മറയ്ക്കാന്‍ കഴിയാതിരുന്നിട്ടും എന്തുകൊണ്ട് സത്യം പറഞ്ഞുകൂടാ?

Glint desk
Fri, 13-11-2020 07:03:09 PM ;

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധിയെടുക്കുകയും താല്‍ക്കാലിക ചുമതല എ.വിജയരാഘവനെ ഏല്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. ചികില്‍സാര്‍ത്ഥം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കാന്‍ അനുവദിക്കണമെന്നാണ് അദ്ദേഹം പാര്‍ട്ടിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിനും പൊതുസമൂഹത്തിനും വളരെ പ്രകടമായ വസ്തുതയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഈ ഒഴിഞ്ഞു നില്‍ക്കല്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് എന്നുള്ളത്. 

ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞുകൊണ്ട് മാറി നിന്നിരുന്നുവെങ്കില്‍ ഒരു പക്ഷെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ നേരിടുന്ന ഈ വേളയില്‍ സി.പി.എമ്മിന് പ്രസന്നമായ മുഖത്തോട് കൂടി മുന്നണിയെ നയിക്കാന്‍ കഴിയുമായിരുന്നു. കോടിയേരി ഒഴിഞ്ഞു നില്‍ക്കുന്നത് ചികില്‍സാര്‍ത്ഥമാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്ററും മറ്റ് സി.പി.എം നേതാക്കളും ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ബിനീഷ് കോടിയരി വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഏകദേശം ഒറ്റപ്പെട്ട അവസ്ഥയില്‍ എത്തിയിരുന്നുവെന്നും അതിന്റെ കടുത്ത പ്രതിഷേധത്തിന്റെ പ്രതിഫലനമെന്നോണമാണ് അദ്ദേഹം താല്‍ക്കാലികമായി ഒഴിഞ്ഞു നില്‍ക്കാന്‍ തീരുമാനിച്ചതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 

ചികില്‍സാര്‍ത്ഥമാണ് ഈ അവധിയെടുക്കുന്നത് എന്ന് വാദിക്കുന്ന നേതാക്കള്‍ സ്വയം ചോദിച്ചു നോക്കിയാല്‍ ബോധ്യമാവും അവര്‍ പറയുന്നത് കളവാണ് എന്ന്. എന്തുകൊണ്ട് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം സത്യം പറയാന്‍ ധൈര്യം പ്രകടമാക്കുന്നില്ല. നേരായ കാര്യം തുറന്ന് പറയാതെ ഇരിക്കുന്നതു കൊണ്ട് ജനങ്ങള്‍ സത്യാവസ്ഥ മനസ്സിലാക്കാതെ ഇരിക്കുന്നതുമില്ല. സത്യം മറച്ച് വയ്ക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം നാളെ എന്തെങ്കിലും ഒരു ആഹ്വാനം നടത്തുകയോ പ്രസ്താവന നടത്തുകയോ ചെയ്യുമ്പോള്‍ അതിനെ എങ്ങനെ ജനങ്ങള്‍ ഉള്‍ക്കൊള്ളും എന്നുള്ള ഒരു വലിയ ചോദ്യം ഉയരുന്നുണ്ട്. പാര്‍ട്ടി ഒരു സത്യവിരുദ്ധ പ്രസ്താവന നടത്തുന്നു എന്നതിന്റെ ഒരു ഉദാഹരണമായിട്ട് മാത്രമെ കോടിയേരി ചികില്‍സാര്‍ത്ഥം അവധിയെടുക്കുന്നു എന്നുള്ളതിനെ സമൂഹം സ്വീകരിക്കുകയുള്ളൂ. 

മകന്‍ ജയിലിലേക്ക് പോയതോടെ ഇനിയും സെക്രട്ടറി പദത്തില്‍ തുടരുന്നത് എല്ലാ ധാര്‍മ്മികതക്കും എതിരാവുമെന്ന ചിന്തയില്‍ കോടിയേരി തന്നെ എത്തിയിരിക്കണം. മാറിനില്‍ക്കേണ്ടത് അനിവാര്യമാണ് എന്ന് പൂര്‍ണ്ണബോധ്യമുള്ളത് കൊണ്ട് തന്നെയാണ് കോടിയേരിയുടെ ഈ പടിയിറക്കം. ആ മാറിനില്‍ക്കുന്നതിന്റെ വ്യക്തമായ കാരണം തുറന്ന് പറഞ്ഞിരുന്നുവെങ്കില്‍ അതിന്റെ പ്രതിച്ഛായ പാര്‍ട്ടിക്ക് ജനങ്ങളുടെ ഇടയില്‍ ഉണ്ടാകുമായിരുന്നു.

എത്ര തന്നെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും ബിനീഷ് കോടിയേരി ഇപ്പോള്‍ ജയിലില്‍ കഴിയുന്നത് എന്ത് കാരണങ്ങളുടെ പേരിലാണ് എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാത്രമല്ല അദ്ദേഹത്തിന്റെ ബിസിനസ്സുകളും ബന്ധങ്ങളും എല്ലാം പലരുടേയും വെളിപ്പെടുത്തലിലൂടെ കേരള സമൂഹത്തിന്റെ മുന്നിലുണ്ട്. ബിനീഷ് കോടിയേരി ഇത്തരമൊരു സാഹചര്യത്തിലേക്ക് മാറിയതിന് കോടിയേരി ബാലകൃഷ്ണന്‍ എന്ന പാര്‍ട്ടി നേതാവിന്റെ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നുള്ളതും ആര്‍ക്കും നിഷ്പ്രയാസം മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനാല്‍ തന്നെ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് ഒരു വ്യക്തിയെ മാത്രം ബാധിക്കുന്നതാണ് എന്ന രീതിയില്‍ തള്ളിക്കളയാനും സാധിക്കുന്നതല്ല. പാര്‍ട്ടിയുടെ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയുടെ മകനും രണ്ട് വ്യക്തികളാണെന്ന് ന്യായീകരിച്ച് പോകാവുന്ന ഘട്ടവും കഴിഞ്ഞു. ഇക്കാര്യങ്ങള്‍ കൊണ്ടാവാം ഒരുപക്ഷെ കോടിയേരി ബാലകൃഷ്ണന്‍ ഈ തിരഞ്ഞെടുപ്പ് വേളയില്‍ മാറി നില്‍ക്കാന്‍ തയ്യാറായത്.  

ഇവിടെയെല്ലാം പാര്‍ട്ടി അപജയത്തില്‍ നിന്ന് അപജയത്തിലേക്ക് കൂപ്പു കുത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. കാരണം അവശേഷിക്കുന്ന വിശ്വാസ്യതയെ പോലും ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്ന് പറയാതിരിക്കാനാവില്ല. ഒരു സമൂഹത്തിന് മുഴുവന്‍ ബോധ്യമായ വിഷയത്തില്‍ നേര് പറയാതെ അതിനെ മറച്ചുവച്ച് മറ്റൊരു കാരണം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അവധിയിലേക്ക് പ്രവേശിച്ചിരിക്കുന്നത്.

Tags: