Skip to main content

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍ കത്തയച്ചു. നിയമം വെള്ളാപ്പള്ളിക്കും ബാധകമാണെന്ന് ഉറപ്പാക്കണമെന്നും വെള്ളാപ്പള്ളി നടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശന്റെ കുറിപ്പുകളും അനുബന്ധരേഖകളുമെന്നും കത്തില്‍ പറയുന്നുണ്ട്. മഹേശന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്ത്;

പ്രിയപ്പെട്ട മുഖ്യമന്ത്രി,

എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയും ദേവസ്വം ഖജാന്‍ജിയും മൈക്രോഫിനാന്‍സിന്റെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്‍ സ്വയം ജീവനൊടുക്കിയ അതീവ ദുഃഖകരമായ സംഭവം ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ.

മഹേശനെ ജീവത്യാഗത്തിലേയ്ക്ക് എത്തിക്കുന്നതിനുത്തരവാദികളായ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിച്ചുകൊണ്ട് മഹേശന്റെ സഹധര്‍മ്മിണി ഉഷാദേവി ബഹു.മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു.

ഇക്കാര്യത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന പൊലീസ് അന്വേഷണത്തില്‍ മഹേശന്റെ കുടുംബത്തിന് വിശ്വാസമില്ലെന്ന് കുടുംബാംഗങ്ങള്‍തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രീ.വെള്ളാപ്പള്ളിനടേശനും കൂട്ടരുമാണ് തന്നെ മരണത്തിലേയ്ക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് മഹേശന്റെ കുറിപ്പുകളും അനുബന്ധരേഖകളും.

മഹത്തായ എസ്.എന്‍.ഡി.പി. യോഗത്തിന്റെ തലപ്പത്തിരുന്ന് ഗുരുവചനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ഭരണകൂടങ്ങളെ സ്വാധിനിച്ച് തന്‍കാര്യം നേടുകയും ചെയ്തുവരുന്ന വെള്ളാപ്പള്ളിയ്ക്കെതിരെ വന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെയും സംസ്ഥാന പൊലീസിന്റെയും നടപടികളൊക്കെ മുങ്ങിപ്പോകുകയാണുണ്ടായിട്ടുള്ളത്. ബഹു.ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ഒരു കേസില്‍ അദ്ദേഹം ചോദ്യംചെയ്യപ്പെട്ടതുമാത്രമാണ് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ളത്. സംസ്ഥാന പൊലീസിലെ പലഉന്നതഉദ്യോഗസ്ഥരുംതന്നെ വെള്ളാപ്പള്ളിയുടെ സ്വാധീനവലയത്തിലാണെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തില്‍ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അന്വേഷണത്തില്‍ മഹേശന്റെ കുടുംബാംഗങ്ങള്‍ക്ക് വിശ്വാസമില്ലാതാകുന്നത് തികച്ചും സ്വാഭാവികമാണ്.

അതുകൊണ്ട് കേരളാപോലീസിലെ സത്യസന്ധരും കാര്യക്ഷമതയുള്ളവരുമായി ട്രാക്ക് റെക്കോര്‍ഡുള്ള ഉന്നതപൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന ഒരു സ്പെഷ്യല്‍ടീമിനെ അന്വേഷണത്തിന് നിയോഗിക്കണമെന്ന് താല്‍പര്യപ്പെടുന്നു.

നിയമം നടപ്പാക്കണം, നിയമം ശ്രീ.വെള്ളാപ്പള്ളി നടേശനും ബാധകമാണെന്ന് ഉറപ്പുവരുത്തണം.

മഹേശന്റെ കുടുംബത്തിന് നീതി നല്‍കാനുള്ള സര്‍വ്വനടപടികളും ബഹു.മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി