങളിൽ, കോശകോശാന്തരങ്ങളിലൊക്കെ എന്തെന്ത്‌ മാറ്റങ്ങൾ വരുത്തും? ആ സമയത്തെ ഔഷധപ്രയോഗമെങ്ങനെ? ആ സമയത്തെ ആഹാരമെങ്ങനെ? പ്രാചീനർ പല രോഗങ്ങളും പ്രതിപത മുതൽ പൗർണ്ണമി വരെ ആഹാരം കൂട്ടിക്കൂട്ടി വന്ന്‌ മാറ്റിയിരുന്നു. ആഹാരത്തിന്റെ ഓരോ മാത്ര കൂട്ടിക്കൂട്ടി വന്ന്‌ പൗർണ്ണമിയിൽ പൂർണ്ണമാത്രയിലെത്തിച്ചും പിന്നെ കുറച്ചുകുറച്ചുകൊണ്ടുവന്നുമുള്ളൊരു ചികിത്സാരീതി. കുറച്ചുകൊണ്ടുവന്ന്‌, ആദ്യം കഴിച്ച അളവിൽ അവസാനിക്കുമ്പോഴേക്കും ചന്ദ്രായനത്തിന്റെ ദൃഷ്ടികോണിൽ ബുദ്ധിയിൽ, മനസ്സിൽ പരിണാമമുണ്ടാകും. ആ പരിണാമം പൂർവജന്മകൃതങ്ങളായ പാപസഞ്ചയത്തിൽ സംഭവിച്ച രോഗങ്ങളത്രയും തൂത്തുവാരിക്കളയാൻ പറ്റുമെന്നു പറയുമ്പോൾ പ്രകൃതിയെ ചേർത്തുള്ള പ്രാചീനരുടെ പഠനം എത്ര വിപുലമാണെന്ന്‌ കാണാം. ചന്ദ്രവിദ്യയിൽ രതന്മാരായ ചക്രവിദ്യാധരന്മാരായ, ശ്രീവിദ്യാധരന്മാരായ അവർ, ചന്ദ്രമണ്ഡലാന്തർഗതമായ ആ വിദ്യയെ പഠിച്ച അവർ, അഗ്നിയെ ഉച്ചദ്ധ്വം ജ്വലിപ്പിച്ചാലും എന്നൊക്കെയുള്ള ഉന്നതങ്ങളായ ആശയങ്ങളുള്ളവരായിരുന്നു. പ്രാചീന മനീഷികൾ.


(കടപ്പാട്: ആത്മീയ ദൃശ്യ മാസിക)

Tags: