ക്യാംപസ് ലഹരിമുക്തമാക്കാന്‍ പോലീസ് യൂണിറ്റ് രൂപീകരണം ഉചിതമായ നടപടിയോ?

Glint desk
Thu, 11-02-2021 06:45:16 PM ;

ക്യാംപസ് പോലീസ് യൂണിറ്റ് രൂപീകരണം ക്യാംപസിലെ ലഹരി ഉപയോഗത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നതിന് മാത്രമെ സഹായകമാവുകയുള്ളൂ. ഹൈക്കോടതിയുടെ സര്‍ക്കാരിനോടുള്ള നിര്‍ദേശമാണ് ലഹരി തടയാന്‍ ക്യാംപസ് പോലീസ് യൂണിറ്റുകള്‍ ആരംഭിക്കണമെന്നുള്ളത്. നിലവിലെ സംവിധാനത്തില്‍ പരിശോധന നടത്താന്‍ പോലീസിന് ബുദ്ധിമുട്ടായതിനാലാണ് ഇത്തരത്തിലൊരു നിര്‍ദേശം. മൂന്ന് മാസം കൂടുന്തോറും ക്യാംപസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് വേണ്ടി സ്വീകരിച്ചിട്ടുള്ള നടപടികള്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിക്കുകയും വേണം. ഇതിന് പുറമെ ഹൈക്കോടതി ഒട്ടേറെ നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. 

ലഹരി മരുന്ന് വിപണന സംഘവും ലഹരി ഉപയോഗിക്കുന്നവരും കൂടുതല്‍ ജഗ്രതയോടെയുള്ള നടപടികളിലേക്ക് നീങ്ങും എന്നുള്ളതാണ് ഇതിലൂടെ സംഭവിക്കാന്‍ പോകുന്നത്. ഇന്ന് കേരളീയ സമൂഹത്തെ ബാധിച്ചിരിക്കുന്ന സാമൂഹിക അര്‍ബുദത്തിന്റെ ചെറിയ പ്രകടിത ലക്ഷണം മാത്രമാണ് ക്യാംപസുകളിലെ ലഹരി ഉപയോഗത്തിന്റെ വര്‍ധിതമായ തോത്. അതിന് പുറമെ യുവതി യുവാക്കളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും. കൊച്ചി നഗരത്തില്‍ ആറാം ക്ലാസ് മുതല്‍ ലഹരി ഉപയോഗിക്കുന്നവരുടെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ നടപടിയിലൂടെ ലഹരി ക്യാംപസുകളിലേക്ക് എത്തുന്ന വഴികള്‍ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നിരിക്കും. ഈ നടപടിയെ മറികടക്കുന്ന തരത്തിലായിരിക്കും ലഹരി മരുന്ന് വിപണനം നടത്തുന്നവരും ഉപയോഗിക്കുന്നവരും സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍. 

ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് അത്ര പെട്ടെന്നൊന്നും ഇതില്‍ നിന്ന് മുക്തരാവാന്‍ കഴിയില്ല. അതിനെല്ലാം ഉപരി ഈ സാമൂഹിക അര്‍ബുദത്തിന് എന്തെങ്കിലും വെച്ചുകെട്ട് മരുന്നു പോലുള്ള പരിപാടികള്‍ കൊണ്ട് ഈ മഹാരോഗത്തെ ഇല്ലാതെ ആക്കാന്‍ കഴിയുമോ എന്ന് കോടതിയും സര്‍ക്കാരും സമൂഹവും ചിന്തിക്കേണ്ടതാണ്. കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന ശിഥിലമായ ബന്ധങ്ങളും അതിലൂടെ കുട്ടികളില്‍ രൂപപ്പെടുന്ന മാനസിക പിരിമുറുക്കവുമാണ് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ ലഹരി മരുന്നുകളിലേക്ക് അടുപ്പിക്കുന്നത്. അതിന് പുറമെ വിദ്യാര്‍ത്ഥികളുടെ ധനലഭ്യതയും ഒരു ഘടകമാണ്. എന്തുകൊണ്ട് കേരളത്തിലെ കുടുംബങ്ങള്‍ ഇത്തരത്തില്‍ ശിഥിലമാകുന്നു എന്നുള്ള സമഗ്രമായ ചിന്തയിലൂടെയും അന്വേഷണത്തിലൂടെയും പങ്കാളിത്തത്തിലൂടെയും മാത്രമെ ഇത് മാറ്റാന്‍ കഴിയൂ. 

ഹൈക്കോടതിയുടെ ആശങ്ക കുറച്ചു കാണാന്‍ കഴിയില്ല. ഹൈക്കോടതിയുടെ പരമാവധി സാധ്യതകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എടുക്കാന്‍ പറ്റുന്ന നിര്‍ദേശങ്ങളാണ് ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നത്. ഇവിടെയാണ് മാധ്യമങ്ങളുടെ പങ്ക് വരുന്നത്. മാധ്യമങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. വ്യക്തിയുടെ മാനസികാവസ്ഥയെ ദോഷമായി ബാധിക്കുന്ന പരിപാടികള്‍ നിയന്ത്രിച്ചു കൊണ്ട് ആസ്വാദ്യകരവും ആരോഗ്യകരവുമായ ചര്‍ച്ചകളും വാര്‍ത്തകളും എങ്ങനെ സൃഷ്ടിക്കാമെന്ന പുരോഗമനപരമായ സമീപനം മാധ്യമങ്ങള്‍ എടുക്കേണ്ടുന്ന അടിയന്തരഘട്ടത്തിലൂടെയാണ് കേരളം കടന്നു പോകുന്നത്. വര്‍ത്തമാനകാല സാഹചര്യത്തില്‍ കുടുംബങ്ങളുടെ മാനസികാരോഗ്യത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള നിലപാടുകളാണ് പൊതുവെ ചാനലുകള്‍ കൈക്കൊണ്ടിരിക്കുന്നത്. മനഃപൂര്‍വം ആയിരിക്കില്ല ഇത്തരം നിലപാടെടുക്കുന്നത്. പ്രേക്ഷകരെ സൃഷ്ടിക്കാന്‍ ഉതകുന്ന ചര്‍ച്ചകളും പരിപാടികളും എങ്ങനെ സൃഷ്ടിക്കാം എന്ന ചിന്തയാണ് ചാനലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നയിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് എങ്ങനെ പരിഹാരം കണ്ടെത്താന്‍ കഴിയും എന്നുള്ളതാണ് യുവാക്കളുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയാനുള്ള ഏറ്റവും ശക്തമായ നടപടി. ഇത് എങ്ങനെ പ്രായോഗികമാക്കും എന്ന കാര്യം നിശ്ചയിക്കുന്നിടത്താണ് രാഷ്ട്രീയ നേതൃത്വം ശ്രദ്ധ ചെലുത്തേണ്ടത്. 

ഇതില്‍ രാഷ്ട്രീയ നേതൃത്വത്തിനും അതിന്റേതായ പരിമിതികളുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ എല്ലാം തന്നെ മദ്യലോബിയുടെ ഔദാര്യം പറ്റുന്നവരാണ്. ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ തുടരുന്നിടത്തോളം വ്യക്തികളുടെ മാനസികാരോഗ്യ തകര്‍ച്ചയും കുടുംബ ശൈഥില്യവും അങ്ങനെ തന്നെ നിലനില്ക്കും. ഇപ്പോള്‍ വിവാഹം, നിശ്ചയം തുടങ്ങിയ മംഗളകര്‍മ്മങ്ങള്‍ നടക്കുമ്പോഴും അതിന്റെ ഭാഗമായി പരസ്യമായ മദ്യ സല്‍ക്കാരവും നടക്കുന്നു എന്നത് വസ്തുതയാണ്. കൊറോണ കാലമായതിനാല്‍ ചെറിയ തോതില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ പോലും ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളത്തില്‍ നിലനില്‍ക്കുന്ന പൊതുസാംസ്‌കാരിക അവസ്ഥയുടെ അടിമകളാണ് കൊച്ചുകുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ എന്നാണ്. ഈ വിഷയത്തെ ആണ് അടിസ്ഥാനപരമായി സമീപിക്കേണ്ടത്.

Tags: