നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് കോടതിയില്‍

Glint Desk
Wed, 29-12-2021 07:04:43 PM ;

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടരന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയില്‍ അപേക്ഷ നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയാണ് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷണ സംഘം നിയമോപദേശം തേടുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നാണ് ബാലചന്ദ്രകുമാര്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടമായി കൂറുമാറുന്ന സാഹചര്യത്തിലുണ്ടായ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം ഗൗരവമായാണ് എടുക്കുന്നത്.

കേസില്‍ വിചാരണ കോടതിക്കെതിരെ പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പുനര്‍വിസ്താരത്തിനുള്ള സാക്ഷിപ്പട്ടിക പൂര്‍ണമായും അംഗീകരിക്കാത്തതിന് എതിരെയാണ് പ്രൊസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. 16 സാക്ഷികളുടെ പുനര്‍വിസ്താരത്തിനാണ് പ്രോസിക്യൂഷന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ദിലീപിനെ നായകനാക്കി 'പിക് പോക്കറ്റ്' എന്ന സിനിമ മുമ്പ് പ്രഖ്യാപിച്ചിരുന്ന സംവിധായകന്‍ ബാലചന്ദ്രകുമാറാണ് പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ അടുത്ത ബന്ധമായിരുന്നെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സുനിയെ കണ്ടിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നത്. ജാമ്യത്തിലിറങ്ങി നാല്‍പത് ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വി.ഐ.പി എത്തിച്ചിരുന്നുവെന്നും. ഇത് ദിലീപും സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ കാണുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതായും ബാലചന്ദ്രകുമാര്‍. 2016 ഡിസംബറില്‍ ദിലീപിന്റെ വിട്ടില്‍ എത്തിയപ്പോള്‍ പള്‍സര്‍ സുനിയോടും ദിലീപിന്റെ സഹോദരന്‍ അനുപിനോടുമൊപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും ഈ ഘട്ടത്തില്‍ ഇത്രയധികം പൈസ ബസില്‍ കൊണ്ടു പോകുന്നത് സുരക്ഷിതമാണോ എന്ന് അനൂപ് പള്‍സര്‍ സുനിയോട് ചോദിച്ചുവെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

നിരന്തരം ദിലീപ് പള്‍സര്‍ സുനിയുമായുള്ള തന്റെ ബന്ധം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുവെന്നും കേസില്‍ ജാമ്യം കിട്ടിയപ്പോള്‍ തന്നെ വിളിച്ചിരുന്നതായും ഇതിന് രേഖകളുണ്ടെന്നും ദിലീപുമായുള്ള പള്‍സര്‍ സുനിയുടെ ബന്ധത്തെക്കുറിച്ച് പുറത്തു പറയാതിരിക്കാന്‍ ദിലീപിന്റെ ബന്ധുക്കള്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന കാര്യം പുറത്തു പറഞ്ഞാല്‍ തന്റെ ജാമ്യത്തെ അതൊരുപക്ഷേ ബാധിച്ചേക്കാമെന്ന് ദിലീപ് പറഞ്ഞതായും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Tags: