സംസ്ഥാനത്ത് കനത്ത മഴയും കാറ്റും: മലബാറില്‍ കനത്ത നാശനഷ്ടം

Glint Desk
Thu, 06-08-2020 02:39:06 PM ;

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വഞ്ചി മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടില്‍ കുറിച്യര്‍മലയില്‍ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് വെങ്ങാത്തോട് കോളനിയില്‍ അഞ്ച് വയസുകാരി ഉണ്ണിമായയും മരം വീണ് വാളാട് ആറ് വയസുകാരി ജ്യോതികയുമാണ് മരിച്ചത്. മലപ്പുറം എടവണ്ണ പത്തപ്പിരിയം കലന്തിയില്‍ കോളനിയിലെ സാബുവിനെ തോട്ടില്‍ മരിച്ചനിലയിലും കൂട്ടായിയില്‍ കടലില്‍ വള്ളംമുങ്ങി കാണാതായ സിദ്ദിഖിന്റെ മൃതദേഹം എറണാകുളം എളങ്കുന്നപ്പുഴയിലും കണ്ടെത്തി. 

ഇടുക്കി, വയനാട് ജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ സ്ഥലങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റാന്‍ ജില്ലാഭരണകൂടങ്ങളോടു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി.

Tags: