Skip to main content

സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ട്, മലപ്പുറം പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട്, കണ്ണൂര്‍ ഒന്ന്, തൃശ്ശൂര്‍ ഒന്ന് എന്നിങ്ങനെയാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയത്. ലൈസന്‍സ് ഫീസ് അടച്ചത് ഏപ്രില്‍ മാസത്തിലാണെന്നും മാര്‍ച്ച് 10നാണ് തൃശ്ശൂരിലെ ബാറിന് അനുമതി നല്‍കിയതെന്നും അതിന് ശേഷം ഒരു ബാറിന് പോലും അനുമതി നല്‍കിയിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് വിശദീകരിച്ചു. 

നേരത്തെ സമര്‍പ്പിച്ച അപേക്ഷകള്‍ പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും കൊറോണ കാലത്ത് ബാര്‍ ലൈസന്‍സ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടയ്‌ക്കേണ്ട ലൈസന്‍സ് ഫീസ് കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു.

ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന ഇടത് മുന്നണിയുടെ നയപരമായ നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ് ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത്. പുതുതായി അനുവദിച്ച ബാറുകള്‍ ലോക്ക്ഡൗണിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കും.