Skip to main content

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലുള്‍പ്പടെ ചര്‍ച്ചയായിരുന്നു. ഈരാറ്റുപേട്ടയില്‍ നടന്ന സംഭവത്തില്‍ ഡ്രൈവറായിരുന്ന എസ്.ജയദീപിനെ സസ്പെഡ് ചെയ്യുകയും ചെയ്തിരുന്നു. യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടം വരുത്തുകയും ചെയ്തെന്ന് കാട്ടിയായിരുന്നു സസ്പെന്‍ഷന്‍. സസ്പെന്‍ഷന്‍ നടപടിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണമറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡ്രൈവറായിരുന്ന എസ്.ജയദീപ്. 

യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതിനാണ് തന്നെ സസ്പെന്‍ഡ് ചെയ്തതെന്ന് ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജയദീപ് വിമര്‍ശിക്കുന്നു. ഉരുള്‍പൊട്ടി പെട്ടെന്ന് ഒഴുകി വന്ന പ്രളയത്തില്‍പ്പെട്ട ബസിലെ യാത്രക്കാരെ രക്ഷിച്ചതിന് തനിക്ക് കെ.എസ്.ആര്‍.ടി.സി തന്ന സമ്മാനമാണ് സസ്പെന്‍ഷന്‍. തൊഴിലാളികളായ എല്ലാവര്‍ക്കും രാഷ്ട്രീയ ഭേദമന്യേ ഇതൊരു പാഠമാകട്ടെയെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

'പെട്ടെന്ന് വെള്ളം കയറുന്ന ഈ വീഡിയോ ദയവായി കാണുക. ഞാന്‍ ആത്മധൈര്യത്തോടെ പെരുമാറുന്നതും ശ്രദ്ധിക്കുക. ഞാന്‍ ചാടി ഓടിയോ എന്ന് ശ്രദ്ധിക്ക്. എനിക്ക് ചാടി നീന്തി പോകാന്‍ അറിയത്തില്ലാഞ്ഞിട്ടല്ല. എല്ലാവരെയും പള്ളിമുറ്റത്ത് കയറ്റി രക്ഷിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. യാത്രക്കാര്‍ എന്നേ ചീത്ത പറഞ്ഞോ, പറയുന്നുണ്ടോ, എന്നും ശ്രദ്ധിക്ക്.ഞാന്‍ എന്റെ സ്വന്തം ഇഷ്ട പ്രകാരം ചെയ്തതായിരുന്നെങ്കില്‍ യാത്രക്കാര്‍ ഇങ്ങനെ വീഡിയോ പിടിക്കുമായിരുന്നോ? എന്നേ ഉപദ്രവിക്കുകയില്ലായിരുന്നോ? എന്നും കണ്ട് മനസിലാക്കുക.', സംഭവത്തിന്റെ വീഡിയോ പങ്കുവെച്ച് ജയദീപ് കുറിച്ചു.

ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്താലും തനിക്ക് ജീവിക്കാന്‍ മറ്റ് പണികളറിയാമെന്നാണ് മറ്റൊരു പോസ്റ്റില്‍ ജയദീപ് പറയുന്നത്. സസ്പെന്‍ഡ് ചെയ്ത സന്തോഷം തബലകൊട്ടി ആഘോഷിക്കുന്നു എന്ന കുറിപ്പോടെ മറ്റൊരു വീഡിയോയും ഇയാള്‍ പങ്കുവെച്ചിട്ടുന്നുണ്ട്.

മറ്റൊരു പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ; 'കെ.എസ്.ആര്‍.ടി.സിയിലെ എന്നേ സസ്പെന്റ് ചെയ്ത കൊണാണ്ടന്‍മാര്‍ അറിയാന്‍ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാന്‍ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക.'

ശനിയാഴ്ചയുണ്ടായ ശക്തമായ മഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് കുടുങ്ങിയത്. ബസിന്റെ പകുതിയിലേറെ വെള്ളത്തില്‍ മുങ്ങിയിരുന്നു. വെള്ളക്കെട്ടില്‍ കുടുങ്ങിയ ബസിലെ ജീവനക്കാരെ നാട്ടുകാര്‍ ചേര്‍ന്നാണ് പുറത്തെത്തിച്ചത്.

Tags