മഹേശനും സുഭാഷ് വാസുവും പണത്തട്ടിപ്പ് നടത്തി; എന്‍.ഡി.എ. യോഗത്തില്‍ തുഷാര്‍

എസ്.ഡി വേണുകുമാര്‍
Mon, 29-06-2020 03:02:12 PM ;

Thushar

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യയെ സംബന്ധിച്ച് എന്‍.ഡി.എ. യോഗത്തില്‍ വിശദീകരമവുമായി ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി.യുടെ മൈക്രോഫിനാന്‍സ് സംസ്ഥാന കോ ഓര്‍ഡിനേറ്ററായിരുന്ന മഹേശന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ഇതിന്റെ പേരില്‍ അറസ്റ്റ് ഭയന്നാണ് ആത്മഹത്യയെന്നുമാണ് തുഷാര്‍ പറഞ്ഞത്.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന എന്‍.ഡി.എ. യോഗത്തില്‍ സ്വമേധയാ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും പത്ത് മിനിട്ട് അനുവദിക്കണമെന്നും പറഞ്ഞാണ് എന്‍ഡി.എ. കണ്‍വീനര്‍ കൂടിയായ തുഷാര്‍ സംസാരിക്കാന്‍ തുടങ്ങിയത്. മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ദൂരീകരിക്കുവാനായിട്ടാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഡി.ജെ.എസ്. സ്ംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിക്ക് പങ്കുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഈ വിശദീകരണംകടപ്പുറത്ത് മീന്‍പെറുക്കി ഉണക്കി വിറ്റു നടന്ന മഹേശനെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയത് തങ്ങളാണ്. മോനേ എന്നാണ് തന്നെ വിളിച്ചിരുന്നത്. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പ്രശ്‌നങ്ങളാണ് മഹേശനെ പ്രശ്‌നത്തിലാക്കിയത്. ഇത് പരിഹരിക്കാന്‍ സഹായിക്കാമെന്ന് തങ്ങള്‍ ഉറപ്പു നല്‍കിയരുന്നതുമാണ്. 

മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്‍ മുന്‍ പ്രസിഡന്റും ബി.ഡി.ജെ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന സുഭാഷ് വാസുവിനെതിരെയും തുഷാര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി. മാവേലിക്കര വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിംഗ് കോളേജില്‍ 29 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പ്രധാന ആരോപണം. തന്റെ കള്ള ഒപ്പിട്ട് എടുത്ത വായ്പ തിരിച്ചടക്കാത്തതും ഇതില്‍പ്പെടും. സുഭാഷിനെയും തങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡംഗവും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനുമാക്കി. എന്നിട്ടും തിരിഞ്ഞു കുത്തി. ഇപ്പോള്‍ അയാള്‍ തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയാണെന്നും തുഷാര്‍ പറഞ്ഞു.സുഭാഷിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവപ്പെട്ടു. 

എപ്പോഴും വലിയ തിരക്കു നടിച്ച് എന്‍ഡി.എ. യോഗത്തിലെത്തി പത്ത് മിനിട്ട് കൊണ്ട് സ്ഥലം കാലിയാക്കി പോകാറുള്ളതില്‍ നിന്ന് വ്യത്യസ്തനായിരുന്നു വെള്ളിയാഴ്ച കണ്ട തുഷാര്‍ എന്ന് ഘടകകക്ഷി നേതാക്കള്‍ പറഞ്ഞു. സാധാരണ ചെറിയ ഘടകകക്ഷ നേതാക്കളെ ഗൗനിക്കാറു പോലുമില്ലാതിരുന്ന എന്‍.ഡി.എ. കണ്‍വീനര്‍, കഴിഞ്ഞ ദിവസം ഓരോരുത്തരേയും കണ്ട് കുശലം പറഞ്ഞ് മുഴുവന്‍ സമയവും യോഗത്തില്‍ സംബന്ധിച്ചു. യോഗാനന്തരം എല്ലാവരോടുമൊപ്പം ഭക്ഷണം കഴിച്ച് ഏറെ കഴിഞ്ഞാണ് മടങ്ങിയതും.

 

Tags: