ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ഒരു മാസത്തിനകം പൊതുപരിപാടികളില്‍ സജീവമാകുമെന്നും വി.എസ്.അച്യുതാനന്ദന്‍. ഫെയ്‌സ്ബുക്കിലാണ് വി.എസിന്റെ സന്ദേശം. കൊവിഡ് 19 വ്യാപനത്തിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വി.എസ് കുറിപ്പില്‍ പറയുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം അദ്ദേഹം കുറച്ചു നാളുകളായി പൊതുരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
വി.എസിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
പ്രിയമുള്ളവരെ,
കുറേയേറെ ദിവസങ്ങളായി ആരോഗ്യപരമായ കാരണങ്ങളാല്‍ എനിക്ക് നിങ്ങളുമായി ആശയവിനിമയം നടത്താനോ പൊതുചടങ്ങുകളില്‍ പങ്കെടുക്കാനോ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനകം പൊതുപരിപാടികളില്‍ പങ്കെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടിനെ നടുക്കിയ കൊറോണവൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടാവും എന്ന് കരുതുന്നു. കൂട്ടു ചേരലിലും സന്ദര്‍ശനങ്ങളിലും മിതത്വം പാലിക്കുക, വ്യക്തി ശുചിത്വം പാലിക്കുക എന്നീ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. ആരോഗ്യ വിദഗ്ദരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിലൂടെ ഈ മഹാമാരിയെ നമുക്ക് ഒരുമിച്ച് നേരിടാനാവുമെന്ന് ആശിക്കുന്നു.