മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി കേരളം

Glint desk
Fri, 29-01-2021 12:18:16 PM ;

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പറുദീസയായി മാറുകയാണ് കേരളം. കേരളത്തില്‍ ഒരു ദിവസം എത്തിച്ചേരുന്ന പലവിധത്തിലുള്ള മയക്കുമരുന്നുകളുടെ തോത് ഇനിയും നിര്‍ണ്ണയിക്കേണ്ടി ഇരിക്കുന്നു. കാരണം വളരെ അപൂര്‍വം മാത്രമാണ് എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റും പോലീസും ഇത്തരത്തിലുള്ളവരെ പിടിക്കുന്നത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാവട്ടെ വന്‍ രാഷ്ട്രീയ സ്വാധീനമുള്ളവരും അധികാരകേന്ദ്രങ്ങളുമായി അടുത്ത് ബന്ധങ്ങളുള്ളവരുമാണ്. രണ്ട് മാസം മുമ്പാണ് തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ഒരു കണ്ടെയ്‌നര്‍ നിറയെ മയക്കുമരുന്ന് പിടിച്ചത്. ഇത് ആരാണ് കേരളത്തിലേക്ക് കടത്തിയത് എന്നൊന്നുമുള്ള വിവരങ്ങള്‍ പിന്നീട് എവിടെയും കണ്ടതുമില്ല. ഒരു കണ്ടെയ്‌നര്‍ നിറയെ മയക്കുമരുന്നുമായി കേരളത്തിന്റെ തലസ്ഥാനത്തേക്ക് എത്തണമെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചര്‍ വന്‍ സാമ്പത്തികശേഷിയും സ്വാധീനശേഷിയും ഉള്ളവരായിരിക്കും എന്നത് വ്യക്തമാണ്. 

ഇതുപോലെ തന്നെ കൊച്ചിയുടെ പല ഭാഗങ്ങളിലും മയക്കുമരുന്ന് പിടിക്കപ്പെടുന്നുണ്ട്. ഇവിടെ എത്തപ്പെടുന്ന മയക്കുമരുന്നിന്റെ ഒരു ശതമാനം പോലും പിടിച്ചെടുക്കപ്പെടുന്നില്ല എന്നാണ് നിരീക്ഷകര്‍ പറയുന്നത്. പോലീസ് സേനയിലെ അംഗങ്ങള്‍ പലപ്പോഴും ഇത് തുറന്നു സമ്മതിക്കാറുമുണ്ട്. 

കേരളത്തില്‍ കുട്ടികളുടെ ഇടയില്‍ അക്രമസ്വഭാവങ്ങള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ കളമശ്ശേരിയിലുണ്ടായ കുട്ടികളുടെ സംഘട്ടനം അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊല്ലം കുണ്ടറയിലുണ്ടായ കുട്ടികളുടെ സംഘട്ടനം എല്ലാം നമ്മള്‍ കണ്ടതാണ്. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചും നഗരങ്ങള്‍ കേന്ദ്രീകരിച്ചും ഇപ്പോള്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ വളരെ വ്യാപകമായി രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് മദ്യവും മയക്കുമരുന്നും യഥേഷ്ടം കേരളത്തില്‍ ഒഴുകുന്നു എന്നാണ്. ചെറിയ കുട്ടികള്‍ക്ക് വരെ മയക്കുമരുന്ന് ലഭ്യമാകുന്നു. മിക്ക വീടുകളിലും മദ്യം ലഭ്യമായതിനാല്‍ കുഞ്ഞു കുട്ടികള്‍ മുതലുള്ളവര്‍ മദ്യം ഉപയോഗിച്ച് തുടങ്ങുന്നു. ഈ സാഹചര്യങ്ങളുടെ പ്രകടനം മാത്രമായിട്ടാണ് പല കുറ്റകൃത്യങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടാവുന്നതും. മയക്കുമരുന്നിന്റെ ലഭ്യതയെ കുറിച്ചും വ്യാപനത്തെ കുറിച്ചും ഇതുവരെയും മാധ്യമങ്ങളോ ബന്ധപ്പെട്ട അധികൃതരോ കാര്യമായ രീതിയില്‍ പഠനം നടത്തുന്നില്ല. ഒരുപക്ഷെ അതിന്റെ കാരണം മയക്കുമരുന്ന് ലോബിയുടെ പുറകില്‍ പ്രവര്‍ത്തിക്കുന്ന വന്‍ ശക്തികളാവാനും സാധ്യതയുണ്ട്. കാരണം എന്ത് തന്നെ ആയാലും മദ്യവും മയക്കുമരുന്നും കേരള ജീവിതത്തെ അസ്വസ്ഥമാക്കി കഴിഞ്ഞിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമായി ഓരോ മലയാളിയുടെ മുന്നിലും അവശേഷിക്കുന്നു.

Tags: