പ്രകടന പത്രിക തയ്യാറാക്കാന്‍ നടപടി തുടങ്ങി, മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസമുണ്ട്; മുഖ്യമന്ത്രി

Glint desk
Tue, 29-12-2020 01:11:49 PM ;

കഴിഞ്ഞ അഞ്ച് കൊല്ലത്തെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിനും എല്‍.ഡി.എഫിനും സംതൃപ്തിയും ആത്മവിശ്വാസവും ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രകടന പത്രിക തയ്യാറെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും മുഖ്യമന്ത്രി.  കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പ് ജനങ്ങളോട് സര്‍ക്കാര്‍ പറഞ്ഞ പ്രകടന പത്രികയില്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാക്കാനായെന്ന സംതൃപ്തി ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രകടന പത്രിക തയ്യാറാക്കാന്‍  നേരത്തെ സ്വീകരിച്ച മാര്‍ഗങ്ങള്‍ ഇതുപോലുള്ള യോഗങ്ങള്‍ ചേര്‍ന്ന് വിവിധ തുറകളിലുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കലാണ്. അതാണ് തുടന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. നവ കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ നാം പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ മുന്നോട്ട് കുതിക്കാനുള്ള ആത്മവിശ്വാസം എല്‍.ഡി.എഫിനും സര്‍ക്കാരിനും ഉണ്ട്. ആ വികസന കുതിപ്പിന് ദിശാബോധം നല്‍കാന്‍ ഇത്തരം കാഴ്ചപ്പാടുകള്‍ സഹായിക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു. 

സമൂഹത്തിന്റെ അഭിപ്രായങ്ങള്‍ മനസിലാക്കിയല്ലാതെ ഭാവികേരളത്തിന് വേണ്ട രൂപ രേഖ പൂര്‍ണതയില്‍ എത്തിക്കാനാകില്ല.  അത്തരം ഒരു പശ്ചാത്തലത്തിലാണ് എല്ലാ ജില്ലകളിലുമെത്തി വ്യത്യസ്ത മേഖലകളില്‍ ഉള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് സംവദിക്കാന്‍ തീരുമാനിച്ചത്.

Tags: