Skip to main content

Kerala High Court

പ്ലാസ്റ്റിക് പിടിച്ചെടുത്ത് നശിപ്പിക്കുന്നതിന് സമയപരിധി നിശ്ചയിക്കണമെന്ന് ഹൈക്കോടതി. നിരോധനത്തിന് മുമ്പ് നിര്‍മ്മിച്ച പ്ലാസ്റ്റിക് നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്യാരിബാഗ് നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പരിസ്ഥിതി വകുപ്പ് ഉദ്യോഗസ്ഥരെ കൂടി  ഉള്‍പ്പെടുത്തി വേണം പരിശോധന നടത്താന്‍ എന്നാണ് കോടതിയുടെ നിര്‍ദ്ദേശം.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ക്കാണ് നിരോധനം നിലവില്‍ വന്നത്. ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക്കിന് നിരോധനം വന്നത്. ജനുവരി 15 മുതല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പരിശോധന നടത്തുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍. 10,000രൂപ മുതല്‍ 50,000രൂപ വരെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന പിഴ.

ഉപഭോക്താക്കളെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും വിന്‍പ്പനക്കാരില്‍ നിന്നും പിഴ ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ വ്യാപാരികളില്‍ നിന്നും ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പ് വന്നിരുന്നു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പര്‍ ഗ്ലാസ്സ് എന്നിവയ്ക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.