നയതന്ത്ര പാഴ്സല്‍ വഴി മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ ഹാജരായത്. ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യം ചെയ്യലിനു പിന്നാലെ എന്‍ഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്.
ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍.ഐ.എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചു കൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.
അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നു എന്നതിന്റെ പേരില്‍ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്.