Skip to main content

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി കോച്ചിങ് സെന്ററുകളില്‍ ക്രമക്കേട് നടക്കുന്നു എന്ന ആരോപണത്തില്‍ അന്വേഷണം തുടങ്ങി. വിജിലന്‍സാണ് അന്വേഷണം നടത്തുന്നത്. തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് സ്ഥാപനങ്ങളെ കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടത്തുക. 

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലിന് പി.എസ്.സി സെക്രട്ടറി കത്ത് നല്‍കിയിരുന്നു. ഈ കത്ത് പൊതുഭരണ വകുപ്പ് സെക്രട്ടറി വിജിലന്‍സിന് കൈമാറുകയും ചെയ്തിരുന്നു.

സര്‍ക്കാര്‍ സര്‍വീസിലിരുന്ന് പി.എസ്.സി കോച്ചിംഗ് സെന്റര്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ ചോദ്യപ്പേപ്പര്‍ ചോര്‍ത്തി പരീക്ഷാ ക്രമക്കേട് നടത്തുന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. സെക്രട്ടേറിയറ്റ് പൊതുഭരണവകുപ്പിലെ അസിസ്റ്റന്റ് തസ്തികയില്‍ ജോലിനോക്കുന്ന രണ്ടു പേര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. 

തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡില്‍ ഇരുവരും രണ്ട് കോച്ചിംഗ് സെന്ററുകള്‍ നടത്തുന്നുണ്ട്.ഈ രണ്ടു സ്ഥാപനങ്ങളേയും മേധാവികളേയും പരാമര്‍ശിച്ചുകൊണ്ട് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി ചെയര്‍മാന് നല്‍കിയ പരാതിയിന്മേലാണ് അന്വേഷണം.