ശബരിമല നിയമനിര്‍മ്മാണത്തെ തിരഞ്ഞെടുപ്പിന് മുന്നില്‍ അവതരിപ്പിക്കുന്ന നടപടി ഉചിതമോ?

Glint desk
Sun, 07-02-2021 12:04:41 PM ;

ശബരിമല ആചാരസംരക്ഷണ നിയമത്തിന്റെ കരട് ഐക്യജനാധിപത്യ മുന്നണി പുറത്തുവിട്ടു. ഇതിലൂടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ മുഖ്യ കൊടിയടയാളം ആണ് യു.ഡി.എഫ് പുറത്തുവിട്ടിരിക്കുന്നത്. വളരെ തന്ത്രപരമായ നീക്കമാണ് യു.ഡി.എഫ് സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ അതിനെ മറികടന്നുകൊണ്ട് ഒരു തരത്തിലുള്ള നിയമനിര്‍മ്മാണവും സംസ്ഥാന നിയമസഭയ്ക്ക് സാധ്യമല്ല. ഈ പശ്ചാത്തലത്തില്‍ തന്ത്രിയിലേക്ക് ആചാരം സംബന്ധിച്ച പരിപൂര്‍ണ്ണ അധികാരവും നിക്ഷിപ്തമാക്കുന്ന നിയമമാണ് കരട് നിയമമായിട്ട് യു.ഡി.എഫ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന വകുപ്പുകള്‍ക്കുള്ളില്‍ നിന്ന് മാത്രമെ ആ നിയമവും നടപ്പിലാക്കാന്‍ കഴിയുകയുള്ളൂ. തന്ത്രി നിശ്ചയിക്കുന്ന ആചാരങ്ങള്‍ ഭരണഘടനയ്ക്ക് വിരുദ്ധമല്ല എന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്. 

തന്ത്രി എന്നത് ഓരോ ക്ഷേത്രത്തിന്റെയും ആചാരങ്ങളുടെ കൃത്യത സംബന്ധിച്ച് ബോധ്യമുള്ള വ്യക്തി ആയിരിക്കണം. എന്നാല്‍ ആചാരങ്ങള്‍ പലപ്പോഴും അനാചാരങ്ങളിലേക്ക് വഴുതിവീണ സാഹചര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഈ പശ്ചാത്തലത്തില്‍ ആചാരങ്ങളുടെ പിന്നിലുള്ള ശാസ്ത്രീയത എന്ത്, എന്തിനുവേണ്ടി ഇത്തരം ആചാരങ്ങള്‍ പാലിക്കുന്നു ഇതിന്റെയൊന്നും കാരണങ്ങള്‍ കേരളത്തിലിതുവരെ ഒരു തന്ത്രിമാരില്‍ നിന്നും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തന്ത്രിമാര്‍ പൊതുവെ ചെയ്യാറുള്ളത് തുടര്‍ന്നു വരുന്ന ആചാരങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുക എന്നുള്ളതാണ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന് മുന്നിലുള്ള സൂക്ഷ്മ വിഷയത്തിലാണ് യു.ഡി.എഫ് കരടു നിയമം തയ്യാറാക്കിയിട്ടുള്ളത് എന്നത് ഇതുവരെ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മുന്‍ ഡി.ജി.പി ടി ആസഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യു.ഡി.എഫ് ഇത്തരത്തിലൊരു നിയമനിര്‍മ്മാണത്തെ തിരഞ്ഞെടുപ്പിന് മുന്നില്‍ അവതരിപ്പിക്കുന്നത് എത്രമാത്രം ഉചിതമായ നടപടിയാണ് എന്നുള്ളത് കൂടുതല്‍ ആലോചനയ്ക്ക് വിധേയമാക്കേണ്ടതാണ്.

Tags: