Skip to main content

ലോകായുക്തയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി തവനൂര്‍ എം.എല്‍.എ കെ.ടി ജലീല്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ജലീലിന്റെ പ്രതികരണം. പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം എന്ന് ജലീല്‍ കുറിപ്പില്‍ പറയുന്നു. 

''വഴിയില്‍ എല്ലുകടിച്ചുകൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തുചെന്നാല്‍ എല്ല് തട്ടിയെടുക്കാനാണെന്ന് പട്ടി കരുതും. പട്ടി എല്ലുമായി ഗുസ്തി പിടിക്കട്ടേ'- എന്നൊരു പരാമര്‍ശം കഴിഞ്ഞദിവസം ലോകായുക്ത നടത്തിയിരുന്നു.'' 

കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുലി എലിയായ കഥ: അഥവാ ഒരു പന്നി പുരാണം;  

പന്നികള്‍ക്കല്ലെങ്കിലും എല്ലിന്‍ കഷ്ണങ്ങളോട് പണ്ടേ താല്‍പര്യമില്ല. പണ്ടേക്കുപണ്ടേ മനുഷ്യ വിസര്‍ജ്ജ്യത്തോടാണല്ലോ പഥ്യം. അതില്‍ കിടന്ന് ഗുസ്തി പിടിച്ച് പുളയാനാണ് അവക്കെപ്പോഴും ഇഷ്ടം.

അദ്ധ്വാനിച്ച് തിന്നുന്ന ഏര്‍പ്പാട് മുമ്പേ പന്നികള്‍ക്ക് ഇല്ല. മറ്റുള്ളവര്‍ ഉണ്ടാക്കിയത് നശിപ്പിച്ച് അകത്താക്കലാണ് എക്കാലത്തെയും അവയുടെ ഹോബി.

കാട്ടുപന്നികള്‍ക്ക് ശുപാര്‍ശ മാത്രമാണ് ശരണം. പന്നി ബന്ധുക്കളും തഥൈവ. മുബൈയിലെ ആന്ധ്രക്കാരന്‍ കര്‍ഷകന്റെ തോട്ടത്തിലെ വിളയെല്ലാം ഒരു കൊളുന്ത പന്നി നശിപ്പിച്ചു. സ്ഥിരോല്‍സാഹിയായ പാവം കര്‍ഷകന് കൃഷിപ്പണി തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

കൊളീജിയം കര്‍ഷകര്‍ സൂക്ഷിക്കുക. പന്നിയും കൊളുന്തയും എറണാങ്കുളത്തും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ആന്ധ്ര കര്‍ഷകന്റെ ഗതി വരും. ജാഗ്രതൈ.